ADVERTISEMENT

കോഴിക്കോട് ∙ കരിപ്പൂരിൽ വിമാനം അപകടത്തിൽപെട്ട വിവരം അറിഞ്ഞതു മുതൽ രക്ഷാപ്രവർത്തനം അവസാനിക്കും വരെ നേതൃനിരയിൽ നിന്ന കലക്ടർ എസ്.സാംബശിവ റാവു കോഴിക്കോടൻ പാരമ്പര്യത്തിന്റെ കാവലാളായി. ദുരന്തമുഖങ്ങളിൽ എല്ലാം മറന്നു പോരാടുന്ന പാരമ്പര്യം കരിപ്പൂർ വിമാന അപകട വേളയിലും പ്രകടമായി. അപകട വിവരം അറിഞ്ഞ ഉടൻ കലക്ടർ കരിപ്പൂരിലെത്തിയിരുന്നു. അവിടെ ആവശ്യത്തിന് ആംബുലൻസ് ഇല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം 100 ആംബുലൻസുകൾ ഉടൻ എത്തിച്ചു.

എഡിഎം രോഷ്ണി നാരായണൻ, സബ് കലക്ടർ ജി.പ്രിയങ്ക, ആർഡിഒ അബ്ദുറഹിമാൻ, ഡിഎംഒ ഡോ. വി.ജയശ്രീ, എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ.കെ.നവീൻ, ദുരന്ത നിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ കലക്ടറെ സഹായിക്കാൻ ജീവനക്കാരുമായി അണിനിരന്നു. റവന്യു, ആരോഗ്യം, പൊലീസ്, അഗ്നി രക്ഷാസേന വകുപ്പുകൾ രാത്രി മുഴുവൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.

കാര്യങ്ങൾ അപ്പപ്പോൾ വിലയിരുത്തി നിർദേശം നൽകാൻ കലക്ടർ ഓടി നടന്നു. അപകട വിവരം അറിഞ്ഞപ്പോൾ തന്നെ കലക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. ഒപ്പം ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമും തുടങ്ങി. അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞുള്ള അന്വേഷണങ്ങൾക്കു കലക്ടറേറ്റിലെ കൺട്രോൾ റൂം വിവരങ്ങൾ നൽകി.

വിവര ശേഖരണത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റവന്യു ജീവനക്കാരുടെ സംഘങ്ങൾ ഓരോ ആശുപത്രിയിലും പ്രവർത്തിച്ചു. ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിച്ചു. ആംബുലൻസുകൾക്കു വഴിയൊരുക്കാൻ പൊലീസ് സേന റോഡിലുടനീളം നിലകൊണ്ടു ഗതാഗതം സുഗമമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com