ADVERTISEMENT

കോഴിക്കോട് ∙ ബിജെപി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്ത വിവരമറിഞ്ഞ് ബിജെപി പ്രവർത്തകർ വൻ ആവേശത്തിലായിരുന്നെങ്കിലും ഉള്ളിയേരി ദാസൻ എൻജിനീയറിങ് കോളജിനു സമീപത്തെ കുന്നുമ്മൽ വീട്ടിൽ അമിത ആഹ്ലാദപ്രകടനങ്ങളൊന്നും ഉണ്ടായില്ല. പ്രവർ‍ത്തകരുടെ നിർബന്ധം കാരണമാണ് ലഡു വിതരണം ചെയ്തതുപോലും.

സുരേന്ദ്രന്റെ സഹോദരി ചെറിയ പരിക്കുപറ്റി കുന്നുമ്മൽ വീട്ടിൽ വിശ്രമത്തിലാണ്. വാർത്തയറിയുമ്പോൾ സുരേന്ദ്രന്റെ ഭാര്യ ഷീബയും മകൾ ഗായത്രിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഘടനാപരമായ തിരക്കുകൾക്കിടയിലും വീട്ടിലെത്തിയാൽ സുരേന്ദ്രൻ സാധാരണ കുടുംബനാഥനാണ്. എന്തു തിരക്കുണ്ടായാലും പത്തു ദിവസത്തിൽ കൂടുതൽ വീട്ടിൽ നിന്ന് വിട്ടുനിൽക്കാറില്ലെന്ന് ഭാര്യ ഷീബ പറയുന്നു.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സമയത്താണ് കൂടുതൽ ദിവസം വിട്ടുനിന്നത്. കാസർകോട് തിരഞ്ഞെടുപ്പിൽ 89 വോട്ടിന് തോറ്റപ്പോൾ തനിക്ക് വിഷമം തോന്നിയിരുന്നു.  എന്നാൽ അതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നാണ് സുരേന്ദ്രൻ പറയാറെന്ന് ഭാര്യ ഷീബ പറയുന്നു.  സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയത് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ ബിജെപി പ്രവർത്തകർ. നാട്ടിലെത്തുമ്പോൾ അദ്ദേഹത്തിന് വൻ സ്വീകരണം നൽകാനാണ് തീരുമാനം.  

ഇത് ആഘോഷിക്കേണ്ട സന്തോഷം: സജീവൻ

∙ ബിജെപിക്കാരായ കോഴിക്കോട്ടുകാർക്ക് സന്തോഷകരമായ നിമിഷങ്ങളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.  കെ.സുരേന്ദ്രൻ സംഘടനയെ  സംസ്ഥാനതലത്തിൽ മുന്നിൽനിന്നു നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനമുണ്ട്.

അദ്ദേഹം സ്വന്തം ജില്ലയായ കോഴിക്കോടിന് പ്രത്യേക പരിഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജീവൻ പറഞ്ഞു. ബൂത്തുതലം മുതൽ പാർട്ടി പ്രവർത്തനം ശക്തമാക്കാൻ സുരേന്ദ്രൻ ശ്രമിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിനെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com