ADVERTISEMENT

പനക്കപ്പറമ്പ് അലി മുഹമ്മദ് ഇക്ബാൽ എന്ന പി.എ. മുഹമ്മദ് ഇക്ബാൽ (74) കോട്ടയത്തിന്റെ സമ്പന്നമായ ബാസ്കറ്റ്ബോൾ ചരിത്രത്തിലെ സുവർണ കാലഘട്ടത്തിന്റെ പ്രതിനിധാനം. ഉയരക്കാരുടെ കളിയിൽ ഉയരങ്ങൾ കീഴടക്കിയ രാജ്യാന്തര ബാസ്കറ്റ്ബോൾ താരം. കോട്ടയം ജമീലാ മൻസിലിൽ ഇസ്മായിലിന്റെയും സുഹ്റാ ബീവിയുടെയും മകനായി 1951 ജൂൺ 22നാണ് ജനനം. നെസ്‌റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറായിരുന്നു. ഭാര്യ ആലുവ മാനാടത്ത് റാബിയ. മക്കൾ ടീന (അബുദാബി), ആസിഫ് (എക്സ്‌പഡൈറ്റേഴ്സ്, കൊച്ചി). മരുമക്കൾ: സൂരജ് (അബുദാബി), ഐഷ.

1969 ൽ കേരള സർവ്വകലാശാലാ ബാസ്‌കറ്റ്ബോൾ കിരീടം നേടിയ ബസേലിയോസ് കോളേജ് ടീം.
1969ൽ കേരള സർവകലാശാലാ ബാസ്‌കറ്റ്ബോൾ കിരീടം നേടിയ ബസേലിയസ് കോളജ് ടീം.

ബാസ്കറ്റ്ബോൾ ചരിത്രം
ദീർഘചതുരാകൃതിയിലുള്ള കളിക്കളത്തിന്റെ രണ്ടറ്റത്തും പത്തടി മുകളിലായി സ്ഥാപിച്ചിരിക്കുന്ന ചതുരബോർഡിലെ വളയത്തിനുള്ളിൽ പന്തെത്തിക്കാൻ അഞ്ചുപേർ വീതമുള്ള രണ്ടു ടീമുകൾ, മത്സരിച്ച് കൂടുതൽ പോയിന്റു നേടുന്ന ടീം ജയിക്കുന്ന കൊട്ടപ്പന്തുകളി. വളയത്തിനു താഴെ വല ഉള്ളതിനാൽ ബാസ്കറ്റ്ബോൾ എന്നു പേരുവന്ന കളി. ലോകത്തിലെ ഏറ്റവും ജനകീയമായ കായിക വിനോദങ്ങളിലൊന്നാണിത്.

ഇക്‌ബാൽ ത്രീ പോയിന്റ് ഷോട്ടുകൾ ഇല്ലാത്ത ബാസ്കറ്റ്ബോൾ കളിക്കാലത്തിന്റെ ഓർമ കൂടിയാണ്. ഡെട്രോയിറ്റ് പിസ്റ്റൺസിനും ബോസ്റ്റൺ സെൽറ്റിക്‌സിനുമായി കളിച്ചിട്ടുള്ള ക്രിസ് ബോർഡാണ് ചരിത്രത്തിലാദ്യം ത്രീ പോയിന്റ് ഷോട്ട് നേടിയ കളിക്കാരൻ. 1979-80 സീസണിൽ ദേശീയ മത്സരത്തിൽ (എൻബിഎ) ബാസ്കറ്റിൽനിന്നും ഏതാണ്ട് 6.25 മീറ്റർ അകലെ ത്രീ പോയിന്റ് മേഖലയിൽനിന്നും ബാസ്കറ്റ് ചെയ്ത അമേരിക്കൻ ഇതിഹാസതാരം.

1971 ൽ കേരള സർവ്വകലാശാലാ ബാസ്‌കറ്റ്ബോൾ കിരീടം നേടിയ ബസേലിയോസ് കോളേജ് ടീം
1971ൽ കേരള സർവകലാശാലാ ബാസ്‌കറ്റ്ബോൾ കിരീടം നേടിയ ബസേലിയസ് കോളജ് ടീം.

