ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്തെ അനധികൃത നിയമനങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സുപ്രീം കോടതിയിലേക്കും ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലേക്കും ഒരു ലക്ഷം കത്തുകൾ അയയ്ക്കുന്നു. പിഎസ്‌സിയുടെ വിവിധ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവർ  സ്വന്തം പേരും വിലാസവും രേഖപ്പെടുത്തി റജിസ്റ്റേർഡ് കത്ത് അയച്ചു തുടങ്ങി.

മത്സരപ്പരീക്ഷയെഴുതി ജയിച്ചു വന്നവരെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ വഴി സ്വന്തക്കാരെ നിയമിച്ചു കൊണ്ടിരിക്കുകയാണെന്നു കത്തിൽ പറയുന്നു. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതു സുപ്രീംകോടതി വിധികൾക്ക് എതിരാണെന്നു സർക്കാർ വകുപ്പുകൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടും പിൻവാതിൽ നിയമനം തുടരുകയാണ്.

തൊഴിൽരഹിതരായ ഉദ്യോഗാർഥികൾക്കു സുപ്രീം കോടതിയിൽ വക്കീലിനെ വച്ചു കേസ് നടത്താൻ കഴിവില്ലാത്തതു കൊണ്ടാണു കത്തെഴുതുന്നത്. നിയമനക്കേസുകളിൽ കോടതികളിൽ നിന്നു പലപ്പോഴും നീതി വൈകുന്നതായും ഉദ്യോഗാർഥികൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു റാങ്ക് പട്ടികയുടെ പരമാവധി കാലാവധി 3 വർഷമാണ്. കാലാവധി കഴിഞ്ഞാൽ ഉദ്യോഗാർഥികളുടെ അവകാശങ്ങൾക്കു നിയമപിന്തുണ ലഭിക്കണമെന്നില്ല. അനധികൃത നിയമനങ്ങൾക്കെതിരെ നൽകുന്ന കേസുകളിൽ സമയബന്ധിതമായി തീർപ്പുണ്ടാകുന്നില്ല.

കോടതി തീർപ്പാക്കിയ കേസുകളിൽ പോലും ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയാറാകുന്നുമില്ല. സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരമുള്ള തുല്യഅവസരം നിഷേധിക്കുന്നതിനെതിരെ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com