ADVERTISEMENT

കോഴിക്കോട്∙ ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്താൻ ജില്ലാഭരണകൂടം. ഗവ.ബീച്ച് ആശുപത്രിയെ കോവിഡ് ഡെഡിക്കേറ്റഡ് ആശുപത്രിയായി കലക്ടർ പ്രഖ്യാപിച്ചു. ബീച്ച് ആശുപത്രിയിലെ ഐസിയു രോഗികളെ ചികിത്സിക്കുന്നതിന് മെയ്ത്ര ആശുപത്രിയിലെ വിദഗ്ധരുടെ സഹായത്തോടെ ഓൺലൈൻ ടെലികൺസൽട്ടേഷൻ സൗകര്യവും ഏർപ്പെടുത്തും.ജില്ലാ, താലൂക്ക് ആശുപത്രികളിലും മറ്റു പ്രധാന ആശുപത്രികളിലും നിലവിലുള്ള കിടക്കകളുടെ 15% കോവിഡ് ബാധിതരെ ചികിത്സിക്കാനായി ഉപയോഗപ്പെടുത്തും. ഓക്സിജൻ സിലിണ്ടറുകളും സജ്ജമാക്കി വയ്ക്കണം.

ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവി‍‍ഡ് ചികിത്സ ആരംഭിക്കാനും നിർദേശം നൽകി. ഐസിയുവിൽ ഉൾപ്പെടെയുള്ള കിടക്കകളുടെ 25% ഇതിനായി മാറ്റിവയ്ക്കണം. ഈ വിവരങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തുകയും വേണം.കോവിഡ് ചികിത്സാ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഹെൽപ് ഡെസ്ക് ആരംഭിക്കേണ്ടതും ഒരു മൊബൈൽ നമ്പർ പ്രദർശിപ്പിക്കേണ്ടതുമാണ്. എല്ലാ ആശുപത്രികളും ഒഴിവുള്ള കിടക്കകളുടെയും ഐസിയുകളുടെയും വിവരങ്ങൾ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കോവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 50 കിടക്കകളെങ്കിലും ഉൾപ്പെടുത്തി ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കണമെന്നും കലക്ടർ നിർദേശം നൽകി.കഴിഞ്ഞ 2 ദിവസങ്ങളായി 40000ത്തിലേറെപ്പേരെ പരിശോധനയ്ക്കു വിധേയരാക്കിയതിനാൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.

ജില്ലയിൽ കൂടുതൽ വാക്സീൻ എത്തി

∙ ജില്ലയിൽ കൂടുതൽ വാക്സീൻ എത്തി. ഇന്നലെ ഉച്ചയോടെ 1.75 ലക്ഷം ഡോസ് വാക്സീനാണ് മലാപ്പറമ്പ് റീജനൽ വാക്സീൻ സ്റ്റോറിൽ എത്തിയത്. ഇതിൽ 40000 ഡോസ് കോഴിക്കോട് ജില്ലയ്ക്കു ലഭിച്ചു. സ്റ്റോക്ക് ഉണ്ടായിരുന്നതു കൂടി ചേർത്ത് 48000 ഡോസ് കോവിഷീൽഡ് വാക്സീനാണ് ഇപ്പോൾ ജില്ലയിലുള്ളത്. 10000 ഡോസ് കോവാക്സീനും സ്റ്റോക്കുണ്ട്. 

അടുത്ത 2 ദിവസത്തേക്കു കൂടി ക്ഷാമമില്ലാതെ വാക്സീൻ വിതരണം ചെയ്യാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.ഇന്നലെ കോർപറേഷനിൽ 7 സ്ഥലങ്ങളിലായി നടത്തിയ ക്യാംപുകളിൽ 2920 പേർക്കു വാക്സീൻ നൽകി. കോഴിക്കോട് ടഗോർ ഹാളിൽ നടന്ന ക്യാംപിൽ 641 പേരാണു കുത്തിവയ്പെടുത്തത്. ഇന്നു ജില്ലയിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും വാക്സീൻ വിതരണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com