കേരളത്തിലെ ബാസ്കറ്റ്ബോൾ കളിയുടെ ചരിത്രം കോട്ടയം വലിയങ്ങാടിയിൽ സി.ഒ.കോരയും കൂട്ടുകാരും 1926 സ്ഥാപിച്ച കോർട്ടിൽനിന്നു തുടങ്ങുന്നു. ആ ചരിത്രത്തിൽ കോട്ടയത്തിന് എന്നും മുന്തിയ ഒരിടം ഉണ്ടായിരുന്നു. മദ്രാസ് ഫിസിക്കൽ എജ്യൂക്കേഷൻ കോളജ് പ്രിൻസിപ്പൽ കോട്ടയം ചക്കാലയിൽ സി.സി.എബ്രഹാം ആയിരുന്നു 1951ൽ ഇന്ത്യൻ ബാസ്കറ്റ്ബോൾ ഫെഡറേഷന്റെ പ്രഥമ പ്രസിഡന്റ്. 1958 വരെ കേരള ബാസ്കറ്റ്ബോൾ ടീമിന്റെ ഭൂരിഭാഗവും കോട്ടയംകാരായിരുന്നു.

കോട്ടയം മള്ളൂശേരി സ്വദേശിയായ പി.എം.തോമസും വേങ്കടത്ത് എ.മാത്യൂസും കരോട്ട് കെ.സി.തോമസും എം.പി.ഏബ്രഹാമും അണിനിരന്ന കേരള ബാസ്‌കറ്റ്‌ബോളിന്റെ ആദ്യകാല കഥകൾ ‘കേരളം കായികചരിത്രം’ എന്ന റഫറൻസ് ഗ്രന്ഥത്തിലുണ്ട്. പി.എം.തോമസ് എന്ന ബോൾ ഹാൻഡ്‌ലർ കോട്ടയം എംടി സെമിനാരി സ്കൂളിലെയും വൈഎംസിഎയിലൂടെയും കളിക്കളത്തിലെത്തി കേരളത്തിലെ ബാസ്കറ്റ്ബോൾ കളിയുടെ നെടുംതൂണും തിരുവിതാംകൂർ, തിരു-കൊച്ചി, കേരള ബാസ്കറ്റ്ബോൾ ടീമുകളുടെ നായകനുമായി. പി.എം.തോമസിനൊപ്പം പൂകടിയിൽ പി.ജെ.ഐപ്പും പി.ജെ.മാത്തനും ചക്കാലയിൽ ടി.സി.കുര്യനും പൂത്തറ ഐസക്കും വില്ലി ഐസക്കും സാമുവേൽ ഐസക്കും അക്കാലത്ത് സംസ്ഥാന ടീമിൽ കളിച്ചവരാണ്. 1930കൾ മുതൽ കോട്ടയത്തെ എംടി സെമിനാരി, എംഡി സെമിനാരി സ്കൂളുകളും കോട്ടയം വൈഎംസിഎയും ഈ കളിയുടെ വളർച്ചയിൽ വലിയ സംഭാവന നൽകി. ഇന്നത്തെ വൈഎംസിഎ ഷോപ്പിങ് കോംപ്ലക്സ് ഇരിക്കുന്നിടത്തായിരുന്നു കോട്ടയം നഗരത്തിലെ ആദ്യ ബാസ്കറ്റ്ബോൾ കോർട്ട്.

ഇക്‌ബാൽ ഇടത്തെ അറ്റം (1970 ലെ ഫോട്ടോ)
മുഹമ്മദ് ഇക്‌ബാൽ (ഇടത്തെ അറ്റം) (1970ലെ ചിത്രം).

1951-ൽ കെ.ഇ.ഈപ്പൻ പ്രസിഡന്റും കെ.പരമേശ്വരപിള്ള സെക്രട്ടറിയുമായി തിരുവിതാംകൂർ - കൊച്ചി ബാസ്‌കറ്റ്ബോൾ അസോസിയേഷൻ രൂപമെടുത്തു. 1945 ൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് കോട്ടയത്ത് ആരംഭിക്കുന്നു. 1952 തിരുക്കൊച്ചി ടീമിനുവേണ്ടി കളിച്ച ജോസഫ് സാമും മദ്രാസിനുവേണ്ടി കളിച്ച കെ.ജി.അലക്സും പാക്കിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ ടീമിൽ അംഗമായി. ഇവരായിരുന്നു ഇന്ത്യൻ ബാസ്‌കറ്റ്ബോൾ കുപ്പായമണിയുന്ന ആദ്യ കോട്ടയംകാർ.

