ADVERTISEMENT

കോഴിക്കോട് ∙ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിതുമ്പി നിന്നവർ, ഉറ്റവരുടെ കണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി നിത്യശാന്തിയിലേക്കു മടങ്ങിയവർ, അബോധാവസ്ഥയിൽ കഴിയുന്നയാളിന്റെ നെഞ്ചിടിപ്പു നൽകുന്ന ചെറിയ ആശ്വാസങ്ങൾ, ഉറ്റവരെ കാണാതെ പരിഭ്രാന്തരായവരുടെ കൂടിച്ചേരലുകൾ.. വിമാനദുരന്തത്തിന്റെ രണ്ടാം ദിനം പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രികളിൽ ഒരേസമയം കണ്ണീരിന്റെയും ആശ്വാസത്തിന്റെയും കാഴ്ചകളായി.

എങ്കിലും, ഇന്നലെ പുറത്തു വന്ന വാർത്തകളിൽ ഏറ്റവും പ്രധാനം പരുക്കേറ്റവരിൽ മിക്കവരും അപകടനില തരണം ചെയ്തു എന്നതായിരുന്നു. ആദ്യത്തെ നടുക്കവും പരിഭ്രാന്തിയും മാറ്റിവച്ച് ദുരന്തമുണ്ടായി 3 മണിക്കൂറുകൾക്കകം സർക്കാർ, സ്വകാര്യ ആശുപത്രികൾ ചേർന്നു നടത്തിയ ഇടപെടലാണ് മരണസംഖ്യ ഉയരാതെ പിടിച്ചു നിർത്തിയത്.

ഗവ. മെഡിക്കൽ കോളജ്, ഗവ. ജനറൽ (ബീച്ച്) ആശുപത്രി, ബേബി മെമ്മോറിയൽ‌, ആസ്റ്റർ മിംസ്, മെയ്ത്ര, മലാപ്പറമ്പ് ഇഖ്റ, പന്തീരാങ്കാവ് ആസ്റ്റൺ, ഫറോക്ക് ക്രെസന്റ് എന്നിവിടങ്ങളിൽ യുദ്ധസമാന സാഹചര്യങ്ങളോടെയാണ് ആരോഗ്യപ്രവർത്തകർ രംഗത്തിറങ്ങിയത്. മുന്നിലെത്തിയ മനുഷ്യരുടെ പരുക്കുകളോടു മാത്രമായിരുന്നില്ല, കോവിഡിനോടും പൊരുതേണ്ട സാഹചര്യമായിരുന്നു.

നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ ഒരേ സമയം പിപിഇ കിറ്റിനുള്ളിൽ അണിനിരന്നതോടെ ഡോക്ടറെയും നഴ്സിനെയും കണ്ടാൽ തിരിച്ചറിയാതെയുമായി. മാസ്കും ഫെയ്സ്ഷീൽഡും ധരിച്ച ആരോഗ്യപ്രവർത്തകർക്കു ബന്ധുക്കളോടു സംസാരിച്ചു വിവരങ്ങൾ ബോധ്യപ്പെടുത്തൽ വലിയ വെല്ലുവിളിയായിരുന്നു. പരുക്കേറ്റവരുടെ ബന്ധുക്കളെ കണ്ടെത്തൽ രണ്ടാം ദിവസവും വെല്ലുവിളിയായി.

കുടുംബസമേതം വിമാനത്തിൽ വന്ന പലരും പല ആശുപത്രികളിലായിരുന്നു. പലരും അബോധാവസ്ഥയിലും. ഇവരെ കണ്ടെത്തി എല്ലാവരെയും ഒരേ ആശുപത്രിയിലാക്കാനുള്ള ശ്രമങ്ങളാണ് ഇന്നലെ നടത്തിയത്. ജാഗ്രതയോടെ സൂക്ഷിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങളെല്ലാം രണ്ടു ദിവസം കൊണ്ടു കൈവിട്ടു പോയ സാഹചര്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com