ADVERTISEMENT

വടകര ∙ മൂരാട് – പാലോളിപ്പാലം ദേശീയപാത വികസനം അടുത്ത ദിവസം തുടങ്ങുമ്പോൾ പുതുപ്പണം കട്ടാഞ്ചേരി കുടുംബത്തിന്റെ 4 തലമുറ കച്ചവട പാരമ്പര്യമാണ് ഇല്ലാതാവുന്നത്. പാതയ്ക്ക് വേണ്ടി ഇവരുടെ പലചരക്ക് കട ഒഴിയുന്നത് രണ്ടാം തവണ. കടയുടെ മറു വശത്തുള്ള വണ്ണത്താങ്കണ്ടിയിൽ വീടിന്റെ 15 സെന്റ് കൂടി കവർന്നെടുത്താണ് പാത 6 വരിയി‍ൽ വികസിക്കുന്നത്.

1920ലാണ് കട്ടാഞ്ചേരി രാമനും സഹോദരൻ കണ്ണനും ചേർന്നു വീടിനടുത്തുള്ള സ്വന്തം കെട്ടിടത്തിൽ പലചരക്ക് കട തുടങ്ങിയത്. കണ്ണൂർ – കോഴിക്കോട് റോഡിനു വേണ്ടി 1957ൽ ഈ കട പൊളിക്കേണ്ടി വന്നു. അന്നു കിട്ടിയത് 100 രൂപയോളം വരുന്ന ആശ്വാസധനം മാത്രം. കച്ചവട പാരമ്പര്യം നില നിർത്താൻ സമീപത്തു തന്നെ സ്ഥലം വാങ്ങി കെട്ടിടമുണ്ടാക്കി വീണ്ടും കട തുടങ്ങി. 2 മുറി കടയിൽ ചായ കച്ചവടവും കൂടിയുണ്ടായിരുന്നു.

ഇവർക്കു ശേഷം രാമന്റെ മകൻ കണ്ണനും (രാമന്റെ സഹോദരന്റെ പേരു തന്നെയാണ് ഈ മകനും ഇട്ടത്) സഹോദരന്റെ മകൻ, കരസേനയിൽ നിന്നു വിരമിച്ച കേളപ്പനും കൂടിയായി രണ്ടാം തലമുറയുടെ പാരമ്പര്യം നില നിർത്തിയത്. ഇതിനു ശേഷം കണ്ണന്റെ മകൻ അശോകനായി കട നടത്തിപ്പ്. ഈ സമയത്തു വന്ന പാത വികസനത്തിന്റെ പദ്ധതി വീണ്ടും കടയുടെ അസ്ഥിവാരമിളക്കി. അശോകന്റെ മകൻ വൈശാഖ് പിജി കഴിഞ്ഞെങ്കിലും പിതാവിന്റെയൊപ്പം കച്ചവടം നടത്തുന്നുണ്ട്.

നാലാമത്തെ തലമുറയുടെ കാലത്ത് വീണ്ടും കുടിയൊഴിയേണ്ടി വരുന്നതിൽ ഏറെ വിഷമമുണ്ടെങ്കിലും കച്ചവടം നിർത്താൻ അശോകനും മകനും തയാറല്ല. സമീപത്തൊന്നും കടകളും കെട്ടിടങ്ങളും ഇല്ലാത്തതു കൊണ്ട് വീടിനോട് ചേർന്നു കട പണിയാനുള്ള ആലോചനയിലാണ്. കട പൊളിക്കുമ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച നോട്ടിസ് ഒന്നും കൃത്യമായി കിട്ടിയിട്ടില്ല. 10 ദിവസത്തിനുള്ളിൽ ഒഴിയണമെന്നാണ് അധികൃതർ വന്നു പറഞ്ഞതെന്ന് അശോകൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com