അലി മുഹമ്മദ് ഇക്ബാൽ
എംടി സെമിനാരി സ്കൂളിലൂടെ കളിക്കളത്തിലെത്തി വൈഎംസിഎലൂടെ വളർന്ന് കോട്ടയം ബസേലിയസ് കോളജിലൂടെ ജില്ലാ, സംസ്ഥാന ദേശീയ ബാസ്‌കറ്റ്ബോൾ രംഗത്ത് സ്വന്തം പേരിനൊപ്പം നാടിന്റെയും ദേശത്തിന്റെയും യശസ്സുയർത്തിയ ആറടി മുന്നിഞ്ചുകാരൻ. എംടി സ്കൂളിൽ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഈ ഉയരക്കാരന്റെ വേറിട്ട കഴിവുകൾ എല്ലാവരും ഇഷ്ടപ്പെടുന്ന കൂട്ടുകാരനാക്കി. ക്ലാസുകഴിഞ്ഞു കടുവാതൊണ്ടിലൂടെ നടന്നുവരുമ്പോൾ നാട്ടുമാവിലെ കണ്ണിമാങ്ങാ ഉന്നംതെറ്റാതെ എറിഞ്ഞു വീഴ്ത്താനുള്ള കഴിവിൽ കൂട്ടുകാർ അദ്ഭുതപ്പെട്ടു. ഞെട്ടറ്റുവീഴുന്ന മാങ്ങകൾ ഈ ഉയരക്കാരൻ ഉയർന്നുചാടി കൈകുമ്പിളിലാക്കി കൃത്യമായി കൂട്ടുകാർക്കെല്ലാം പങ്കിടുമായിരുന്നു. കുട്ടിക്കാലത്തെ ഈ ഏകാഗ്രതയും കൃത്യതയും പിൽക്കാലത്ത് കളിക്കളത്തിലെ കളിമികവായി കാലത്തിനൊപ്പം പരിണമിക്കുകയായിരുന്നു. തമ്പാൻ തോമസും ഇക്‌ബാലും സ്കൂൾ ടീമിൽ ഒരുമിച്ച് കളിച്ചവരായിരുന്നു.

‌‌‌‌മുഹമ്മദ് ഇക്ബാൽ
‌‌‌‌മുഹമ്മദ് ഇക്ബാൽ

അറുപതുകളിൽത്തന്നെ കോട്ടയം ജില്ലാ ടീമിലെത്തി. 1967 ൽ തലശ്ശേരി സ്റ്റേറ്റ് മീറ്റിലും 1968ൽ കൊല്ലം മീറ്റിലും ജില്ലാ ബോയ്സ് / മെൻസ് ടീമുകളിൽ അംഗമായി. 1969, 71 വർഷങ്ങളിൽ കോട്ടയം ബസേലിയസ് കോളജ് അന്തർ സർവകലാശാല കിരീടം ചൂടിയത് ഇഖ്ബാലിന്റെ കൂടി കളി മികവിലായിരുന്നു. ഹാലി ഇട്ടി ഐപ്പ്, വി.എം.ജെയിംസ്, ചെറിയാൻ ഉമ്മൻ, ബാബു ജേക്കമ്പ്, രാജു കുര്യൻ, ബാനി ഇട്ടി ഐപ്പ്, തമ്പാൻ തോമസ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. 1971 ൽ കോളജ് ടീം ക്യാപ്റ്റനായി.

