ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യന്ത്രത്തിൽ വിരലടയാളം പതിപ്പിക്കരുതെന്ന നിർദേശം മറയാക്കി റേഷൻ മറിച്ചു വിൽക്കാൻ ശ്രമമെന്ന് പരാതി. സിവിൽ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരന്റെ റേഷൻ നടുവണ്ണൂരിനു സമീപത്തെ ഒരു റേഷൻ കടയിൽ നിന്നു മറിച്ചു വിറ്റതായി ശ്രദ്ധയിൽ പെട്ടതോടെയാണ് തട്ടിപ്പ് നടക്കുന്നത് പുറത്തറിഞ്ഞത്. 

മൊബൈലിൽ എസ്എംഎസ് വന്നപ്പോഴാണ് തന്റെ റേഷൻ ആരോ വാങ്ങിയതായി തിരിച്ചറിഞ്ഞത്.റേഷൻ കടയിൽ ഇ പോസ് മെഷീനിൽ വിവരങ്ങൾ നൽകിയാൽ ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് മെസേജ് വരും. നിലവിൽ ഫിംഗർപ്രിന്റ് സെൻസറിൽ വിരൽ പതിപ്പിക്കാതെ കാർഡ് നമ്പർ ഇ–പോസ് മെഷീനിൽ ചേർക്കുകയാണ്. 

പലയിടത്തും സിപിഎം പ്രവർത്തകർ കൂട്ടമായി റേഷൻ കാർഡുകൾ വാങ്ങിയ ശേഷം അരി വീട്ടിലെത്തിച്ചു നൽകുന്നതായി പരാതിയുയർന്നിട്ടുണ്ട്.റേഷൻ കടകളിലേക്ക് അരി വിതരണം ചെയ്യുന്ന സിവിൽ സപ്ലൈസ്  ഗോഡൗണിലെ ജീവനക്കാരനായ നടുവണ്ണൂർ സ്വദേശിക്ക് ചൊവ്വാഴ്ച വൈകിട്ട് 4ന് ആണ്  റേഷൻ വാങ്ങിയതായി സന്ദേശം വന്നത്. എന്നാൽ, ഇയാൾ കടയിൽ പോയിരുന്നില്ല. കാർഡും കൊടുത്തുവിട്ടിരുന്നില്ല. 

35 കിലോ ഭക്ഷ്യധാന്യത്തിൽ 5 കിലോ ഗോതമ്പ്

റേഷൻ വിതരണത്തിൽ അവ്യക്തതയും ആശങ്കയും തുടരുന്നു. 35 കിലോഗ്രാം അരി നൽകുമെന്ന പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് റേഷൻ കടയുടമകൾ. അന്ത്യോദയ അന്ത്യയോജന പദ്ധതി പ്രകാരം 35 കിലോ ഭക്ഷ്യധാന്യമാണ് നൽകുന്നത്. ഇതിൽ 30 കിലോ അരിയും 5 കിലോ ഗോതമ്പുമാണ്. എന്നാൽ കടകളിൽ വരുന്നവർ 35 കിലോ അരിയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സൗജന് യറേഷൻ അവകാശപ്പെട്ട മഞ്ഞ കാർഡ് ഉടമകൾക്കാണ് ഈ അരി വിതരണം ചെയ്യുന്നത്. മറ്റു കാർഡുടമകൾക്ക് അഞ്ചുകിലോ അരി വീതമാണ് ഇന്നലെ നൽകിയത്.  കാർഡിൽ പേരില്ലാത്തവർക്ക് ആധാർ പ്രകരം അരി നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച നിർദേശം ആർക്കും ലഭിച്ചിട്ടില്ലെന്നും റേഷൻകടയുടമകൾ പറഞ്ഞു. ഇ–പോസ് മെഷീനിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വന്നിട്ടുമില്ല.

ഫെബ്രുവരി മാസം വ്യാപാരികൾക്കു ലഭിക്കേണ്ട കമ്മിഷൻ നൽകാൻ ട്രഷറികളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഭൂരിപക്ഷം വ്യാപാരികളും  പണമടയ്ക്കാൻ അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇവ പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് ആട്ടയും പഞ്ചസാരയും അടക്കമുള്ള സാധനങ്ങൾ സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്ന് കടമായി നൽകാൻ സൗകര്യം വേണമെന്നും ഓൾകേരള റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com