ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗം ദ്രുതഗതിയിൽ മാറ്റങ്ങളിലേക്ക്. ഏറ്റവും തിരക്കേറിയ വിഭാഗമായ ഇവിടെ നഴ്സിങ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ കുറവു പരിഹരിക്കാൻ നടപടിയായി. അത്യാഹിത വിഭാഗത്തിലേക്കു മാത്രമായി 15 ലക്ഷം രൂപയുടെ പുതിയ ഉപകരണങ്ങൾ‌ വാങ്ങി.

ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ കലക്ടർ സാംബശിവ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകി. പ്രിൻസിപ്പൽ ഡോ. വി.ആർ‌.രാജേന്ദ്രൻ, സൂപ്രണ്ടുമാരായ ഡോ. കെ.ജി.സജീത്ത് കുമാർ‌, ഡോ. സി.ശ്രീകുമാർ, ഡോ. ടി.പി.രാജഗോപാൽ, ഡോ. എം.കെ.കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. 

ഡോ. കെ.ജി.സജീത്ത് കുമാർ ചെയർമാനും എമർ‌ജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ആർ.ചാന്ദ്നി, അത്യാഹിത വിഭാഗം സൂപ്രണ്ട് ഡോ. ഫിജുൽ കോമു, നഴ്സിങ് സൂപ്രണ്ട് ഗ്രേഡ്– ഒന്ന് വി.പി.സുമതി എന്നിവർ അംഗങ്ങളുമായി സമിതിക്കു രൂപം നൽകി.  അത്യാഹിത വിഭാഗത്തിലെ സൗകര്യങ്ങൾ ഉൾപ്പെടെ അനുബന്ധമായ കാര്യങ്ങൾക്ക് പ്രസ്തുത സമിതിയാണ് മേൽനോട്ടം വഹിക്കുക.

500 മുതൽ 700 വരെ രോഗികളാണ് ഒരു ദിവസം അത്യാഹിത വിഭാഗത്തിൽ മാത്രം ചികിത്സയ്ക്കെത്തുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിയെ ആദ്യം പരിശോധിക്കുന്നത് എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടറും ഹൗസ് സർജൻമാരും ഉൾപ്പെടെ 4 പേർ അടങ്ങുന്ന മെഡിക്കൽ ടീമാണ്. 

ട്രയാജ് എന്നാണ് ഈ സംഘം അറിയപ്പെടുന്നത്. 2 സ്റ്റാഫ് നഴ്സുമാരെ കൂടി ഈ സംഘത്തിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. അടിയന്തര വൈദ്യസഹായം വേണ്ടവരെ ഉടനെ ട്രയാജിൽ നിന്ന് റെഡ് ഏരിയയിലേക്കും മറ്റുള്ളവരെ രോഗത്തിന് അനുസരിച്ച് ബന്ധപ്പെട്ട യൂണിറ്റിലേക്കുമാണ് മാറ്റുന്നത്. 

മെഡിക്കൽ കേസുകൾ മെഡിസിൻ വിഭാഗം, ശസ്ത്രക്രിയ ആവശ്യമുള്ളത് ശസ്ത്രക്രിയ വിഭാഗം, എല്ലിനു പരുക്കേറ്റവരെ എല്ലുരോഗ വിഭാഗം എന്നിങ്ങനെയാണ് മാറ്റുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള 8 കട്ടിലുകൾ റെഡ് ഏരിയയിലേക്കു മാത്രമായി ലഭ്യമാക്കി. ഇസിജി, പൾസ് ഓക്സിമീറ്റർ, ഓട്ടോമാറ്റിക് ബിപി മോണിറ്റർ തുടങ്ങിയവ ഉൾപ്പെടെ കട്ടിലുകളോട് അനുബന്ധമായി ഘടിപ്പിച്ചിട്ടുണ്ട്. പുതിയ ട്രോളികളും ലഭ്യമാക്കി. ആദ്യഘട്ടമെന്ന നിലയിലാണ് ഇത്രയും വാങ്ങിയത്. 

പരിശീലനം

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് അടിയന്തിര സഹായം നൽകാനായി 94 സന്നദ്ധ പ്രവർത്തകരെ പരിശീലിപ്പിച്ചു. ഇവർക്കുള്ള ഏകീകൃത യൂണിഫോം അടുത്ത ദിവസം മുതൽ നൽകും. എമർജൻസി മെ‍ഡിസിൻ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ഇവർക്ക് പരിശീലനം നൽകിയത്. തുടർന്ന് ഇവരുടെ സേവനം ഉൾപ്പെടെ പുതുതായി രൂപവൽക്കരിച്ച സമിതിയുടെ മേൽനോട്ടത്തിലായിരിക്കും.

നിലവിൽ ഇവരുടെ തിരിച്ചറിയൽ കാർഡുകൾ ഏകീകരിച്ചിരുന്നു. അതിനു പുറമേയാണ് ഏകീകൃത യൂണിഫോം സംവിധാനം കൂടി വരുന്നത്. ഓരോ ആഴ്ചയും സേവനം ചെയ്യാനെത്തുന്ന സന്നദ്ധ പ്രവർത്തകരുടെ പട്ടിക ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾ നേരത്തെ തന്നെ നൽകണമെന്ന നിർദേശവുമുണ്ട്. 

നിയമനം

അത്യാഹിത വിഭാഗത്തിലെ തിരക്കു കൂടുതലായതിനാൽ അതിനനുസരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ വെല്ലുവിളിയായിരുന്നു. ഇതുപരിഹരിക്കാൻ കുടുംബശ്രീയിൽ നിന്ന് 10 പേരെ  കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. അത്യാഹിത വിഭാഗം 24 മണിക്കൂറും വൃത്തിയായി സൂക്ഷിക്കുന്നത് ഇവരുടെ ഉത്തരവാദിത്തമായിരിക്കും.

∙ എമർജൻസി മെഡിസിനിൽ പരിശീലനം നേടിയ 8 സ്റ്റാഫ് നഴ്സുമാരെ കൂടി അത്യാഹിത വിഭാഗത്തിൽ നിയമിച്ചു. 

ലാബ് സൗകര്യം

‍അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ രക്ത പരിശോധനകൾക്ക് ഉണ്ടാകുന്ന കാലതാമസം അനിയന്ത്രിതമായ തിരക്ക് സൃഷ്ടിക്കുകയും അടിയന്തിര ചികിത്സ വൈകാനിടയാക്കുകയും ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു. ഇതിനു പരിഹാരമായി അത്യാഹിത വിഭാഗത്തിൽ സ്ത്രീകളുടെ നിരീക്ഷണ മുറിയോട് ചേർന്നാണ് ലാബ് ഒരുക്കുന്നത്. ആശുപത്രി വികസന സമിതിയുടെ മേൽ‌നോട്ടത്തിലാണ് പ്രവർത്തനം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com