1968ൽ കൽക്കത്ത നാഷനലിൽ സംസ്ഥാന ടീം അംഗമായി തിളങ്ങിയതോടെ ദേശീയ ശ്രദ്ധയിലെത്തി. അന്ന് ട്രെയിനിൽ റിസർവേഷൻ ഇല്ലാതെ യാത്രചെയ്ത പ്രമുഖ കളിക്കാർ അവശരായിരുന്നതിനാൽ, ആദ്യ മത്സരത്തിൽ അവസരം ലഭിച്ച ഇക്ബാലിന് ആ വർഷം ഇന്ത്യൻ ഓൾ സ്റ്റാർ ബഹുമതി ലഭിച്ചു. പിന്നീട് 1983 വരെ കേരള സീനിയർ ടീമിൽ. 1970 ൽ മനിലയിൽ നടന്ന 10–ാമത് ഇൻവിറ്റേഷൻ ചാംപ്യൻഷിപ്പായിരുന്നു ഇക്ബാലിന്റെ കായിക ജീവിതത്തിലെ ഏറ്റവും ഉജ്വലമായ നിമിഷം. ഖുശീറാം, അബ്ബാസ്, മോണ്ടസീർ, സത്യബാബു, ശർമ, മൻമോഹൻസിങ് തുടങ്ങി ഇന്ത്യയുടെ ഡ്രീം ടീം മൂന്നാം സ്ഥാനത്തെത്തി. കൊറിയയ്ക്കെതിരായ മത്സരത്തിൽ കളിക്കാൻ ടീമിലെ ഏക മലയാളിയായ ഇക്ബാലിനു അവസരം കിട്ടിയത് കളി തീരാൻ മൂന്നു മിനിറ്റുള്ളപ്പോൾ പ്രഗൽഭതാരം അഞ്ചു ഫൗൾ തികച്ചു പുറത്തായതിനുശേഷം മാത്രമായിരുന്നു. എന്നാൽ ഏഴു പോയിന്റ് നേടിയ ഇക്ബാൽ തുടർന്നുള്ള എല്ലാ കളികളിലും ആദ്യ അഞ്ചിൽ ഉണ്ടായിരുന്നു. 1970 ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലും, മനില ഏഷ്യൻ ഇൻവിറ്റേഷൻ കപ്പ് ടൂർണമെന്റിലും, ടോക്കിയോ എബിസി ചാംപ്യൻഷിപ്പിലും ഇക്ബാൽ ഇന്ത്യൻ കളറണിഞ്ഞു.

മുൻകാല ബാസ്ക‌റ്റ്ബോൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബോണ്ടിന്റെ പ്രസിഡന്റായിരുന്ന ഇക്‌ബാൽ, 1975 ലെ കോഴിക്കോട് ദക്ഷിണ മേഖലാ ബാസ്‌കറ്റ്ബോൾ ചാംപ്യൻഷിപ് ജേതാക്കളായ കേരള ടീം അംഗങ്ങൾ 50 വർഷത്തിനുശേഷം 2025 ഫെബ്രുവരി 13നു കോട്ടയത്ത് ഒത്തുചേർന്നപ്പോൾ അതിനു നേതൃത്വം നൽകി. ഓംകുമാർ, ചെറിയാൻ ഉമ്മൻ, തോമസ് വർഗീസ്, ഡോ. എം.എ.ചാക്കോ, ജോസ് ജോസഫ്, കെ.കെ.കൊച്ചുകുട്ടൻ എന്നിവർ ഈ കൂടിച്ചേരലിൽ പങ്കെടുക്കാനെത്തി.

