ADVERTISEMENT

നാദാപുരം∙ പേമാരിയിൽ നാലാം ദിനത്തിലും നാടെങ്ങും കെടുതികൾ. വഴികൾ വെള്ളത്തിൽ മുങ്ങി. വെള്ളം കയറിയും കാറ്റടിച്ചും വീടുകൾ തകർന്നു. നാദാപുരം –കണ്ണൂർ വിമാനത്താവളം റോഡിൽ കായപ്പനച്ചിയിലും ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡ് കവലയിലും പെരിങ്ങത്തൂർ പാലത്തോട് ചേർന്നും വെള്ളം കയറി. ഇരിങ്ങണ്ണൂർ മരക്കുളം മുത്തപ്പക്ഷേത്രം, കായപ്പനച്ചി പള്ളി പരിസരം,  എടച്ചേരി മൃഗാശുപത്രി തുടങ്ങിയവിടങ്ങളിൽ വെള്ളം കയറി.

കല്ലാച്ചി വളയം റോഡിലെ കല്ലാച്ചി മെറ്റൽസ് മഴയിൽ തകർന്ന നിലയിൽ.

എടച്ചേരി വേങ്ങോളിയിലെ കൂടത്താംകണ്ടി താഴെ ഭാഗത്ത് വെള്ളം കയറി വീട്ടുകാർ വീടൊഴിയാൻ തുടങ്ങി. താനക്കോട്ടൂർ മീഞ്ചേരിക്കുഴിയിൽ ചാത്തുക്കുട്ടിയുടെ വീടിനുമേൽ മരം വീണു. നാദാപുരത്ത് അരയാക്കൂൽ താഴെ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. കുമ്മങ്കോട്ട് അരയാക്കൂൽ ഇസ്മായിലിന്റെയും കസ്തൂരിക്കുളത്ത് ചീളി നൗഷാദിന്റെയും മതിലുകൾ തകർന്നു. കുമ്മങ്കോട് റേഷൻകടയിലേക്ക് രാത്രി വെള്ളം കയറി.

സന്നദ്ധ പ്രവർത്തകരെത്തി അരിയും മറ്റും സുരക്ഷിതമാക്കി. ഇതുവഴിയും കല്ലാച്ചി കുമ്മങ്കോട് റോഡ് വഴിയും ഗതാഗതം  മുടങ്ങി. വിഷ്ണുമംഗലത്ത് വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാതെയായ ഗർഭിണി ഉൾപ്പെടെയുള്ളവരെ പുലർച്ചെ കുറ്റ്യാടിയിൽനിന്ന് ബോട്ടുമായെത്തി ജനകീയ ദുരന്തനിവാരണ സേനാ പ്രവർത്തകർ രക്ഷിച്ചു. 

പാലത്തിനു സമീപം എൻ.വി.മുഹമ്മദ് ഹാജിയുടെ ഓത്തിയിൽ മാർബിൾസിനു പുറത്ത് സൂക്ഷിച്ച മാർബിൾ സ്ലാബുകൾ മണ്ണ് താഴ്ന്നതിനെ തുടർന്ന് തകർന്നു. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കിണറുകളിലെ വെള്ളം മലിനമായി. കല്ലുമ്മൽ ലക്ഷംവീട്ടിലെ താമസക്കാരെ ജാതിയേരി എംഎൽപി സ്കൂളിലേക്ക് മാറ്റി. പാറക്കടവ് ചേട്യാലക്കടവ് തൂക്കുപാലത്തിന്റെ പലകകൾ ഒഴുകിപ്പോയി.

