മിച്ചഭൂമിയെന്ന് കണ്ടെത്തിയ 66.64 ഏക്കർ ഏറ്റെടുക്കാൻ അതിവേഗ നീക്കം; ബാധിക്കുന്നത് രണ്ടായിരത്തോളം പേരെ

Mail This Article
വൈക്കം ∙ താലൂക്കിലെ വടയാർ, കുലശേഖരമംഗലം വില്ലേജുകളിലായി മിച്ചഭൂമിയെന്ന് കണ്ടെത്തിയ 66.64 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അതിവേഗം നീക്കം തുടങ്ങി. ഭൂമി ഏറ്റെടുത്തെന്ന് രേഖപ്പെടുത്തി പലയിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി. വടയാറിൽ മാത്രം 270 വീടുകളെ തീരുമാനം ബാധിക്കുമെന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. 21 സർവേ നമ്പറുകളിലായുള്ള ഈ ഭൂമിയിൽ സർക്കാർ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുണ്ട്. ആയിരത്തിലേറെ പ്ലോട്ടുകളായി ഭൂമി തിരിച്ചിട്ടുള്ളതായാണ് പ്രാഥമിക വിവരം.
ഭൂമി വിനിയോഗം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വില്ലേജുകളിൽ റവന്യു വകുപ്പ് തയാറാക്കിയിട്ടുണ്ട്. ആദ്യകാല ഭൂവുടമയായ കൊല്ലംപറമ്പിൽ ഔസേപ്പ് മാത്യുവിന്റെ പേരിലും അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ എക്സിക്യൂട്ടഡ് ട്രസ്റ്റി വി.ജെ.പാപ്പുവിന്റെ പേരിലുമുള്ള സ്ഥലങ്ങളാണ് ആദ്യഘട്ടത്തിൽ ഏറ്റെടുത്ത് ബോർഡുകൾ സ്ഥാപിക്കുന്നത്. ഇതിനു പിന്നാലെ സർവേ നമ്പർ പ്രകാരമുള്ള മറ്റു സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി നോട്ടിസ് നൽകും. ഈ പരിശോധനയ്ക്ക് ശേഷമേ കെട്ടിടങ്ങൾ, വീടുകൾ തുടങ്ങിയവയുടെ എണ്ണത്തിൽ വ്യക്തത ലഭിക്കൂ. വൈക്കം താലൂക്ക് ലാൻഡ് ബോർഡിന്റെ അനുകൂല ഉത്തരവ് ഈ മാസം 9ന് ലഭിച്ചതിന് പിന്നാലെയാണ് നടപടി.
ബാധിക്കുന്നത് രണ്ടായിരത്തോളം പേരെ
മിച്ചഭൂമി പ്രശ്നം നേരിട്ട് ബാധിക്കുന്നത് രണ്ടായിരത്തോളം ആളുകളെ. ഏറ്റെടുക്കൽ ആരംഭിച്ച 66.64 ഏക്കർ ആയിരത്തലധികം പ്ലോട്ടുകളായി മുറിച്ചിട്ടുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ താമസക്കാരിൽ ഭൂരിഭാഗം ആളുകൾക്കും ഏറ്റെടുക്കുന്നതിൽ തങ്ങളുടെ ഭൂമി ഉൾപ്പെടുമോ എന്നതിൽ വ്യക്തതയില്ല. ഭൂവുടമകളിൽനിന്ന് നിയമ നടപടി വൈകുന്നതിന് കാരണം ഈ അവ്യക്തതയാണ്. അടുത്ത ദിവസങ്ങളിൽ വില്ലേജിൽനിന്ന് നോട്ടിസ് ലഭിക്കുന്നതോടെ കൂടുതൽ പരാതികൾ വന്നേക്കും.
നിലവിലെ താമസക്കാരെ പരമാവധി സംരക്ഷിച്ചാവും നടപടിയെന്നു റവന്യു വകുപ്പു പറയുന്നു. മിച്ചഭൂമിയെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി അടക്കം സർക്കാർ സ്ഥാപനങ്ങളെയും റോഡുകളെയും സർക്കാർ നിയന്ത്രിത മിച്ചഭൂമിയായി പരിഗണിക്കും. പഴയ രേഖകൾക്കൊപ്പം റീസർവേ വിവരങ്ങളും പരിഗണിക്കും. മിച്ചഭൂമിയായി പരിഗണിക്കുന്നു എന്നത് റജിസ്ട്രേഷൻ തടയുന്നതിന് കാരണമായി പറയാനാകില്ലെന്നും അതിനാൽ സ്ഥലം മുൻപ് കൈമാറ്റം ചെയ്തതിൽ വകുപ്പിനെ കുറ്റപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആധാരം അടക്കം എല്ലാ രേഖകളും കൈവശമുണ്ടായിട്ടും തെരുവിലേക്കിറങ്ങേണ്ട ഗതികേടിലാണ് ജനം.