കെകെ റോഡിന്റെ എഴുപതുകൾ മുതൽ വഴിയോര കാഴ്ചകളിലും കഥകളിലും ഇക്‌ബാൽ പങ്കുവച്ച കൂട്ടിടങ്ങളുടെ ഇഴയടുപ്പവും നിറങ്ങളും മണങ്ങളും ഫലിതങ്ങളും പൊട്ടിച്ചിരികളും ലഹരിയുമുണ്ട്. റിട്ട. ഡിഎസ്പി അറയ്ക്കൽ എ.എം.വേണുഗോപാൽ, ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു, സാസ് മെഡിക്കൽസിലെ അനിയൻ, സ്വീറ്റ് ഹൗസിലെ സണ്ണി, ടെക്സ്റ്റൈൽ ഫെയറിലെ സക്കീർ ഹുസൈൻ, ഈസ്റ്റേണിലെ ബേബി, ബാറ്റായിലെ ടി. ചെറിയാൻ ഒക്കെ ചേർന്ന വലിയ സൗഹൃദ സംഘം. ബസേലിയസിന്റെ മുന്നിൽ, ഗുഡ് ഷെപ്പേർഡ് റോഡരികിലെ ഈസ്റ്റേണിൽ, സാസ് മെഡിക്കൽസിനു മുന്നിൽ, മോഡേൺ ഹോട്ടലിനും ബാറ്റാ ചെരുപ്പ് കടയ്ക്കും പഴയ സെൻട്രൽ ബാങ്കിനും ഇടയിലൂടെ കളരിക്കൽ ബസാറിലേക്കുള്ള ഇടവഴി തുടക്കത്തിൽ, പലപ്പോഴും ഗാന്ധി പ്രതിമയ്ക്ക് ചുറ്റുമുള്ള വേലിക്കെട്ടിനു അരികിൽ, ഒടുവിൽ പഴയ മുൻസിപ്പൽ ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിലെ സ്വിറ്റ് ഹൗസിന്റെ കൗണ്ടറിനു മുന്നിൽ അവസാനിക്കുന്ന സായാഹ്ന സവാരികൾ. പാട്ടും പറച്ചിലുമായി രാവേറെ ചെല്ലുവോളം നീളുന്ന ഒത്തുചേരലുകൾ.

കളിക്കളത്തിൽ പ്രതിരോധത്തിലെന്നപോലെ ആക്രമണത്തിലും ഇക്ബാൽ തന്റെ ഉയരം പ്രയോജനപ്പെടുത്തി. സഹകളിക്കാരെ പ്രതികൂല സാഹചര്യങ്ങളിലും പ്രോത്സാഹിപ്പിച്ച് കളിയിലേക്കു തിരികെ കൊണ്ടുവന്നു. മികവു കാണിക്കുന്ന എതിർകളിക്കാരനെപ്പോലും അഭിനന്ദിക്കാൻ മടികാട്ടിയില്ല. ഒരു തവണ പരിചയപ്പെട്ടാൽ പിന്നെ മറക്കാനാകില്ല. ആ കളിമികവിനെകുറിച്ചും പകർന്ന സ്നേഹത്തെകുറിച്ചും പങ്കുവച്ച ഫലിതങ്ങളെകുറിച്ചും ഏറെക്കാലം കൂടെകളിച്ചിട്ടുള്ള ചെറിയാൻ ഉമ്മനും വി.എം.ജോണിക്കുമൊക്കെ പറയാനേറെ. തലശ്ശേരി സ്റ്റേറ്റ് മീറ്റിൽ (1983) ഫൈനൽ കളിക്കാൻ വിസമ്മതിച്ച കോട്ടയം ടീം ഡീബാർ അടക്കം അച്ചടക്കനടപടി നേരിടേണ്ടി വന്നു. ‘നിനക്കു മാത്രമാണ് നഷ്ടം’ എന്ന് ആശ്വസിപ്പിച്ചത് ടീമിലെ മുതിർന്ന അംഗം ഇക്ബാൽ. ആ സ്നേഹക്കരുതൽ ക്യാപ്റ്റനായിരുന്ന ഇടിക്കുള ടി.പോളിന്‌ ഇന്നും സാന്ത്വന സ്മരണയാണ്.

‘ഇന്ത്യൻ ഇന്റർനാഷനൽ ഇക്ബാൽ’
ബാസ്കറ്റ്ബോൾ കളിയാരവങ്ങളെക്കുറിച്ചുള്ള 1960കളുടെ രണ്ടാം പാതി മുതലുള്ള ഒരു വ്യാഴവട്ട കാലത്തെ കോട്ടയത്തിന്റെ പത്രത്താളുകളിലെ കളിയെഴുത്തുകളിലും ചിത്രങ്ങളിലും സ്വതസിദ്ധമായ ചിരിയോടെ ഇക്‌ബാൽ തലയുയർത്തി നിറഞ്ഞുനിന്നു. ഇടപെട്ട ഇടങ്ങളിൽ ശ്രദ്ധാകേന്ദ്രമായി. കളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനൊപ്പം സ്വതസിദ്ധമായ വിനയവും എളിമയും മാന്യതയും ജീവിതാവസാനം വരെ തന്റെ ശാരീരികക്ഷമത പോലെ ഈ ഉയരക്കാരൻ കാത്തുസൂക്ഷിച്ചു.

