ADVERTISEMENT

കോഴിക്കോട് ∙ ഒരു വയസ്സായ കുട്ടി ഉൾപ്പെടെ 4 പേർക്ക് കൂടി ജില്ലയിൽ കോവിഡ്. 2 പേർ ചെന്നൈയിൽനിന്നു വന്നവരും 2 പേർ വിദേശത്തു നിന്നു വന്നവരുമാണ്. അമ്മയോടൊപ്പം ഖത്തറിൽ നിന്ന് 18ന് എത്തിയ ഒരു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 28ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. 

48 വയസ്സുള്ള കുറ്റ്യാടി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. 14ന് ചെന്നൈയിൽ നിന്ന് സ്വന്തം വാഹനത്തിൽ എത്തി നിരീക്ഷണത്തിലായിരുന്നു. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിൽ ചികിത്സയിലാണ്. 48 വയസ്സുള്ള ഏറാമല സ്വദേശി 28 ന് സ്വന്തം വാഹനത്തിൽ എത്തി. ഇദ്ദേഹവും ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിൽ ചികിത്സയിലാണ്. 64 വയസ്സുള്ള മാവൂർ സ്വദേശി 20 ന് ആണ് റിയാദിൽനിന്ന് കണ്ണൂരിൽ എത്തിയത്.

മാവൂർ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 22ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ പോസിറ്റീവ് ആവുകയും ചെയ്തു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരം.  കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 64 ആയി. 28 പേർ രോഗമുക്തരായി. 36 പേർ ചികിത്സയിലുണ്ട്.

17 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും 15 പേർ ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിലും 3 പേർ കണ്ണൂരിലും മഹാരാഷ്ട്രക്കാരിയായ ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കൽ കോളജിലുമാണ്.  ഇതു കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസർകോട് സ്വദേശികളും ഒരു തൃശൂർ സ്വദേശിയും മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരു തൃശൂർ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. പുതുതായി വന്ന 703 പേർ ഉൾപ്പെടെ 7440 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ വന്ന 334 പേർ ഉൾപ്പെടെ ആകെ 2042 പ്രവാസികളാണ്.

കോവിഡിനിടയിൽ ഡെങ്കിപ്പനിയും;

കോഴിക്കോട് ∙ കോവിഡിനിടയിൽ ഡെങ്കിപ്പനിയും പടരുന്നു. മഴ കൂടി തുടങ്ങിയതോടെ കൊതുകു പരത്തുന്ന വിവിധ രോഗങ്ങൾക്കെതിരെ മുൻകരുതൽ വേണമെന്ന നിർദേശങ്ങളുമായി ജില്ലാ ആരോഗ്യവകുപ്പ്. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.  ടെറസുകളിലും വീടുകളിലെ ഫ്രിജിന്റെ ട്രേകളിലും കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഈഡിസ് ലാർവകളുണ്ടാകും.

ഇവ വൃത്തിയാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.ജയശ്രീ പറഞ്ഞു. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കൾ, ചിരട്ടകൾ, മുട്ടത്തോടുകൾ, ചെടിച്ചട്ടികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടന്ന് അതിൽ ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകും. ഉറവിടങ്ങൾ ഇല്ലാതാക്കാൻ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിറകിൽ വേദന, ശരീരത്തിൽ ചുവന്ന തടിപ്പുകൾ തുടങ്ങിയ ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. രോഗികൾ പൂർണ വിശ്രമം എടുക്കേണ്ടതും വെള്ളം ധാരാളം കുടിക്കുകയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com