ADVERTISEMENT

കോഴിക്കോട് ∙ ഒടുവിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനു ബേപ്പൂരിൽ തന്നെ സ്മാരകം ഉയരുന്നു. ബഷീർ മരിച്ചിട്ട് 26 വർഷം പിന്നിട്ട ശേഷമാണ് സ്മാരകം ഉയരുന്നതെങ്കിലും അത് എക്കാലവും ഓർമിക്കും വിധം ഒരു സാഹിത്യ തീർഥാടന കേന്ദ്രം എന്ന നിലയിലാണ് ഉയർന്നു വരിക. ബിസി റോഡിൽ വർഷങ്ങളായി ഉപയോഗിക്കാത്ത ബേപ്പൂർ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റി അവിടെയാണ് സ്മാരകം ഉയരുക. ഹാളിന്റെ തെക്കുഭാഗത്തു കോർപറേഷന്റെ കൈവശമുള്ള 82.69 സെന്റ് സ്ഥലം കൂടി ഇതിനായി പ്രയോജനപ്പെടുത്തും.

ഇതിനു പുറമേ സമീപത്തെ 14 സെന്റ് സ്ഥലം കൂടി കോർപറേഷൻ ഏറ്റെടുക്കും. കോർപറേഷന്റെ ഉടമസ്ഥതയിൽ ഉയരുന്ന ബഷീർ സ്മാരകത്തിന് ആവശ്യമായ ഫണ്ട് സംസ്ഥാന സർക്കാരിൽ നിന്ന് നേടിയെടുക്കാനാകും. 2008 ൽ ബഷീർ സ്മാരക നിർമാണത്തിനായി ഉപദേശകസമിതി രൂപീകരിച്ചിരുന്നു. അന്നത്തെ സാംസ്‌കാരിക മന്ത്രി എം.എ.ബേബിയായിരുന്നു ചെയർമാൻ. 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ സമിതിക്ക് വർഷങ്ങളായിട്ടും സ്ഥലം കണ്ടെത്താനായില്ലെന്ന് കാണിച്ച് 2018 ൽ തുക സർക്കാർ തിരിച്ചെടുത്തു.

ഈ പണവും ഓരോ ജില്ലകളിലും സാംസ്കാരിക നായകർക്ക് സ്മാരകം നിർമിക്കാൻ സാംസ്കാരിക വകുപ്പ് അനുവദിച്ച ഫണ്ടും ഇപ്പോഴത്തെ ബഷീർ സ്മാരകത്തിനായി ഉപയോഗിക്കാനാവും. എത്രയും വേഗം ബഷീർ സ്മാരകത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങുമെന്നു മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു. ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം നിർമിക്കുന്നതിന് തയാറാക്കിയ കരടുരൂപരേഖയുടെ അവതരണം ഇന്നലെ നടന്നു. രൂപരേഖ തയാറാക്കിയ ആർക്കിടെക്ട് വിനോദ് സിറിയക്കാണ് അവതരണം നടത്തിയത്.

കൾച്ചറൽ സെന്റർ, ഗവേഷണ കേന്ദ്രം, ബഷീർ മ്യൂസിയം, സാംസ്കാരിക പരിപാടികൾക്കായുള്ള ഹാളുകൾ, ആംഫി തിയറ്റർ, ഓപ്പൺ എയർ പച്ചത്തുരുത്തുകൾ, എക്സിബിഷൻ സെന്റർ, ബഷീർ കഥാപാത്രങ്ങളുടെ മിനിയേച്ചറുകൾ, കുട്ടികൾക്കായി അക്ഷരത്തോട്ടം, ബഷീറിന്റെ കൃതികളും ബഷീറിനെക്കുറിച്ചുള്ള കൃതികളും ബഷീറിന്റെ വിവർത്തന കൃതികളും അടങ്ങിയ ഗ്രന്ഥാലയം എന്നിവയെല്ലാം അടങ്ങിയ സമഗ്രമായ സാംസ്കാരിക സമുച്ചയമായിരിക്കും ഉയരുക.

സാംസ്കാരിക നിലയത്തിന്റെ പൂമുഖത്തു തന്നെ ബഷീറിന്റെ പ്രശസ്തമായ ചാരുകസേരയും ഗ്രാമ ഫോണും മാങ്കോസ്റ്റിനുമുണ്ടാകും.മേയർ തോട്ടത്തിൽ രവീന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. എംഎൽഎമാരായ വി.കെ.സി.മമ്മദ്കോയ, എ.പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി എന്നിവരും സാഹിത്യകാരൻമാരായ സുഭാഷ് ചന്ദ്രൻ, ഖദീജാ മുംതാസ്, എൻ.പി.ഹാഫിസ് മുഹമ്മദ്, പി.കെ.പാറക്കടവ്, ബഷീറിന്റെ മക്കളായ ഷാഹിന, അനീസ് എന്നിവരും കോർപറേഷൻ കൗൺസിലർ എൻ.സതീഷ്കുമാർ, കെ.ജെ.തോമസ്, എ.കെ.രമേശ്, പ്രദീപ് ഹുഡീനോ, എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com