ADVERTISEMENT

കടലുണ്ടി ∙ അഴിമുഖത്ത് നിന്നുള്ള ശക്തമായ തിരയടിയിൽ കടലുണ്ടിക്കടവിൽ വലിയ മണൽത്തിട്ട രൂപപ്പെട്ടു. കടലുണ്ടിക്കടവ് പാലം പരിസരത്താണ് വ്യാപക തോതിൽ മണൽ അടിഞ്ഞു കൂടിയത്. ഇതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു വള്ളങ്ങളുമായി കടലിൽ പോകാൻ പറ്റാതായി. അൻപതോളം മത്സ്യത്തൊഴിലാളികൾ ചേർന്ന് പാലത്തിനു സമീപത്തെ മണൽത്തിട്ട നീക്കി തോണി കടന്നു പോകാൻ മാർഗം ഒരുക്കി. കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖത്ത് ശക്തമായ തിരയടിയാണ്. കടലേറ്റത്തിൽ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മണലാണ് പാലത്തിനു സമീപം അടിഞ്ഞു കൂടിയത്.

ഇവിടത്തെ ബോട്ട് ജെട്ടിയുടെ കോൺക്രീറ്റ് പ്ലാറ്റ്ഫോമിലേക്കും മണൽ വ്യാപിച്ചു. ജെട്ടിയിൽ വള്ളങ്ങൾ അടുപ്പിക്കാനും മത്സ്യബന്ധന ഉപകരണങ്ങൾ ഇറക്കാനും പ്രയാസമായി. കടലുണ്ടിപ്പുഴയിൽ നിന്നു കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെയും ഇതു ബാധിച്ചിട്ടുണ്ട്. കടലുണ്ടി കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകൾക്കും മണൽ ഭീഷണിയായി. കടലുണ്ടിക്കടവ്, കടലുണ്ടി നഗരം, മുതിയം ബീച്ച് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടലുണ്ടിക്കടവിലാണ് വള്ളങ്ങൾ അടുപ്പിച്ചിരുന്നത്. അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെട്ടതോടെ പലരും ചാലിയം ഫിഷ് ലാൻഡിങ് സെന്റർ പരിസരത്താണ് വള്ളങ്ങൾ നിർത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com