നാദാപുരം ടൗൺ വാർഡിലെ 20 വീടുകളിൽ വെള്ളം കയറി. കക്കംവെള്ളി ഭാഗത്തെ ചില വീടുകളിലും വെള്ളം കയറി. കക്കംവെള്ളി അരയാക്കൂൽ താഴെകുനി മഹമൂദിന്റെ 3 പശുക്കളും കിടാങ്ങളും വെള്ളത്തിൽപെട്ടത് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ രക്ഷിച്ചു. വരിക്കോളി കടുങ്ങോൻകണ്ടി പറമ്പിലെ കുട്ടങ്കണ്ടി സിറാജിന്റെ കിണർ തകർന്നു. ഈ ഭാഗത്തെ വീട്ടുകാർക്ക് കുടിവെള്ളം മുടങ്ങി. കുറ്റിപ്രം പാറയിൽ ക്ഷേത്രം ഒൻപതുകണ്ടം റോഡിൽ പലയിടങ്ങളിലും വെള്ളം കയറി.

വടകര ∙ കനത്ത മഴയിൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ വിവിധ സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി. വടകര മേഖലയിൽ വിവിധ ഭാഗങ്ങളിലായി  അറുപതോളം കുടുംബങ്ങൾ വീടൊഴിഞ്ഞു. അറക്കിലാട് – വയൽപീടിക റോഡും പരിസരവും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് 15 കുടുംബങ്ങൾ വീടൊഴി‍ഞ്ഞു. പ്രദേശത്തെ ഒരു കിലോമീറ്റർ ദൂരത്തിലുള്ള ഭാഗം മുഴുവൻ വെള്ളക്കെട്ടാണ്.

കഴിഞ്ഞ വർഷം നാട്ടുകാർ നേരിട്ട ദുരിതത്തിന്റെ ആവർത്തനമാണിപ്പോൾ. പ്രദേശത്ത് പല റോഡുകളിലും ഗതാഗതം മുടങ്ങി. സമീപത്തെ വയലുകൾ നികത്തിയതും അശാസ്ത്രീയമായി പണിത ഓടയുമാണ് വെള്ളക്കെട്ടിനു കാരണം. മഴക്കാലത്ത് നേരിടുന്ന ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് പള്ളിയരഞ്ഞി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 

നടക്കുതാഴ കുറുമ്പയിൽ മെയിൻ റോഡ് മുതൽ കാർഷിക നഴ്സറി, എൻഎംയുപി സ്കൂ‍ൾ ഭാഗത്തെ റോഡ് വെള്ളക്കെട്ടിലായി. കാർഷിക നഴ്സറിയും പരിസരവും വെള്ളം നിറഞ്ഞ് ഒറ്റപ്പെട്ടു കിടക്കുകയാണ്. 8 വീട്ടുകാർ മാറി താമസിച്ചു. ഇതു വഴി ഗതാഗതം നിലച്ചതോടെ മറു ഭാഗത്തേക്ക് ആർക്കും എത്തിപ്പെടാൻ പറ്റാതായി.

വടകര പാർക്ക് റോഡ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള വീടുകളും കടകളും വെള്ളക്കെട്ടിന്റെ ദുരിതത്തിലായി. പല വീടുകളിലും വെള്ളമെത്തി. കടകൾ തുറക്കാനായില്ല. കല്ലാച്ചി വളയം റോഡിൽ കോമത്ത് മീത്തൽ അച്യുതന്റെ  കല്ലാച്ചി മെറ്റൽസ് എന്ന സ്ഥാപനം മഴയിൽ തകർന്നു. ഒട്ടേറെ ഉപകരണങ്ങൾ നശിച്ചു. മിനി സിവിൽ സ്റ്റേഷനു സമീപം കോമത്ത്താഴെക്കുനി മാതുവിന്റെ വീട്ടുകിണർ നശിച്ചു.

വേളം ∙ തീക്കുനി ടൗൺ വെള്ളത്തിലായി. കടകളിൽ വെള്ളം കയറി പല വ്യാപാരികൾക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ട്. അരൂർ, തീക്കുനി റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കളപ്പീടികയിൽ അരവിന്ദാക്ഷൻ, പൂമംഗലത്ത് താഴ കുമാരൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com