ADVERTISEMENT

ജില്ലയിലെ തദ്ദേശ ചരിത്രത്തിലെ മിന്നും താരങ്ങളാണിവർ. കാൽനൂറ്റാണ്ടിലേറെ ത്രിതല പഞ്ചായത്ത് അംഗങ്ങളായിരുന്നവർ. പഞ്ചായത്തങ്കത്തിന്റെ പതിനെട്ട് അടവും പയറ്റിത്തെളിഞ്ഞവർ ജനപ്രതിനിധിയായതിന്റെ രജത ജൂബിലി ആഘോഷിച്ച ഈ  5 പേരിൽ മൂന്നു പേർ ഇക്കുറി മത്സരത്തിനില്ല. 2 പേർ വീണ്ടും അങ്കത്തിനിറങ്ങുന്നു. 

മമ്മുക്കുട്ടിക്ക് എട്ടാമങ്കം 

നടുവണ്ണൂർ ∙ കോട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ 27 വർഷം അംഗമായിരുന്ന ചേലേരി മമ്മുക്കുട്ടിക്ക് (77) ഇക്കുറി എട്ടാമങ്കം. പത്താം വാർഡ് തൃക്കുറ്റിശ്ശേരിയിലാണ് മുസലിം ലീഗ് ജില്ലാ കൗൺസിലറായ മമ്മുക്കുട്ടി മത്സരത്തിനിറങ്ങുന്നത്. 1979 ലാണ് ആദ്യമായി മത്സരിച്ചത്. നാലു തവണ വിജയിച്ചു.കഴിഞ്ഞ തവണ സിപിഎം കോട്ടയിലായിരുന്നു ജയം. തിരഞ്ഞെടുപ്പിൽ അച്ഛനെയും മകനെയും തോൽപ്പിച്ച ചരിത്രവുമുണ്ട്. ആദ്യ തിരഞ്ഞെടുപ്പിൽ ബന്ധുവായ പടിഞ്ഞാറെ വീട്ടിൽ മമ്മുക്കുട്ടിയായിരുന്നു മുഖ്യ എതിരാളി.

188 വോട്ടിനു ജയിച്ചു. ഒൻപതു വർഷം കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെയായിരന്നു ജയം. 1995 ൽ സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടു. 2000 ത്തിൽ  യുഡിഎഫ്  സ്ഥാനാർഥിയായപ്പോൾ എതിരാളിയായി വന്നത് മുൻപു തോൽപ്പിച്ച പടിഞ്ഞാറെ വീട്ടിൽ മമ്മുക്കുട്ടിയുടെ മകൻ അബ്ദുൽ ഗഫൂർ. വിജയം മമ്മുക്കുട്ടിക്കൊപ്പം നിന്നു.

2005 ൽ പഞ്ചായത്തിലേക്കും 2010 ൽ ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്നു തവണയിലേറെ മത്സരിക്കുന്നതിന് മുസ്‌ലിം ലീഗ് അനുകൂലമല്ലാത്തിനാൽ ഇക്കുറി സ്വതന്ത്ര ചിഹ്നത്തിലാണു മത്സരം. മകനും യൂത്ത് ലീഗ് നേതാവുമായ നിസാർ ചേലേരി ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയാണ്.

ആറാം അങ്കത്തിന് ഡബിൾ ഒകെ 

കൂരാച്ചുണ്ട് ∙  27 വർഷമായി കൂരാച്ചുണ്ട് പഞ്ചായത്ത് അംഗമായ ഓടക്കയ്യിൽ ഒ.കെ. അഹമ്മദ് (65) എന്ന നാട്ടുകാരുടെ ഒകെയ്ക്ക് ഇക്കുറി ആറാമങ്കം. 1988 മുതൽ പഞ്ചായത്ത് അംഗമായിരുന്നു അഹമ്മദ് ഇക്കുറി ഒൻപതാം വാർഡിലാണ് മത്സരിക്കുന്നത്. മുസലിം ലീഗ് പ്രതിനിധിയായി വിജയിച്ച ഇദ്ദേഹം ഏഴര വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായും,രണ്ടര വർഷം സ്ഥിരം സമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 1995 ലെ തിരഞ്ഞെടുപ്പിൽ മാത്രമാണു പരാജയപ്പെട്ടത്. ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ,മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവുമാണ്. 

