ADVERTISEMENT

കോഴിക്കോട്∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് എംഎൽഎ, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ. ദിനേശൻ എന്നിവരെ മജിസ്ട്രേട്ട്  കോടതി റിമാൻഡ് ചെയ്തു. വിമാന യാത്രക്കൂലി കൂട്ടിയതിനും വിമാന സർവീസുകൾ വെട്ടിക്കുറച്ചതിനുമെതിരെ 2010 സെപ്റ്റംബർ ആറിനു കോഴിക്കോട് എയർ ഇന്ത്യ ഓഫിസിലേക്കു ഡിവൈഎഫ്ഐ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ട കേസിലാണു നടപടി. പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകളിലാണു കേസ്. തുടർച്ചയായി വിചാരണയ്ക്കു ഹാജരാകാത്തതിനു പ്രതികൾക്കെതിരെ കോടതി നേരത്തേ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സമരം നടത്തുമ്പോൾ  റിയാസ് ഡിവൈഎഫ്ഐയുടെ ജില്ലാ പ്രസിഡന്റും ദിനേശൻ സെക്രട്ടറിയുമായിരുന്നു.  സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.വി. രാജേഷാണു സമരം ഉദ്ഘാടനം ചെയ്തത്. പ്രതിപ്പട്ടികയിലുള്ള പല നേതാക്കളും വിചാരണയ്ക്കു ഹാജരായില്ല. ഡിവൈഎഫ്ഐ മുൻ നേതാക്കളായ വരുൺ ഭാസ്കർ, സി.എം. ജംഷീർ എന്നിവർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പിന്നീടു ഹാജരായി ജാമ്യമെടുത്തു.  ഡിവൈഎഫ്ഐ നേതാവ് എം. ഗിരീഷിനെ നേരത്തേ കോടതി വിട്ടയച്ചിരുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി  ടി.വി. രാജേഷ്, റിയാസ്, കെ.കെ.ദിനേശൻ എന്നിവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും, വിചാരണക്കോടതിയിൽ ഹാജരാകാനായിരുന്നു ഫെബ്രുവരി 17നു ഹൈക്കോടതി നിർദേശം. ഇതനുസരിച്ച് ഇന്നലെ കോഴിക്കോട് മജിസ്ട്രേട്ട് (4) കോടതിയിൽ ഹാജരായപ്പോൾ ജാമ്യാപേക്ഷ തള്ളി റിമാൻഡ് ചെയ്യുകയായിരുന്നു. ബീച്ച് ആശുപത്രിയിൽ പരിശോധനയ്ക്കു ശേഷം മൂന്നു പേരെയും കോഴിക്കോട് സ്പെഷൽ സബ് ജയിലിൽ പ്രവേശിപ്പിച്ചു. ഇന്നു വീണ്ടും ജാമ്യാപേക്ഷ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com