ADVERTISEMENT

കോഴിക്കോട്∙കോവിഡ് പ്രതിസന്ധികൾക്കിടയിൽ വരുമാനം നിലച്ചൊരു ഓട്ടോഡ്രൈവറുടെ വീട്ടിൽ നിന്നു കക്കോടി കിഴക്കുംമുറി കപ്പറമ്പത്ത് ആയിഷ നേടിയ നീറ്റ് റാങ്കിന് ഇരട്ടി മധുരം. 25 വർഷം നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്ന കെ.പി.സലീമിന്റെയും എം.സുലൈഖയുടെയും മകളാണ്.

കോവിഡിനെ തുടർന്ന് ഓട്ടമില്ലാതായ ഓട്ടോ മുറ്റത്ത് നിർത്തിയിട്ട് സുഹൃത്തിനൊപ്പം നിർമാണജോലിക്കു പോകുന്ന സലീമിനും ഭാര്യ സുലൈഖയ്ക്കും ഈ വിജയം നൽകുന്നത് അതിരുകളില്ലാത്ത ആഹ്ലാദം.പൊതുവിദ്യാലയത്തിൽ പഠിച്ച ആയിഷ ആദ്യതവണ എഴുതിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ തന്നെ 193 ാം റാങ്കോടെ (ഒബിസി- 35) മിന്നും വിജയമാണ് നേടിയത്.

കോഴിക്കോട്  ഗവ. മെഡിക്കൽ കോളജിൽ പഠിക്കാനാണ് ആഗ്രഹം. എന്നിട്ട്, കഷ്ടപ്പെടുന്നവരെയും പാവങ്ങളെയും സഹായിക്കുന്ന കർമനിരതയായ ഡോക്ടറാകണം. ചേളന്നൂർ എകെകെആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഫുൾ എ പ്ലസ് ഉണ്ടായിരുന്നു. അധ്യാപികയാകാനാണ് ആദ്യം ആഗ്രഹിച്ചത്.  പ്ലസ്ടുവിന് സയൻസ് എടുത്ത് പഠിക്കുമ്പോഴാണ് ഡോക്ടറാകണമെന്ന മോഹം ഉണ്ടായത്.

ബാലുശ്ശേരിയിലെ കാറ്റലിസ്റ്റ് കോച്ചിങ് സെന്ററിലായിരുന്നു പരിശീലനം. പ്ലസ് വണ്ണിന്  10,000 രൂപ ഫീസ് അടച്ചെങ്കിലും  കോച്ചിങ് സെന്ററിലെ പരീക്ഷയിൽ മികവു പുലർത്തിയതോടെ ഡയറക്ടർ ടി.പി.രൂപിഷ് 5,000 രൂപ തിരികെ നൽകി. തുടർന്നു ട്യൂഷനും മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുമെല്ലാം  സൗജന്യ പരിശീലനവും നൽകി. ആയിഷയുടെ സഹോദരൻ മുഹമ്മദ് അസ്‌ലം കംപ്യൂട്ടർ കോഴ്സിന് പഠിക്കുകയാണ്. ക്ലാസില്ലാത്തതിനാൽ ഓൺലൈൻ ഹോം ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുന്നുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com