ADVERTISEMENT

സജ്ജീകരിച്ചത് മെഡി. കോളജിൽ, സംസ്ഥാനത്ത് ആദ്യം

കോഴിക്കോട് ∙ സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗികളുടെ ശസ്ത്രക്രിയയ്ക്ക് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം പ്രസവമുറിയോടു ചേർന്ന് നെഗറ്റീവ് പ്രഷർ തിയറ്റർ സജ്ജീകരിച്ചു. ഒന്നര മാസമെടുക്കുന്ന പ്രവൃത്തിയാണെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ കൂട്ടായ്മയോടെ 5 ദിവസം കൊണ്ട് പൂർത്തിയാക്കി. കോവിഡ് സംശയിക്കുന്നവരുടെയും സ്ഥിരീകരിച്ചവരുടെയും ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളജിൽ ഒരുക്കിയ മൂന്നാമത്തെ തിയറ്ററാണിത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരത്തെ രണ്ട് നെഗറ്റീവ് പ്രഷർ തിയറ്റർ സജ്ജീകരിച്ചിട്ടുണ്ട്. ഐഎംസിഎച്ചിലെ ഐസലേഷൻ വാർഡ്, കുട്ടികളുടെ ഐസിയു എന്നിവ കൂടി നെഗറ്റീവ് പ്രഷർ സൗകര്യത്തിലാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

സാധാരണയായി ശസ്ത്രക്രിയയ്ക്ക് പോസിറ്റീവ് തിയറ്ററുകളാണ് ഉപയോഗിക്കാറ്. എൻഎച്ച്എമ്മിന്റെ സാമ്പത്തിക സഹായത്തോടെ പൊമെക് എന്ന സ്ഥാപനവും മെഡിക്കൽ കോളജ് റഫ്രിജറേഷൻ എയർകണ്ടിഷൻ വിഭാഗവും ചേർന്നാണ് ഐഎംസിഎച്ച് തിയറ്റർ സജ്ജീകരിച്ചത്. ഐഎംസിഎച്ച് സൂപ്രണ്ട് ‍ഡോ. സി.ശ്രീകുമാർ, ഡോ. കെ.എം.കുര്യാക്കോസ്, ഡോ. എ.എം.നൂറുൽ അമീൻ, ഡോ. എൻ.പ്രിയ, അണുബാധനിയന്ത്രണ വിഭാഗം ഹെഡ് നഴ്സ് ബിനിത തുടങ്ങിയവരുടെ നേതൃത്വത്തിൽ റഫ്രിജറേഷൻ ആൻഡ് എസി വിങ് ചുമതലയുള്ള എസ്.എം.സജാദ്, ടെക്നീഷ്യൻമാരായ എം.പ്രജിത്ത്, എം.ബോബിലാൽ, പി.പി.ബാസിത്, വി.കെ.നുജൈം തുടങ്ങിയവരാണ് പ്രവർത്തനം നടത്തിയത്. ബയോ മെഡിക്കൽ എൻജിനീയർ പി.ഇന്ദിര നിർദേശങ്ങൾ നൽകി.

ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർ, നഴ്സ്, പങ്കാളികളാകുന്ന ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടെ എല്ലാവർക്കും അണുബാധ തടയാൻ ഏറെ സഹായകമാണ് നെഗറ്റീവ് പ്രഷർ തിയറ്റർ. രോഗിക്കും ഏറെ ഗുണപ്രദമാണ്. ഡോ. വി.ആർ.രാജേന്ദ്രൻ
(പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com