ADVERTISEMENT

കോഴിക്കോട് ∙ പ്രതിസന്ധിയുടെ കോവിഡ് കാലത്തിനിടയിലും പ്രതീക്ഷയുടെ പൂക്കാലമാണു പൊന്നോണം. തിരുവോണത്തിന് ഇനിയും 11 ദിവസമുണ്ടെങ്കിലും 22ന് അത്തം മുതൽ കേരളക്കരയ്ക്ക് ഓണമാണ്. പൂക്കളമൊരുക്കിയും ഊഞ്ഞാലിട്ടും ആഘോഷം തുടങ്ങും മുൻപേ വിപണി സജീവമാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കയുണ്ടെങ്കിലും ജില്ലയിലെ വിപണി മെല്ലെ ഉണരുകയാണ്. വിഷു ഉൾപ്പെടെയുള്ള ആഘോഷ അവസരങ്ങളിലെ കച്ചവടം നഷ്ടമായ വ്യാപാരികൾ ഓണക്കാലം പ്രതീക്ഷയോടെയാണു കാണുന്നത്.  

പ്രതീക്ഷയോടെ വിപണി

∙ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും മുൻപുണ്ടായിരുന്ന കച്ചവടത്തിന്റെ 20% മാത്രമാണു പിന്നീടു നടന്നതെന്നു കോഴിക്കോട് നഗരത്തിലെ വ്യാപാരികൾ പറയുന്നു. ഓണക്കാലത്ത് ഇതിനു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണവർ. പലവ്യഞ്ജന വിപണിയിൽ ഓണക്കാലമായിട്ടും വിലക്കൂടുതലില്ല. മിക്ക സാധനങ്ങൾക്കും വില കുറവാണെന്നും വ്യാപാരികൾ പറയുന്നു. 

ലോക്ഡൗൺ കാലത്ത് ഉണ്ടായിരുന്ന ഗതാഗതതടസ്സങ്ങൾ മാറിയതോടെ കടകളിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ സാധനങ്ങൾ എത്തുന്നുണ്ട്. കഴിഞ്ഞ 2 വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി മഴ മാറിനിൽക്കുന്നതും വിപണിക്ക് ഊർജം പകരുന്നു. ഓണക്കാലത്തോടനുബന്ധിച്ചു കണ്ടെയ്ൻമെന്റ് സോണുകളിലെ കടകളും തുറക്കാൻ അനുമതി നൽകണമെന്നു  വ്യാപാരികൾ ജില്ലാ ഭരണകൂടത്തോട് അഭ്യർഥിച്ചിട്ടുണ്ട്. 

പുതുവഴി തേടി വ്യാപാരികൾ

∙കോവിഡ് പശ്ചാത്തലത്തിൽ പരമ്പരാഗത കച്ചവട രീതികളിൽ നിന്നു വ്യത്യസ്തമായ മാർഗങ്ങൾ തേടുകയാണു വ്യാപാരികൾ. കച്ചവടത്തിനായി ഡിജിറ്റൽ മാർഗങ്ങൾ തേടുന്നതാണ് ഇതിൽ പ്രധാനം. പണമിടപാടുകളിലും  വലിയ വ്യത്യാസം വന്നിട്ടുണ്ട്. നേരിട്ടു കയ്യിൽ കാശ് കൊടുക്കുന്നതിനു പകരം ഗൂഗിൾ പേ, പേടിഎം പോലെ യുപിഐ അടിസ്ഥാനമാക്കിയ രീതിയാണ് ഇപ്പോൾ ഉപഭോക്താക്കൾ ആശ്രയിക്കുന്നത്.

വ്യാപാരികളും ഈ രീതിയിലേക്കു മാറിയിട്ടുണ്ട്. മിഠായിത്തെരുവിലെ വ്യാപാരികൾ ചേർന്ന് ഹോം ഡെലിവറിക്കു വേണ്ടി ഓൺലൈൻ ആപ്ലിക്കേഷൻ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. ഓണത്തിനു മുൻപു തന്നെ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നു വ്യാപാരികൾ പറയുന്നു. 

കോവിഡ് നിയന്ത്രണങ്ങൾ

∙ഓണക്കാലമാണെങ്കിലും കോവിഡ് മറന്നുള്ള കച്ചവടത്തിനു തങ്ങളില്ലെന്നു വ്യാപാരികൾ പറയുന്നു. കൈ ശുചിയാക്കലും സാമൂഹിക അകലവും എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമാണ്. കോഴിക്കോട് വലിയങ്ങാടിയിൽ  ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങൾക്കു നിയന്ത്രണമുണ്ട്. ടോക്കൺ കൊടുത്ത്, തിരക്കുണ്ടാക്കാതെയാണു കയറ്റിറക്കു നടത്തുന്നത്. ഡ്രൈവർമാരുടെ താപനില പരിശോധിക്കുകയും  പ്രത്യേകം ശുചിമുറികൾ ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കടകളിൽ പോകുമ്പോൾ

∙ സാമൂഹിക അകലം കർശനമായി പാലിക്കുക. അടുത്തു നിൽക്കുന്ന ആളിൽ നിന്ന് 2 മീറ്ററെങ്കിലും ദൂരെ മാറി നിൽക്കുക.
∙ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. കൂട്ടം കൂടി  സംസാരിക്കരുത്.
∙ കടകളിൽ കയറുന്നതിനു മുൻപും ഇറങ്ങിയ ശേഷവും സോപ്പിട്ടു കൈ കഴുകണം. അതിനു സാധിക്കുന്നില്ലെങ്കിൽ സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കുക.
∙ പഴങ്ങൾ, പച്ചക്കറി തുടങ്ങിയവ വീട്ടിൽ കൊണ്ടുവന്നു വൃത്തിയായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com