ADVERTISEMENT

കോഴിക്കോട്∙ മാനത്തു മഴക്കാറു കണ്ടപ്പോഴാണു കഴിഞ്ഞ പ്രളയത്തിൽ നദികളിൽ മണ്ണും മാലിന്യവും അടിഞ്ഞ കാര്യം ജില്ലാ ഭരണകൂടത്തിന് ഓർമ വന്നത്. ജില്ലയിലെ 9 തദ്ദേശസ്ഥാപനങ്ങളിലെ പുഴകളിൽ അടി‍ഞ്ഞുകൂടിയിരിക്കുന്ന 1.05 ലക്ഷം ഘനമീറ്റർ മണ്ണു നീക്കം ചെയ്യാൻ കലക്ടർ ഉത്തരവിട്ടത് രണ്ടു ദിവസം മുൻപ്. 

പുഴകളിൽ അടിഞ്ഞ  മണ്ണു മഴക്കാലത്തിനു മുൻപു നീക്കം ചെയ്യണമെന്നു സിഡബ്ല്യുആർഡിഎം മാർച്ചിൽ നൽകിയ റിപ്പോർട്ടിലാണു മേയ് 28നു കലക്ടറുടെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചു മണ്ണുനീക്കാനാണു നിർദേശം. 3 ഘനമീറ്റർ മണ്ണാണ് ഒരു ടിപ്പർ ലോറിയിൽ കൊള്ളുക. ഈ കണക്കിൽ 9 തദ്ദേശ സ്ഥാപനങ്ങളിലെ പുഴകളിൽ നിന്നു മഴയ്ക്കു മുൻപേ നീക്കേണ്ടത് 35024 ലോഡ് മണ്ണ്.

കാലവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണു പഞ്ചായത്ത് ഭരണസമിതികൾ. കഴിഞ്ഞ പ്രളയത്തിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി ജില്ലയിലെ നദികളുടെ ജലവാഹകശേഷി കുറഞ്ഞിട്ടുണ്ടെന്നും ഇതു വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നും കാണിച്ച് വിവിധ തഹസിൽദാർമാരും ജലസേചനവകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. 

പ്രളയത്തിൽ നദികളിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കം ചെയ്യുന്നതിനു കലക്ടർമാരെ ചുമതലപ്പെടുത്തിക്കൊണ്ടു 2019 ഡിസംബർ 24ന് ഉത്തരവിറങ്ങി. തുടർന്നാണ് ഓരോ നദികളിലും എത്ര മണ്ണു നീക്കം ചെയ്യാനുണ്ടെന്ന പഠനം നടത്താനായി സിഡബ്ല്യുആർഡിഎമ്മിനെ ചുമതലപ്പെടുത്തിയത്. ഇതിനുള്ള പണം തദ്ദേശ സ്ഥാപനങ്ങൾ തന്നെ നൽകി. ‌

ഈ വർഷം മാർച്ച്  3നാണ് സിഡബ്ല്യുആർഡിഎം ആദ്യ പഠനറിപ്പോർട്ട് നൽകിയത്.17 വരെയുള്ള തീയതികളിൽ മറ്റു റിപ്പോർട്ടുകളും സമർപ്പിച്ചു. ഫറോക്ക്, രാമനാട്ടുകാര നഗരസഭകളിലെയും ഒളവണ്ണ,പെരുമണ്ണ,പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി, തുറയൂർ, മണിയൂർ പഞ്ചായത്തുകളിലെയും നദികളിലായി 105072 ഘനമീറ്റർ മണ്ണുനീക്കം ചെയ്യാനുണ്ടെന്നായിരുന്നു റിപ്പോർട്ട്. മൂന്നു മാസത്തിനുള്ളിൽ ഇതു നീക്കം ചെയ്യണമെന്ന റിപ്പോർട്ട് പക്ഷേ ,രണ്ടു മാസത്തോളം പഞ്ചായത്തുകൾക്കു കൈമാറിയില്ല.

ഒടുവിൽ മൺസൂൺ തുടങ്ങുന്നതിനു മുൻപേ മണ്ണുനീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു 28ന് ഉത്തരവിറക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതു നടപ്പാക്കാനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി വകുപ്പ് മേധാവികളെ സമീപിക്കാനൊരുങ്ങുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.  പല നദികളിലെയും മണ്ണുനീക്കാനായി ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കേതിക, സാമ്പത്തിക സഹായം ആവശ്യമാണെന്നും ഇവർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com