ADVERTISEMENT

കോഴിക്കോട് ∙ റോഡിൽ ചോര വാർന്നു  പിടഞ്ഞ പെൺകുട്ടിയെ സഹായിക്കാൻ പോലും മനസ്സു കാട്ടാത്തവരാണോ കോഴിക്കോട്ടുകാർ? ഇന്നലെ ചേളന്നൂരിൽ ബസിൽ നിന്നു തെറിച്ചു വീണ പെൺകുട്ടി കാൽ മണിക്കൂറോളമാണ് ഒരു സഹായവും കിട്ടാതെ റോഡിൽ കിടന്നത്. കുട്ടിയെ ആശുപത്രിയലെത്തിക്കാൻ അപ്പോൾ അതുവഴി കടന്നു പോയ ഇരുപതോളം വാഹനങ്ങൾക്കു നേരെ നാട്ടുകാർ കൈ കാട്ടിയിട്ടും കാണാത്തതു പോലെ അവർ പോയി. ചേളന്നൂർ എസ്എൻ ട്രസ്റ്റ് സ്കൂൾ ഹയർ വിദാർഥിനി കുമാരസ്വാമി നാലുകണ്ടത്തിൽ ശ്രീലക്ഷ്മി (16) ആണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ ഒൻപതോടെ ബാലുശ്ശേരി റോഡിൽ ചേളന്നൂർ എട്ടേ ഒന്നിനു സമീപമാണ് സംഭവം. 

കോഴിക്കോട്ടു നിന്ന് ബാലുശ്ശേരിയിലേക്ക് പോയ  കെ. കെ.ബസിൽ നിന്നാണ്  ശ്രീലക്ഷ്മി  മുൻവശത്തെ വാതിൽ തുറന്നു റോഡിലേക്കു തെറിച്ചു വീണത്.  യാത്രക്കാരുടെ ബാഹുല്യം മൂലം ബസിന്റെ മുൻവശത്തെ ഓട്ടമാറ്റിക് വാതിൽ അടയ്ക്കാൻ പറ്റിയില്ലെന്നു പറയുന്നു. ഇവിടെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ‌ ബസിനു വേഗം കുറവായിരുന്നു. ശ്രീലക്ഷ്മിയുടെ കൈക്കും കാലിനുമാണ് പരുക്ക്. നിലത്തുവീണ വിദ്യാർഥിനിയെ എഴുന്നേൽപിക്കാൻ പോലും തയാറാകാതെ പലരും കാഴ്ചക്കാരായി നിന്നു. എസ്എൻ ട്രസ്റ്റിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരിയും കുട്ടികളും ചേർന്ന് കുട്ടിയെ റോഡിൽ നിന്ന് എഴുന്നേൽപിച്ചു. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ഒരു ആംബുലൻസ് കിട്ടുമോയെന്നു കണ്ടക്ടർ നിഖിൽ അവിടെ നിന്നവരോട് അന്വേഷിച്ചു. 

തുടർന്ന് അതിലെ പോയ ഇരുപതോളം വാഹനങ്ങൾക്ക് കൈ കാണിച്ചു. കണ്ട ഭാവം പോലും നടിക്കാതെയാണു പലരും പോയതെന്നാണ് ഈ ബസിലുണ്ടായിരുന്ന ഒരാൾ പറഞ്ഞത്. ആംബുലൻസ് തേടി പോകാനൊരുങ്ങിയ ബസ് ഡ്രൈവറെ ‘എവിടെ പോകുന്നു?’ എന്നു ചോദിച്ചു നാട്ടുകാർ തടഞ്ഞു വച്ചതായി ബസ് ജീവനക്കാർ പരാതിപ്പെട്ടു. 

പിന്നീട് ജിയോ മറൈൻ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തൗഫീഖ് അസ്‌ലം വാഹനം നിർത്തി അതിൽ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറാവുകയായിരുന്നു. കണ്ടക്ടറും ജീവനക്കാരിയും കുട്ടിക്കൊപ്പം ആശുപത്രിയിലേക്ക് ഒപ്പം പോയി. അപകടനില തരണം ചെയ്ത ശ്രീലക്ഷ്മി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com