ADVERTISEMENT

നരിക്കുനി∙ മാസ്ക് ധരിക്കാൻ കൂട്ടാക്കാത്ത അതിഥിത്തൊഴിലാളി പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും നാട്ടുകാരെയും വലച്ചു. അംജദ് ഖാൻ എന്ന അസം സ്വദേശിയുമായി ബന്ധപ്പെട്ടാണ് രാവിലെ പത്തരയോടെയാണ് സംഭവം തുടങ്ങുന്നത്. മാസ്ക് ധരിക്കാതെ ഇയാൾ എസ്ബിഐക്ക് സമീപം എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവർ മുഖം മറയ്ക്കാൻ ആവശ്യപ്പെട്ടു. ഇതു കേൾക്കാതെ അവിടെ തുടർന്നപ്പോൾ നാട്ടുകാർ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിച്ചു.

പൊലീസ് എത്തി മാസ്ക് നൽകിയെങ്കിലും ഇയാൾ വാങ്ങിയില്ല. മാസ്ക് ധരിക്കില്ലെന്ന വാശിയിലായിരുന്നു അംജദ് ഖാൻ. ഇതുവരെ മാസ്ക് വച്ചിട്ടില്ലെന്നും ഇനി ഉപയോഗിക്കില്ലെന്നും ഇയാൾ പറഞ്ഞു. പൊലീസ് പല തവണ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല.  ചളിക്കോട് ഭാഗത്താണ് അതിഥിത്തൊഴിലാളി താമസിക്കുന്നത്. വിവരം അറിഞ്ഞ് കെട്ടിട ഉടമ എത്തി മാസ്ക് ധരിക്കാൻ പറഞ്ഞെങ്കിലും ഇയാൾ കേട്ടില്ല. നാലു മണിക്കൂറോളം അധികൃതരും നാട്ടുകാരും ഇടപെട്ട് ഇയാളെ ബോധവൽക്കരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മാസ്ക് ധരിക്കാത്തതിനാൽ ഇയാളെ ജോലിക്ക് കൊണ്ടുപോയിരുന്നയാൾ ഇപ്പോൾ കൂടെ കൂട്ടാറില്ലെന്ന് പറയുന്നു. സർക്കാരിന്റെ കോവിഡ് സെല്ലിലേക്ക് മാറ്റാൻ ആംബുലൻസ് വിളിച്ചെങ്കിലും ലഭിച്ചില്ല. മാസ്ക് ധരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അംജദ് ഖാനോട് നടന്നു മുറിയിലേക്ക് മടങ്ങാനും അവിടം വരെ കെട്ടിട ഉടമയോട് സ്കൂട്ടറിൽ ഇയാളെ പിന്തുടരാനും നിർദേശം നൽകി പൊലീസും ആരോഗ്യ പ്രവർത്തകരും മടങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com