ADVERTISEMENT

നാദാപുരം ∙ ട്രെയിൻ യാത്രയ്ക്കിടെ 7 വർഷം മുൻപ് കാണാതായ അച്ഛനെ എടച്ചേരി തണൽ അഭയ കേന്ദ്രത്തിൽ വീണ്ടും കണ്ടു മുട്ടിയപ്പോൾ 40 വയസുകാരനായ മകന് സന്തോഷാതിരേകം. മധ്യപ്രദേശുകാരൻ രതി രാം പ്രത്യാപതിയാണ് അച്ഛനെ കണ്ടെത്തിയത്. മകനാണ് മുന്നിലെന്ന സത്യം വിശ്വസിക്കാനാവാതെ എഴുപതുകാരനായ രാംചരണും.

നാലര മാസം മുൻപ് വടകര ഗവ. ആശുപത്രിയിൽ നിന്ന് തണലിലെത്തിയ രാംചരൺ മകനോടൊപ്പം ഇന്നലെ നാട്ടിലേക്ക് യാത്രയാവുമ്പോൾ തണൽ അഭയ കേന്ദ്രത്തിൽ ഇവരുടെ പുനഃസമാഗമത്തിന്റെ സന്തോഷക്കണ്ണീർ പൊഴിച്ചത് അച്ഛനും മകനും മാത്രമല്ല, കണ്ടു നിന്നവർ കൂടിയാണ്. നാടും വീടും എവിടെയെന്ന് വ്യക്തതയില്ലാത്ത രാംചരണിന്റെ ഉറ്റവരെ കണ്ടെത്താൻ ക്രിയാത്മകമായി ഇടപെട്ടവരും മകൻ രാംപ്രത്യാപതിയെ അനുഗമിച്ചെത്തിയ മധ്യപ്രദേശിൽ നിന്നുള്ള പൊലീസ് ഹെഡ് കോൺസ്റ്റബിൾ മഥുര പ്രസാദും പുനഃസമാഗമം ആഘോഷമാക്കി.

വടകര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇന്നലെ അച്ഛനും മകനും പൊലീസ് ഹെഡ് കോ‍ൺസ്റ്റബിളും മധ്യപ്രദേശിലേക്ക് മടങ്ങിയത്. ഇവർ എത്തുന്നതും കാത്ത് ഒരു ഗ്രാമം തന്നെ അവിടെ കാത്തിരിക്കുകയാണ്. രാംചരണിൽ നിന്ന് ലഭ്യമായ പരിമിത വിവരങ്ങളുടെ അടിസ്ഥാനത്തിൽ തണൽ അഭയ കേന്ദ്രത്തിൽ നിന്നുള്ള അന്വേഷണവും തുടർ നടപടികളുമാണ് ഈ പുനഃസമാഗമത്തിന് വഴി ഒരുക്കിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com