ADVERTISEMENT

കോഴിക്കോട്∙ പെരുമഴയായിരുന്നു മോർച്ചറിക്കു ചുറ്റും. മുറ്റത്തും റോഡരികിലും സാമൂഹിക അകലം പാലിച്ചു നിവർന്ന കുടകൾക്കു ചുവട്ടിൽ സങ്കടമഴ പെയ്തു; അകത്തു പോസ്റ്റ്മോർട്ടം ടേബിളിൽ ഊഴം കാത്തുകിടക്കുന്നവരെക്കുറിച്ചുള്ള ഓർമകളും. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരിൽ കോവിഡ് പോസിറ്റീവായ ഒരാളുടെ ഒഴികെ 17 പേരുടെ മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം ചെയ്തത്.

രാവിലെ പത്തിനു തുടങ്ങിയ പോസ്റ്റ്മോർട്ടം അവസാനിച്ചത് വൈകിട്ട് 6.15ന്. ഒരേസമയം നാലു ടേബിളുകളിലായിരുന്നു പോസ്റ്റ്മോർട്ടം. ഫൊറൻസിക് വിഭാഗം മേധാവി ഡോ.കെ. പ്രസന്നന്റെ നേതൃത്വത്തിൽ 18 ഡോക്ടർമാർ നാലുസംഘങ്ങളായി നേതൃത്വം നൽകി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ ഇന്നലെ രാവിലെ തന്നെ മെഡിക്കൽ കോളജിലെത്തിച്ചിരുന്നു.

രാവിലെ 8.45നു പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. 18 മൃതദേഹങ്ങളുടെ ഇൻക്വസ്റ്റിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 18 സബ് ഇൻസ്പെക്ടർമാർക്കാണു ചുമതല നൽകിയത്. സഹായത്തിന് 2 വീതം പൊലീസുകാരെയും നിയോഗിച്ചു. മോർച്ചറിയുടെ പരിസരത്ത് സുരക്ഷാചുമതലയ്ക്കായി 40 പൊലീസുകാരെയും വിന്യസിച്ചിരുന്നു. പാലക്കാട് സ്വദേശി മുഹമ്മദ് റിയാസിന്റെ മൃതദേഹമാണ് ആദ്യം പോസ്റ്റ്മോർട്ടം ചെയ്തത്.

ലോക്ഡൗൺ മൂലം നീട്ടിവച്ച സ്വന്തം വിവാഹത്തിനായുള്ള യാത്രയിൽ മരണത്തിലേക്കു പറന്നിറങ്ങിയ യുവാവിന്റെ ഓർമയിൽ ആംബുലൻസിന്റെ മുൻസീറ്റിലിരുന്നു സുഹൃത്ത് കണ്ണീർതുടച്ചു. ഓരോ ആംബുലൻസും വിങ്ങുന്ന ഓർമകളുടെ നിലവിളികളുമായാണ് മോർച്ചറി മുറ്റത്തുനിന്ന് വീടുകളിലേക്ക് പാഞ്ഞത്. അമ്മയുടെ മരണമറിയാതെ ആശുപത്രിക്കിടക്കയിൽ കഴിയുന്ന മകന്റെ അരികിലേക്കു സിനോബിയയുടെ മൃതദേഹം കൊണ്ടുപോയപ്പോൾ ഒന്നര വയസ്സുകാരി ഷെസ ഫാത്തിമയുടെ മൃതദേഹം കൊണ്ടുപോയത് ആശുപത്രിക്കിടക്കയിലുള്ള അമ്മയെ കാണിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com