ADVERTISEMENT

കോഴിക്കോട് ∙ രണ്ടാമത് വനിത രാജ്യാന്തര ചലച്ചിത്രോത്സവത്തിനു ടഗോർ തിയറ്ററിൽ തിരശീല ഉയർന്നു. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സമസ്ത മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റം ശക്തമായ ഒരു കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. 

സിനിമ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ഐഎഫ്എഫ്കെയുടെ ആരംഭകാലത്ത് ആ ചലച്ചിത്രോത്സവത്തിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഒരു ശതമാനം മാത്രമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയിൽ 35 ശതമാനമാണ് വനിതാ പ്രാതിനിധ്യം. അവരിൽ ഭൂരിപക്ഷവും വിദ്യാർഥിനികളാണെന്നതും ഏറെ പ്രതീക്ഷ നൽകുന്നു. സിനിമയുടെ സമസ്ത മേഖലകളിലേക്കും വനിതകൾ കടന്നു വരുന്ന കാലം കൂടിയാണിത്. പഴയ കാലത്ത് സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് സ്ത്രീകൾ കടന്നു വരാതിരിക്കാൻ കാരണം, പരിമിതമായ സൗകര്യങ്ങളായിരുന്നു. സ്ത്രീകൾക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാനും ജോലി ചെയ്യാനുമെല്ലാം ഏറെ വിഷമതകളുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നാലിന്ന്  സ്ത്രീകൾ ലോകത്തെവിടേക്കും ഒറ്റയ്ക്കു യാത്ര ചെയ്തു ജോലി ചെയ്യുന്നു. ഈ മാറ്റം സിനിമാ രംഗത്തും ഉണ്ടായിട്ടുണ്ട്. ഇതൊരു വലിയ മുന്നേറ്റം തന്നെയാണ്. 

വനിത രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന പ്രഖ്യാപനം കമലിന്റെ നിർദേശ പ്രകാരം ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന നടി അനുമോൾ നിർവഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ ദീദി ദാമോദരൻ ആധ്യക്ഷ്യം വഹിച്ചു. ഭരണഘടനയുടെ ആമുഖം സംവിധായിക ലീല സന്തോഷ് വായിച്ചു കൊടുത്തു. 

ഫെസ്റ്റിവൽ ബുക്ക് ജാനമ്മ കുഞ്ഞുണ്ണി പ്രകാശനം ചെയ്തു. നടി അനുമോൾ ഏറ്റുവാങ്ങി. ഗിരീഷ് കർണാടിനെക്കുറിച്ച് കെ.ജെ.തോമസ് എഡിറ്റ് ചെയ്ത ‘ഗിരീഷ് കർണാട്–നിലപാടുകളുടെ കരുത്ത്’ എന്ന പുസ്തകം സംവിധായകൻ കമൽ പ്രകാശനം ചെയ്തു. കെ.ജി.മോഹൻകുമാർ ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ഡയറക്ടർ ചെലവൂർ വേണു, അർച്ചന പത്മിനി, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഷാജി, കെ.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന ചിത്രമായി മാസിഡോണിയൻ സിനിമ ‍ഗോഡ് എക്സിസ്റ്റ്സ്, ഹെർ നെയിം ഈസ് പെട്രൂണിയ’ എന്ന സിനിമ പ്രദർശിപ്പിച്ചു. 

ഇന്നത്തെ സിനിമകൾ 

9.30 കമലാബായ് (മറാത്തി), 10.20 പൊഷറിനി, 11.15 ടേക്കിങ് ദി ഹോഴ്സ് ടു ഈറ്റ് ജലേബിസ് (ഹിന്ദി), 2.30 മിഡ് നൈറ്റ് റൺ, 2.50 സ്റ്റെയിൻസ്, 3.20 എവിടേക്കാ, 3.30 സുനന്ദ,  5.15 കാമില്ലെ (ഫ്രഞ്ച്), ദി ക്വിൽറ്റ് (ഹിന്ദി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com