ADVERTISEMENT

വടകര ∙ കോവിഡ് മുക്തി നേടിയതിന്റെ പിറ്റേന്നു തന്നെ യുവാവ്, കോവിഡ് പോസിറ്റീവായി മരിച്ച സ്ത്രീയുടെ സംസ്കാര ചടങ്ങുകൾക്കു നേതൃത്വം നൽകി മാതൃകയായി. മത്സ്യത്തൊഴിലാളി പ്രിയേഷ് മാളിയേക്കലാണു മാതൃകയായത്. അഴിയൂർ പഞ്ചായത്തിലെ 5–ാം വാർഡ് ലക്ഷം വീട് കോളനിയിലെ വാഴയിൽ മീത്തൽ അജിതയുടെ മൃതദേഹം വീട്ടിൽ സംസ്കരിക്കാൻ സൗകര്യമില്ലാതെ വന്നപ്പോഴാണ് പ്രിയേഷിന്റെ നേതൃത്വത്തിൽ മൊകേരി പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ എത്തിച്ചു സംസ്കരിച്ചത്.

കോവിഡ് പോസിറ്റീവ് ആയി 14 ദിവസം വീട്ടിൽ കഴിഞ്ഞ പ്രിയേഷ് തുടർ പരിശോധനയിൽ നെഗറ്റീവ് ആയതിനെ തുടർന്നു ജോലിക്ക് പോകാൻ തയാറായി നിൽക്കുമ്പോഴാണ് പഞ്ചായത്ത് സെക്രട്ടറിയുടെ അഭ്യർഥന വന്നത്. തലശ്ശേരി ഗവ. ആശുപത്രിയിൽ വച്ചാണ് അജിത മരിച്ചത്. അനുമതി ലഭിക്കാത്തതിനാൽ പയ്യാമ്പലം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല.

തുടർന്നാണ് മൊകേരിയിലെ ശ്മശാനത്തിൽ എത്തിച്ചത്. അഗ്‌നിരക്ഷാ സേനയിലെ സിവിൽ ഡിഫൻസ് വൊളന്റിയാർമാരായ ആഷിഖ്, അജയൻ, ഷാജി ഓർക്കാട്ടേരി, ഫൈസൽ ചോറോട് എന്നിവരും സഹായത്തിന് എത്തി. അഴിയൂർ പഞ്ചായത്തിലെ എമർജൻസി റെസ്ക്യു ടീം അംഗമാണ് സാമൂഹിക പ്രവർത്തകൻ കൂടിയായ പ്രിയേഷ്.

ഓഖി ദുരിത കാലത്തും വെള്ളപ്പൊക്ക സമയത്തും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. കടലിൽ നിന്നു പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്നത് ദൗത്യമായി ഏറ്റെടുത്ത ആളാണ് പ്രിയേഷ്. പലരും വിമുഖത കാട്ടുന്ന പ്രവർത്തനത്തിൽ സ്വയം സന്നദ്ധനായ പ്രിയേഷിനെ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ, സെക്രട്ടറി ടി.ഷാഹുൽഹമീദ്, സെക്ടറൽ മജിസ്ട്രേട്ട് കെ.കൃഷ്ണകുമാർ എന്നിവരും നാട്ടുകാരും അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com