ADVERTISEMENT

നടുവണ്ണൂർ ∙ വീട്ടു മുറ്റത്ത് കുടിവെള്ളം എത്തുക എന്നത് കുന്നരംവെള്ളി ലക്ഷം വീട് കോളനിക്കാരുടെ ദീർഘ നാളത്തെ സ്വപ്നമായിരുന്നു. പദ്ധതി യാഥാർഥ്യമായെങ്കിലും കോളനിയിൽ താമസിക്കുന്നവർ അടുത്ത വീടുകളിൽ നിന്ന് തലച്ചുമടായാണ് ഇന്നും കുടിവെള്ളം എത്തിക്കുന്നത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി വികസന ഫണ്ട് വകുപ്പ് കോർപസ് ഫണ്ട് ഉപയോഗിച്ച് 7 ലക്ഷം രൂപ ചെലവിലാണ് കോളനിയിൽ കുടിവെള്ള പദ്ധതി തുടങ്ങിയത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച മാത്രമേ പൈപ്പിൽ വെള്ളം കിട്ടിയിട്ടുള്ളൂ. കിണറ്റിൽ പൂച്ച വീണതോടെ ജലവിതരണം മുടങ്ങി. പൂച്ചയെ എടുത്തു മാറ്റിയെങ്കിലും വെള്ളം വറ്റിച്ച് കിണർ ഇതുവരെ വൃത്തിയാക്കിയിട്ടില്ല. വെള്ളം മലിനമായതോടെ കുടിക്കാൻ എടുക്കാതായി. 3 മാസമായി ജലവിതരണം മുടങ്ങിയിട്ട്. കോളനിയിൽ 4 എസ്‌സി കുടുംബവും 12 ജനറൽ വിഭാഗവുമാണ് താമസിക്കുന്നത്.

പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബത്തിനു മാത്രമേ പദ്ധതി വഴി ജലവിതരണം നടത്തിയിട്ടുള്ളൂ. മുഴുവൻ കുടുംബത്തിനും കുടിവെള്ളം ലഭിക്കാത്തതിൽ മറ്റുള്ളവർക്ക് പ്രതിഷേധമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് കോളനിയിൽ ഉണ്ടായിരുന്ന പൊതു കിണറ്റിൽ റിങ് താഴ്ത്തിയതല്ലാതെ കുടിവെള്ള പദ്ധതി ഫണ്ട് ഉപയോഗിച്ച് മറ്റു പണികളൊന്നും നടന്നിട്ടില്ലെന്ന പരാതിയുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതി ഉദ്ഘാടനം നടത്തിയത്. കോളനിയിലെ തന്നെ മറ്റു വീടുകളിലേക്കുള്ള ഉപയോഗത്തിന് ഇതേ കിണറ്റിൽ 6 മോട്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. മഴക്കാലത്തിന് മുൻപ് കിണർ വൃത്തിയാക്കി കോളനിയിലെ മുഴുവൻ കുടുംബത്തിനും വെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

ജലവിതരണം സംബന്ധിച്ച് കോളനിക്കാർക്കിടയിൽ അകൽച്ചയില്ലെന്നും ലോക്ഡൗൺ നിയന്ത്രണം തീരുന്ന മുറയ്ക്ക് കിണർ വൃത്തിയാക്കി മുഴുവൻ കുടുംബത്തിനും പദ്ധതി വഴി കുടിവെള്ളം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് മെംബർ യു.ടി.ബേബി പറഞ്ഞു. കിണർ വൃത്തിയാക്കുന്നതിന് തടസ്സമായത് ചുരുക്കം ചില വ്യക്തികളുടെ പിടിവാശി മൂലമാണെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com