ADVERTISEMENT

വടകര ∙ ചോറോട് ചേന്ദമംഗലത്തെ കുട്ടൂലിപ്പാലത്തിൽ നിന്ന് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് എൻഐടിക്ക് സമീപത്തെ പാറക്കൽ വിശ്വനാഥക്കുറുപ്പിന്റെ മകൻ ബബിഷ് (33) ആണ് അപകടത്തിൽപ്പെട്ടത്. മഠത്തിൽ മുക്കിലെ ഭാര്യ വീട്ടിൽ നിന്നു മടങ്ങുമ്പോൾ ഉച്ചയ്ക്ക് 12.45 നാണ് അപകടം. എതിരെ വന്ന വാഹനത്തെ വെട്ടിക്കുന്നതിനിടയിൽ കാർ കൈവരിയിലിടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിൽ കുടുങ്ങിയ ബബിഷിനെ ഓടിയെത്തിയ നാട്ടുകാർ രക്ഷിക്കുകയായിരുന്നു. വടകര പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ബബിഷിനെ ചെറിയ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നാട്ടുകാരുടെ ഇടപെടൽ തുണയായി

കുട്ടൂലി പാലത്തിൽ നിന്നു താഴേക്ക് പതിച്ച കാറിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടൽ മൂലം. തല കീഴായി മറിഞ്ഞ കാറിനത്ത് കുടുങ്ങിയ യുവാവിനെ കാറിന്റെ ചില്ല് കുത്തിപ്പൊട്ടിച്ച് വാതിൽ തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മറിഞ്ഞ ഭാഗത്ത് തോട്ടിൽ വെള്ളം കുറവുള്ളതും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയതും ജീവൻ രക്ഷിക്കാനായി.കുട്ടൂലി പാലത്തിന് സമീപം താമസിക്കുന്ന അധ്യാപകൻ മുസ്തഫയും  ബിനിൽ രാജും ആണ് ശബ്ദം കേട്ട്  ആദ്യം സ്ഥലത്ത് എത്തിയത്.

അതുവഴി എത്തിയ കെ.വി.മുഹമ്മദ് അജ്മലും സമീപ വാസികളായ സതീഷ,് അഭി, മീത്തൽ ഉമേഷ്, കിഴക്കയിൽ ഫസലുറഹ്മാൻ, കാട്ടിൽ അനിൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കാറിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഇവർ ചേർന്ന് പുറത്തെടുത്തു. പൊലീസും അഗ്നിശമന സേനയും എത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. രക്ഷാപ്രവർത്തനത്തിന് ഇടയിൽ കാറിന്റെ ചില്ല് കൊണ്ട് കൈക്ക് പരുക്കേറ്റ മുഹമ്മദ് അജ്മലിന് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. 

റോഡിന്റെ വീതിക്കുറവ് പ്രശ്നം

നടക്കുതാഴ–ചോറോട് (എൻസി) കനാലിന്റെ ഭാഗമായ കുട്ടൂലിപ്പാലത്തിന് പഴക്കമേറെ. 50 വർഷമെങ്കിലും പഴക്കമുള്ള വീതി കുറഞ്ഞ പാലം റോഡ് നവീകരിച്ചിട്ടും പുനർ നി‍ർമിച്ചില്ല. ചോറോട്–മേക്കുന്ന് റോഡ് നവീകരണത്തിന്റെ ഭാഗമായി  റോഡ് പൂർണമായും പുതുക്കി പണിതിരുന്നു. വെള്ളക്കെട്ടിന് പരിഹാരമായി അരികുകൾ കെട്ടി ഉയർത്തി കോൺക്രീറ്റ് ചെയ്ത് റീ ടാറിങ് ചെയ്ത് നവീകരിച്ചിട്ടും  പാലം പഴയ പടി തന്നെ. പഴയ കാലത്ത് നിർമിച്ച പാലത്തിലെ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കമ്പി പുറത്തായ നിലയിലാണ്. വീതിയേറിയ റോഡിൽ കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയ പാലം വൻ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. റോഡ് പണിക്കിടെ പാലത്തിന്റെ കൈവരി തകർന്നു.

സിമന്റ് കട്ട കൊണ്ട്  താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കൈവരിയാണ് ഇപ്പോഴുള്ളത്. അതിലാണ് കാർ ഇടിച്ചത്. കൈവരിയോടെ കാർ താഴേക്ക് മറിയുകയായിരുന്നു. കൈവരി മുഴുവനും തകർന്നു. റോഡ് പ്രവൃത്തിയിൽ പാലത്തിന്റെ പുനർ നിർമാണം ഉൾപ്പെടുത്തിയിരുന്നില്ല. പാലം നിൽക്കുന്ന ഭാഗത്ത് റോഡ് ഉയർന്നാണുള്ളത്. അതിനാൽ ഒരു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് മറുഭാഗം പൂർണമായും ദൃശ്യമാകില്ല. റോഡ് നന്നായതോടെ വാഹനങ്ങൾ അമിത വേഗത്തിലാണ് ഓടുന്നത്. മാസങ്ങൾക്ക് മുൻപ് കുട്ടൂലി പാലത്തിന് സമീപത്തായി പെട്ടി ഓട്ടോ മറിഞ്ഞിരുന്നു. പാലം തന്നെ മാറ്റി പണിയണമെന്നാണ് ആവശ്യം. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ പാലത്തിന് മുന്നോടിയായി റോഡിൽ വേഗത്തട സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com