സൂപ്പിയും സി.വി.യും ഇക്കുറിയില്ല

നാദാപുരം∙ തദ്ദേശ ഭരണ രംഗത്ത് കാൽ നൂറ്റാണ്ടു പിന്നിട്ട മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി  പ്രസിഡന്റ് എം.പി.സൂപ്പിയും കെപിസിസി നിർവാഹക സമിതി അംഗം സി.വി.കുഞ്ഞിക്കൃഷ്ണനും ഇത്തവണ മത്സരത്തിനില്ല.   28 വർഷമാണ് സി.വി.കുഞ്ഞിക്കൃഷ്ണൻ പഞ്ചായത്ത് അംഗമായിരുന്നത്.1988 ൽ നാദാപുരം പഞ്ചായത്ത് ‍ വൈസ് പ്രസിഡന്റായി തുടങ്ങിയ സി.വി. 2020ൽ വൈസ് പ്രസിഡന്റായി തന്നെയാണ് പടിയിറങ്ങിയത്. 1995, 2000, 2015 ഭരണസമിതികളിലും വൈസ് പ്രസിഡന്റായിരുന്നു. 2005ൽ അംഗവും.

1995ലാണ് എം.പി. സൂപ്പി കന്നിയങ്കത്തിൽ വിജയിക്കുന്നത്.  ആദ്യവട്ടം  തന്നെ സ്ഥിരം സമിതി അധ്യക്ഷനുമായി. പിന്നീട് തുടർച്ചയായി കാൽ നൂറ്റാണ്ട് സൂപ്പി നാദാപുരം പഞ്ചായത്തിലുണ്ട്. 20 വർഷം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്ത്. ഒടുവിൽ അംഗമായി പടിയിറക്കം. യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചയുടെയും ലീഗിന്റെ സ്ഥാനാർഥി നിർണയത്തിന്റെയും തിരക്കിലാണിപ്പോൾ.

‌ത്രിതല പഞ്ചായത്തിൽ 32 വർഷം വിമാനം കയറി വന്നും വിജയം 

നാദാപുരം∙ ആറു തിരഞ്ഞെടുപ്പുകളിലായി 32 വർഷം ജനപ്രതിനിധിയായ എ.ആമിന ഇക്കുറി തിരഞ്ഞെടുപ്പിന്റെ അണിയറിലാണ്. 1988ൽ ആദ്യ തിരഞ്ഞെടുപ്പിൽ  തന്നെ ചെക്യാട് പഞ്ചായത്ത് പ്രസിഡന്റായതാണു ചരിത്രം. ജനറൽ വിഭാഗത്തിനുള്ള പ്രസിഡന്റ് സീറ്റിലേക്ക് ആരെന്ന തർക്കം മുസ്‌ലിം ലീഗിൽ മുറുകിയപ്പോൾ നേതൃത്വം ആമിനയെ പ്രസിഡന്റാക്കി. തർക്കം തീർന്നപ്പോൾ അച്ചടക്കമുള്ള പ്രവർത്തകയായി സ്ഥാനമൊഴിഞ്ഞു 1995 ൽ വീണ്ടും പ്രസിഡന്റായി.

2000 മുതൽ 2005 വരെ നാദാപുരം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി.  2005 മുതൽ 2010 വരെ ബ്ലോക്ക് പഞ്ചായത്ത് അംഗം. ‍ 2010 മുതൽ 15 വരെ വീണ്ടും ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ്.  2015 മുതൽ വീണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗമായതിനു ശേഷമാണു പടിയിറക്കം. കുവൈറ്റിൽ ഉദ്യോഗസ്ഥനും പൊതു പ്രവർത്തകനുമായ പി.കുഞ്ഞബ്ദുല്ലയുടെ ഭാര്യയായ ആമിന, 2015 ലെ തിരഞ്ഞെടുപ്പിൽ മകളോടൊപ്പം ദുബായിൽ ആയിരുന്നു. മത്സരിക്കണമെന്നു പാർട്ടി ആവശ്യപ്പെട്ടതോടെ ഇന്ത്യൻ എംബസി വഴി  മുഖേന പത്രിക നൽകി.

വോട്ടെടുപ്പിന്റെ തലേന്ന് ദുബായിൽ നിന്നെത്തിയ ആമിന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. പക്ഷേ യുഡിഎഫ് കോട്ടയിൽ മിന്നും വിജയം നേടി. കണ്ണൂർ കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലായ ആമിന വനിതാ ലീഗ് കോഴിക്കോട്. ജില്ലാ പ്രസിഡന്റാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com