ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് ചികിത്സയ്ക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ ഫസ്റ്റ്‌ലൈൻ‌ ട്രീറ്റ്മെന്റ് സെന്ററായ അശോകപുരത്തെ ലക്ഷദ്വീപ് അതിഥി മന്ദിരത്തിൽ നിന്ന് രോഗമുക്തി നേടിയ ആദ്യത്തെ രോഗി കൊയിലാണ്ടി സ്വദേശി അബ്ദുൽ സലാം വീട്ടിലേക്കു മടങ്ങി.ഗവ. ജനറൽ (ബീച്ച്) ആശുപത്രിയുടെ മേൽനോട്ടത്തിലാണ് ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം.

ബീച്ച് ആശുപത്രിയിലെ പൂന്തോട്ടത്തിൽ നിന്നു ശേഖരിച്ച പൂക്കൾ കൊണ്ട് ജീവനക്കാർ തയാറാക്കിയ ബൊക്കെ സൂപ്രണ്ട് ഡോ. വി.ഉമ്മർ ഫാറൂഖ് സലാമിനു കൈമാറി. വാർഡിൽ നിന്ന് പുറത്തേക്കു വന്ന ശേഷം സലാം ആദ്യം ചോദിച്ചത് മൈക്കിൾ ഡോക്ടർ ആരാണെന്നായിരുന്നു. ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നഴ്സുമാർ എന്നിവരെ ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞായിരുന്നു സലാം നന്ദിരേഖപ്പെടുത്തിയത്.

കാരണം ഇടയ്ക്ക് മാനസിക സമ്മർദം ഉണ്ടായപ്പോഴെല്ലാം ആശ്വാസ വാക്കുകൾ ചൊരിഞ്ഞത് ഡോക്ർമാരും നഴ്സുമാരുമായിരുന്നു. ഇവിടെ ചികിത്സയിലുള്ള എല്ലാവരും ഉടനെ സുഖപ്പെടട്ടെ എന്നു ആശംസിച്ചായിരുന്നു സലാം നാട്ടിലേക്കു മടങ്ങിയത്.നോഡൽ‌ ഓഫിസർ ഡോ. സി.ജെ.മൈക്കിൾ, എആർഎംഒ ‍ഡോ. എ.വി.ബിന്ദു, ഡോ. എൻ.എച്ച്.ബബി, ഡോ. എ.ബിജുന, ഡോ. എ.അനൂജ തുടങ്ങിയവർ ചേർന്ന് യാത്രയയച്ചു.

മൂന്നു മാസത്തെ സന്ദർശന വീസയിലായിരുന്നു കൊയിലാണ്ടി സ്വദേശി അബ്ദുൽ സലാം ദുബായിലേക്ക് പോയത്. അവിടെ രണ്ടരമാസം അടച്ചിട്ട മുറിയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് 12 പേർ ചേർന്ന് താമസിക്കുന്ന മുറിയിലേക്കു മാറി. ആദ്യ വിമാനത്തിൽ കോഴിക്കോട്ടെത്തി. ഈ വിമാനത്തിൽ വന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു സലാമിന്റെ സ്രവം പരിശോധിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ 18ന് ആണ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com