എഴുപതുകളിൽ കോട്ടയം പ്രസ് ക്ലബ്, തിരുനക്കര മൈതാനങ്ങളിൽ അരങ്ങേറിയ വൈഎംസിഎ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഓർമ ചിത്രങ്ങളായി കോട്ടയത്തെ കായികപ്രേമികളുടെ മനസിലുണ്ടാവും. ഉയരക്കാരൻ സുനിൽ പാണ്ഡെയെപോലെ നിറങ്ങളിൽ ട്രാക്ക്സൂട്ടണിഞ്ഞു നഗരവീഥികളിൽ നടന്നുനീങ്ങുന്ന ദേശീയ ബാസ്കറ്റ്ബാൾ താരങ്ങൾ. മുളകളും കാറ്റാടിമരക്കമ്പുകളുംകൊണ്ട് കെട്ടിയുയർത്തിയ താൽക്കാലിക ഗാലറികൾ. മെലിഞ്ഞ തമ്പാന്റെയും തൊപ്പിപ്പാള തലയിൽവച്ച കന്നുകുഴി ജോണിയുടെയും സംഘാംഗങ്ങളുടെയും ‘മാജാമാജാ മാജിക്കുലാന’ പാട്ടുകൾ. തകരപ്പാട്ടയിലെ താളമേളങ്ങൾ. കോളാമ്പിമൈക്കിൽ മുഴങ്ങുന്ന മുതിർന്ന പത്രപ്രവർത്തകൻ കെ.എം.റോയിയുടെ ഘനമുള്ള അനൗൺസ്മെന്റുകൾ. കോട്ടയം വൈഎംസിഎ ടീമിന്റെ അപൂർവമായ ജയത്തിനൊടുവിൽ ആരാധകർക്കിടയിൽ തലപ്പൊക്കത്തോടെ മകനെ ഉയർത്തിനിൽക്കുന്ന പിതാവിന്റെ ചിത്രം. ഇക്ബാലിന്റെയും പിതാവിന്റെയും ചിത്രം.

കോട്ടയത്തിന്റെ ഏറെ സമ്പന്നമായ ബാസ്കറ്റ്ബോൾ ചരിത്രത്തിൽ ഇക്‌ബാൽ എന്ന വലിയ കളിക്കാരനു കളിവിളക്കു തെളിച്ചർ നിരനിരയായി തെളിയുന്നു. ദേശീയ താരവും പട്യാല എൻഐഎസ് പരിശീലകനുമായിരുന്ന നാട്ടകം പുത്തൻപുരയ്ക്കൽ ജോസഫ് സാം, എംടി സെമിനാരി സ്കൂളിലെ പ്രിയപ്പെട്ട മാണി സാറും ചാക്കോ സാറും, കോട്ടയം വൈഎംസിഎ സെക്രട്ടറി ജോസഫ് തോമസ് (ജോയ് സാർ), അസിസ്റ്റന്റ് സെക്രട്ടറി സി.എം.ഫിലിപ്പ്, കെ.കെ.സഖറിയ എന്ന സാസ് അനിയൻ, കോട്ടയം ബസേലിയസ് കോളജ് കായികവിഭാഗം മേധാവിയും പിന്നീട് കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ഡോ. ജെബോയ് തര്യൻ, ബസേലിയസ് കോളജ് കായികവിഭാഗം മുൻ മേധാവി ടി.എം.മാത്യു... ഇങ്ങനെ ആ പട്ടിക നീളുന്നു. ഇക്‌ബാൽ ഓർമയാവുമ്പോൾ ഈ ഓർമക്കുറിപ്പ് കോട്ടയത്തിന്റെ സ്നേഹാദരങ്ങളോടെയുള്ള സ്മരണാഞ്ജലിയാവുന്നു.

English Summary:

P.A. Mohammed Iqbal, a celebrated Indian basketball star, passed away on June 2nd. His impressive career showcased his skill and dedication to the sport, leaving a lasting impact on Kottayam's basketball legacy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com