ADVERTISEMENT

രാമനാട്ടുകര ∙ പരുത്തിപ്പാറ മൂർക്കനാട് കടവ് അത്യോളിൽ താഴത്ത് തീരം ഇടിഞ്ഞു ചാലിയാർ ഗതിമാറി ഒഴുകുന്നു. മലവെള്ളപ്പാച്ചിലിൽ കര കവിഞ്ഞ നദി ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുകി. ഒട്ടേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൂർക്കനാട് കടവ് റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഇവിടത്തെ 36 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിലാണ് തീരത്തെ മൺതിട്ട ഇടിഞ്ഞത്.

വെള്ളത്തിനടിയിലായ മൂർക്കനാട് കടവ് റോഡിലൂടെ നടന്നു പോകുന്നവർ.

ഇതുവഴി പുഴ വഴിമാറി ഒഴുകുന്നത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിച്ചു. ചാലിയാറിൽ ഒഴുകിയെത്തുന്ന വെള്ളം അത്യോളിൽ താഴം മേഖലയിലൂടെ കരിങ്കല്ലായ് പാടം മേഖലയിലേക്കാണു വ്യാപിക്കുന്നത്. വെള്ളം പരന്നൊഴുകുന്നതു എരുവത്ത്താഴം മേഖലയിലും ജനജീവിതത്തെ ബാധിച്ചു. താഴ്ന്ന പ്രദേശമായ ഇവിടെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 

ഉയർന്ന പ്രദേശമായ മൂർക്കനാട് പുഴയോരത്തു നിന്നു പണ്ടുകാലത്ത് കളിമണ്ണ് ഖനനം ചെയ്തിരുന്നു. വലിയ മൺകുഴിയായ ഇവിടെ വെള്ളം കെട്ടിനിന്നു കരയിടിഞ്ഞതും പുഴ ദിശ മാറി ഒഴുകാൻ വഴിയൊരുക്കി. അത്യോളിൽ താഴത്ത് 250 മീറ്ററിൽ പുഴയ്ക്കു പാർശ്വ സുരക്ഷാ ഭിത്തി കെട്ടിയാൽ മാത്രമേ മഴക്കാലത്ത് പതിവായ വെള്ളപ്പൊക്കത്തിനു പരിഹാരമാകൂവെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com