ADVERTISEMENT

കോഴിക്കോട് ∙ ബെല്ലടിച്ചില്ല, പരസ്പരം പിച്ചിയും നുള്ളിയും കുറുമ്പു കാണിച്ചില്ല, അവധിക്കാലത്തെ വിശേഷങ്ങൾ പങ്കുവച്ചില്ല; എന്നിട്ടും ക്ലാസുകൾ തുടങ്ങി. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കാണ് വേനലവധിക്കുശേഷം ഇന്നലെ ക്ലാസുകൾ തുടങ്ങിയത്. ഗൂഗിൾ മീറ്റ്, ക്ലാസ്റൂം ആപ്പുകൾ വഴി ഓൺലൈനായാണ് ക്ലാസുകൾ. ആദ്യ ദിവസമായതിനാൽ പല കുട്ടികളും പരസ്പരം ഒന്നു പുഞ്ചിരിക്കാൻ പോലും മറന്നു. ക്ലാസിൽ ഒച്ചപ്പാടും ബഹളവുമില്ലായിരുന്നു. പക്ഷേ, എല്ലാ ക്ലാസുകളിലും നിറയെ കുട്ടികളുണ്ടായിരുന്നു. രാവിലെ 8.30 മുതൽ 9.10 വരെയും 10 മുതൽ 10.40 വരെയുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. 

അതേസമയം കേന്ദ്രീയവിദ്യാലയത്തിൽ‍‍ പഠിക്കുന്ന രണ്ടു കുട്ടികളുള്ള വീടുകളിൽ ഓൺലൈൻ ക്ലാസ് ബുദ്ധിമുട്ടായി. കേന്ദ്രസർവീസിൽ ജോലി ചെയ്യുന്ന പിതാവ് ദൂരദേശത്താണ്. വീട്ടിൽ ഒരു സ്മാർട് ഫോൺ മാത്രമേയുള്ളു. വ്യത്യസ്ത ക്ലാസുകളിൽ പഠിക്കുന്ന രണ്ടു കുട്ടികളിൽ ഒരാൾക്കു മാത്രമേ ക്ലാസിൽ പങ്കെടുക്കാൻ കഴിയൂ എന്നതാണ് പ്രധാനപ്രശ്നം. ഈ കാര്യം ചൂണ്ടിക്കാണിച്ച് അനേകം രക്ഷിതാക്കൾ സ്കൂൾ അധികൃതർക്ക് പരാതി നൽകി. ആദ്യ 2 ദിവസത്തെ ക്ലാസുകൾ നോക്കിയ ശേഷം സമയപ്പട്ടിക പുതുക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്.

ഫീസ് പിരിക്കരുത് എന്നു നിവേദനം 

∙ കേന്ദ്രീയ വിദ്യാലയങ്ങളിൽ ലോക്ഡൗൺ കാരണം ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ നടക്കാത്തതിനാൽ ആദ്യപാദ ഫീസുകൾ പിരിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രീയ വിദ്യാലയ പാരന്റ്സ് അസോസിയേഷൻ കേന്ദ്രമന്ത്രിക്കും കേന്ദ്രീയവിദ്യാലയ സംഘതനും നിവേദനം നൽകി. കോവിഡ് കാലമായതിനാൽ ഒരു സ്കൂളിലും ഫീസ് വാങ്ങരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷന്റെ ഉത്തരവ് നിലനിൽക്കെയാണ് ഫീസ് പിരിക്കാൻ സർക്കുലർ ഇറക്കിയതെന്ന് നിവേദനത്തിൽ പറയുന്നു.  

വിദ്യാലയ വികാസ് നിധി (1500 രൂപ), കംപ്യൂട്ടർ ഫീസ് (300–450 രൂപ), ട്യൂഷൻ ഫീസ് (900– 1200 രൂപ) എന്നിങ്ങനെ 1800 മുതൽ 2100 രൂപ വരെയാണ് ആദ്യപാദ ഫീസ്. വിദ്യാർഥികൾക്ക് ഓൺലൈൻ സൗകര്യമുണ്ടോ എന്നുറപ്പാക്കാതെയാണ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതെന്നും നിവേദനത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com