മിച്ചഭൂമിയായത് എങ്ങനെ?
52 വർഷം പഴക്കമുള്ള കേസിലാണ് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് വന്നത്. ആദ്യകാല ഭൂവുടമയായ കൊല്ലംപറമ്പിൽ ഔസേപ്പ് മാത്യുവിന്റെ കൈവശമുണ്ടായിരുന്ന 70.85 ഏക്കർ ഭൂമിയിലാണ് നടപടി. എറണാകുളം ഇളംകുളം വില്ലേജിലെ 4 ഏക്കറിലധികം ഭൂമിയും ഇതിൽ ഉൾപ്പെടും. ഭൂപരിഷ്കരണ നിയമപ്രകാരം 1973ൽ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചപ്പോൾ 55.72 ഏക്കർ റബർ പ്ലാന്റേഷൻ ഭൂമിയാണെന്ന് കാണിച്ച് അദ്ദേഹം ഇളവിന് അപേക്ഷിച്ചിരുന്നു. അവിവാഹിതൻ ആയതിനാൽ 6 ഏക്കർ ഭൂമിക്ക് കൂടി അദ്ദേഹത്തിന് അവകാശം ഉണ്ടായിരുന്നു.
ഇതിനിടെ, 1979ൽ അദ്ദേഹം മരിക്കുകയും വിൽപത്രത്തിലെ നിർദേശപ്രകാരം എക്സിക്യൂട്ടട് ട്രസ്റ്റി വി.ജെ.പാപ്പുവിനെ സ്വത്തുക്കളുടെ അധികാരം ഹൈക്കോടതി ഏൽപിക്കുകയും ചെയ്തു. 2022ൽ 6 ഏക്കർ ഭൂമി അടയാളപ്പെടുത്തി നൽകാൻ റവന്യു വകുപ്പ് ശ്രമിച്ചപ്പോഴാണ് മിച്ചഭൂമി ഏറ്റെടുത്തിട്ടില്ലെന്നും പ്ലാന്റേഷൻ ഭൂമി തരംമാറ്റി ഉപയോഗിക്കുന്നതായും പ്ലോട്ടുകളായി വിറ്റതായും ശ്രദ്ധയിൽപെട്ടത്. നിയമലംഘനം നടന്നതായി സ്ഥിരീകരിച്ചതോടെ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കുകയായിരുന്നു.
നിയമക്കുരുക്ക്
ഏറ്റെടുക്കുന്നതിൽ വടയാർ വില്ലേജ് പരിധിയിലാണ് വീടുകൾ കൂടുതലുള്ളത്. 55.72 ഏക്കർ റബർ പ്ലാന്റേഷൻ ഭൂമി തരംമാറ്റി നിർമിച്ച വീടുകളാണ് ഇവയെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഭൂരിഭാഗം സ്ഥലത്തിനും ലോണുണ്ട്. അവയുടെ കാര്യത്തിലും സ്ഥലം കൈമാറ്റത്തിലും ഇനി തടസ്സമുണ്ടാകും. സമീപകാലത്ത് ഈ സർവേ നമ്പറുകളിൽ ഭൂമി കൈമാറ്റം നടന്നപ്പോൾ മിച്ചഭൂമിയായേക്കാം എന്ന സൂചന രേഖാമൂലം വില്ലേജ് ഓഫിസർമാർ നൽകിയിരുന്നു. ഭൂവുടമകൾ കോടതിയെ സമീപിച്ചാൽ നിയമക്കുരുക്കു മുറുകും.
എന്താണ് ചെയ്യാനാകുക?
റവന്യു വകുപ്പിൽനിന്നു കത്തു ലഭിച്ചാൽ ഉടൻ സ്ഥലം സംബന്ധിച്ച എല്ലാ രേഖകളുമായി വില്ലേജ് ഓഫിസിലെത്തി അപേക്ഷ നൽകണം. 1970 ജനുവരി ഒന്നിനും 2006 ജൂൺ 18നും ഇടയിൽ ആധാരം ചെയ്തവർക്കാണ് ഈ ആനുകൂല്യം. ആധാരക്കൈമാറ്റം ഇക്കാലയളവിന് ഉള്ളിലാണ് നടന്നതെന്ന് തെളിയിക്കേണ്ടത് അപേക്ഷകനാണ്. ഫോം 7 ഇ പ്രകാരമാണ് അപേക്ഷ നൽകേണ്ടത്.