ADVERTISEMENT

കോഴിക്കോട് ∙ മദ്യം കിട്ടാതെ കൈവിറച്ച്  സർക്കാർ ആശുപത്രികളിൽ എത്തിയത് അൻപതോളം പേർ. മദ്യം കുറിച്ചു കൊടുക്കാൻ ഡോക്ടർമാർ വിസമ്മതിച്ചത് നേരിയ തോതിൽ വാക്കേറ്റങ്ങൾക്കും വഴിവച്ചു. ചിലയിടങ്ങളിൽ വിഷാദരോഗത്തിനുള്ള മരുന്ന് നൽകിയ ശേഷം ‘വിമുക്തി’ ലഹരി മോചന കേന്ദ്രങ്ങളിൽ തുടർചികിൽസയ്ക്ക് ചെല്ലാനായി കുറിച്ചു കൊടുത്തു. സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ കരിദിനം ആചരിക്കും. 

മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നു പറഞ്ഞ് ഒരാൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചെന്നിരുന്നു. മദ്യത്തിനുള്ള കുറിപ്പടി തരാൻ പറ്റില്ലെന്നു പറഞ്ഞ് മടക്കി അയച്ചതായി മെഡിക്കൽ ഓഫിസർ പറഞ്ഞു. ബീച്ച് ആശുപത്രിയിലും കുറിപ്പടിക്കായി ഒരാൾ എത്തിയെങ്കിലും ‘വിമുക്തി’ലേക്ക് റഫർ ചെയ്തു. 

ഉറക്കത്തിനുള്ള ഗുളികയും മാനസികാരോഗ്യ വിദഗ്ധന്റെ പരിശോധനയും നിർദേശിച്ച കുറിപ്പടിയുമായി ഒരാൾ  ബാലുശ്ശേരി റേഞ്ച് എക്സൈസ് ഓഫിസിൽ എത്തി. മദ്യമല്ല ചികിത്സയാണ് നിർദേശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരിച്ചു പോയി

കീഴരിയൂർ പിഎച്ച്സിയിൽ എത്തിയ ആളെ ലഹരിവിമോചന കേന്ദ്രത്തിലേക്കു പറഞ്ഞു വിട്ടു. വടകര ജില്ലാ ആശുപത്രിയിൽ 3 പേർ വന്നു. മദ്യത്തിന് ശുപാർശ നൽകിയില്ല. പകരം മദ്യവിമുക്തിക്കുള്ള മരുന്ന് നിർദേശിച്ചു.

സർക്കാർ ഉത്തരവ് അധാർമികവും അശാസ്ത്രീയവുമാണെന്ന് കെജിഎംഒ ജില്ലാ പ്രസിഡന്റും സിഎച്ച്സി അസി.മെഡിക്കൽ ഓഫിസറുമായ ഡോ.സി.കെ.ഷാജി പറഞ്ഞു. മദ്യലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി. പ്രതിഷേധസൂചകമായി ഇന്ന് കരിദിനം ആചരിക്കും. എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും ഇന്ന് ജോലിക്ക് ഹാജരാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com