ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് രോഗികള്‍ ഇല്ലാതിരുന്ന ഒരു ദിവസത്തിനു ശേഷം ജില്ലയെ ഞെട്ടിച്ച് 5 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ ഒരു ദിവസം മൂന്നിൽ കൂടുതൽ ആളുകൾക്ക് പോസിറ്റീവ് ആകുന്നത്. ഏപ്രിൽ 11, 22 ദിവസങ്ങളിലാണ് ഇതിനു മുൻപ് 3 പേർക്കു വീതം രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ രോഗം സ്ഥിരീകരിച്ച അഞ്ചിൽ മൂന്നു പേരും കണ്ണൂരിലാണ് ചികിത്സയിൽ കഴിയുന്നത്.

2 പേർ ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിലെ ചികിത്സാ കേന്ദ്രത്തിലും. കഴിഞ്ഞ 7 ന് രാത്രി അബുദാബിയിൽ നിന്ന് എത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന അരിക്കുളം സ്വദേശി (55)ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെയാൾ 46 വയസ്സുള്ള തിക്കോടി സ്വദേശി കുവൈത്തില്‍ നിന്ന് എത്തിയതാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകനും (39) രോഗം സ്ഥിരീകരിച്ചു.

വടകര താഴെയങ്ങാടി സ്വദേശി  കണ്ണൂരിൽ താമസിച്ച് ജോലി ചെയ്യുകയാണ്. വടകരയിൽ നിന്ന് 13ന് സ്കൂട്ടറിലാണ് ഇദ്ദേഹം കണ്ണൂരിലേക്കു പോയത്.  ലക്ഷണങ്ങളെ തുടർന്ന് 20 ന് സ്രവ സാംപിൾ പരിശോധനയിൽ പോസിറ്റീവ് ആയി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 20ന് കുവൈത്തിൽ നിന്ന് ഒരേ വിമാനത്തിൽ എത്തിയ ചാലപ്പുറം സ്വദേശി (42), അഴിയൂർ സ്വദേശി (32) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇരുവരും കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വിമാനത്താവളത്തിൽ നിന്ന് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇരുവരും. പുതുതായി വന്ന 537 പേർ ഉൾപ്പെടെ 5735 പേർ നിരീക്ഷണത്തിലുണ്ട്. 25940 പേർ നിരീക്ഷണം പൂർത്തിയാക്കി. 70 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 3408 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3182 എണ്ണം നെഗറ്റീവ് ആണ്.

181 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 97 പേർ ഉൾപ്പെടെ ആകെ 889 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 372 പേർ കോവിഡ് കെയർ സെന്ററിലും 504 പേർ വീടുകളിലും ആണ്. 13 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 113 പേർ ഗർഭിണികളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com