ADVERTISEMENT

കോഴിക്കോട് -∙ കെ–റെയിൽ വേഗപാതയ്ക്കെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കുന്നു. നിർദിഷ്ട പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ നേരിട്ടുകണ്ടു യുഡിഎഫ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 24ന് ദേശീയ പാതയോരത്തു നടക്കുന്ന നിൽപുസമരത്തോടെ കെ–റെയിലിനെതിരെയുള്ള യുഡിഎഫ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. ഇതിനു മുന്നോടിയായാണ് പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളെ നേരിട്ടു കാണാൻ ഇന്നലെ നേതാക്കളെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ പദ്ധതി ഉപേക്ഷിക്കുമെന്ന ഉറപ്പാണ് യുഡിഎഫ് നൽകുന്നത്. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ, എം.കെ.രാഘവൻ എംപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീൺകുമാർ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ റഷീദ് വെങ്ങളം, സമദ് പൂക്കാട് എന്നിവരുമുണ്ടായിരുന്നു.

കെ–റെയിലിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ജില്ലയിൽ മാത്രം മൂവായിരത്തോളം വീടുകൾ പൊളിച്ചുമാറ്റേണ്ടിവരും. പദ്ധതിക്കെതിരെ വിവിധ പ്രദേശങ്ങളിൽ ആക്‌ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കക്ഷിവ്യത്യാസമില്ലാതെ രൂപീകരിച്ച ഈ ജനകീയ കൂട്ടായ്മകളുടെ പിന്തുണയാണു യുഡിഎഫ് പ്രതീക്ഷിക്കുന്നത്. നിർദിഷ്ട പാതയുടെ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യത്തിനു പകരം പദ്ധതി തന്നെ ഉപേക്ഷിക്കണം

എന്ന ആവശ്യമുയർത്തുന്നതും മുഴുവൻ ജനങ്ങളുടെയും പിന്തുണ ലക്ഷ്യമിട്ടാണ്. അലൈൻമെന്റ് മാറ്റിയാൽ മറ്റൊരു പ്രദേശത്ത് ഇതേ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ–റെയിൽ പദ്ധതി പ്രായോഗികമല്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. 

വികസന മാമാങ്കത്തിനിടയിൽ ഞങ്ങൾ എവിടെപ്പോയി താമസിക്കും

കോഴിക്കോട്∙ ‘ഒരു വശത്ത് കടൽ. മറുവശത്ത് പുഴ. ഇടയിൽ ഒരു റെയിൽവേ ലൈനും ദേശീയപാതയും ഇതിനിടയിൽ ഒരു റെയിൽപാത കൂടി വന്നാൽ ഈ നാട്ടിലുള്ളവരൊക്കെ എവിടെപ്പൊയി താമസിക്കും’? എലത്തൂരിൽ നിർദിഷ്ട കെ–റെയിൽ വേഗപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് യുഡിഎഫ് നേതാക്കളോടുള്ള ചോദ്യമിതായിരുന്നു.

നിവേദനങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ബാങ്ക് വായ്പയെടുത്ത് 6 മാസം മുൻപ് വീടുനിർമാണം പൂർത്തിയാക്കിവരും ഗൃഹപ്രവേശത്തിനു കാത്തുനിൽക്കുന്നവരുമൊക്കെ ഉണ്ടായിരുന്നു. 15 കേന്ദ്രങ്ങളിലായി മൂവായിരത്തോളം പേരെയാണ് യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിച്ചത്. രാവിലെ വടകര കൈനാട്ടിയിൽ നിന്നാരംഭിച്ച പര്യടനം വൈകിട്ട് കോഴിക്കോട് ഫ്രാൻസിസ് റോഡിലാണ് അവസാനിച്ചത്. കെ–റെയിൽ ജനകീയ പ്രതിരോധസമിതിയുടെ കാട്ടിൽപ്പീടികയിലെ സമരപ്പന്തലിലും സംഘമെത്തി. 

'റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾ സംസ്ഥാന സ്ഥലം ഏറ്റെടുത്തു നൽകാത്തതുമൂലം മുടങ്ങിക്കിടക്കുമ്പോഴാണു 65000 കോടി രൂപയുടെ പുതിയ റെയിൽപാത നിർമിക്കാനുള്ള  സർക്കാർ നീക്കം. ഒരു ശതമാനം ആളുകൾക്കു വേണ്ടി 99 ശതമാനം ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതിയാണിത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യമെടുക്കുന്ന തീരുമാനം കെ–റെയിൽ ഉപേക്ഷിക്കാനുള്ളതായിരിക്കും.  എം.കെ.രാഘവൻ എംപി.  

'ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി കണ്ടുപിടിച്ച പദ്ധതിയാണ് കെ–റെയിൽ. വീടുകളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. കുറച്ചു ആളുകൾക്കു മാത്രം ഗുണമുള്ള ഒരു പദ്ധതിയാണ് ജനങ്ങളുടെ നെഞ്ചിലൂടെ കടന്നുവരുന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ യുഡിഎഫ് ഉണ്ടാകും.  എം.കെ.മുനീർ എംഎൽഎ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com