ADVERTISEMENT

കോഴിക്കോട് ∙ ‘‘ തൈപ്പൂയക്കാവടിയാട്ടം തങ്കമയിൽപ്പീലിയാട്ടം’’ എന്ന പാട്ടിനൊത്ത് അന്നനട വച്ചുവരുന്ന ഷീല. പിറകെ ഭസ്മക്കുറിയണി‍ഞ്ഞ്, ജുബ്ബയും രണ്ടാം മുണ്ടുമിട്ട് തുള്ളിച്ചാടി വരുന്ന പ്രേംനസീർ. അറുപതുകളിൽ കേരളത്തിലെ തിരശീലകളെ ഇളക്കിമറിച്ചുള്ള ആ വരവ് കണ്ടില്ലേ. 2021 ജൂൺ ഒന്നിന് ആ ആട്ടവും പാട്ടും കേരളത്തിലെ ആനവണ്ടി പ്രേമികൾ സന്തോഷത്തോടെ ഏറ്റുപാടുകയാണ്. എന്താണു കാരണമെന്നാണോ?

ജൂൺ ഒന്നിനാണ് കേരള റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് ‘കെഎസ്ആർടിസി’ എന്ന പേരും 2 ആനകൾ ചേർന്നുനിൽക്കുന്ന ചിഹ്നവും ഒപ്പം ‘ആനവണ്ടി’ എന്ന ചെല്ലപ്പേരും സ്വന്തമായി ഉപയോഗിക്കാൻ കോപ്പിറൈറ്റ് ലഭിച്ചത്. എന്നാൽ പ്രേംനസീറും കെഎസ്ആർടിസിയും കോഴിക്കോടും തമ്മിലെന്താണു ബന്ധം? അതിനൊരു കഥയുണ്ട്.

∙ ഒരു സിനിമാക്കഥ 

1967ൽ കെഎസ്ആർടിസി തുടങ്ങിയ തിരുവനന്തപുരം–കോഴിക്കോട് സൂപ്പർ ഡീലക്സ് ബസിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് 1969ൽ എ.ബി.രാജ് കണ്ണൂർ ഡീലക്സ് എന്ന സിനിമ സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യ റോഡ്മൂവിയായ കണ്ണൂർ ഡീലക്സിൽ കോഴിക്കോട് വെസ്റ്റ്ഹില്ലുകാരനായ ഐ.വി.ശശി സഹസംവിധായകനായിരുന്നു.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് ഒരു ബാഗിൽ പണവുമായി സഞ്ചരിക്കുന്ന യുവതിയായാണ് ഷീല അഭിനയിച്ചത്. ഷീലയെ മുതലാളി ഏൽപിച്ച രണ്ടു നോട്ടുകെട്ടുകളിൽ ഒരെണ്ണത്തിൽ കള്ളനോട്ടുകളാണ്. കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്താൻ വേഷം മാറി ബസിൽ കയറുകയാണ് പ്രേംനസീറും അടൂർഭാസിയും. ബസിലെ കണ്ടക്ടറായി നെല്ലിക്കോട് ഭാസ്കരനുമുണ്ട്. 

∙ ഇനി യഥാർഥ കഥ

2014ൽ കർണാടകയും കേരളവും തുടങ്ങിയ നിയമയുദ്ധം ഏഴു വർഷമാണ് തുടർന്നത്. 1965ലാണ് കേരളത്തിൽ കെഎസ്ആർടിസി തുടങ്ങിയത്. എഴുപതുകളിൽ കർണാടക ആർടിസിയും തുടങ്ങി. രണ്ടു കമ്പനികളും കെഎസ്ആർടിസി എന്ന പേരുവച്ചു. കെഎസ്ആർടിസി എന്ന പേര് ആരാണ് ആദ്യം ഉപയോഗിച്ചത് എന്നതിന്റെ തെളിവായി കോടതിയിൽ രേഖകൾ സമർപ്പിക്കണമായിരുന്നു. 1969 മേയ് 16ന് പുറത്തിറങ്ങിയ കണ്ണൂർ ഡീലക്സ് സിനിമയിൽ കെഎസ്ആർടിസി എന്ന പേരും ആനച്ചിഹ്നവും വ്യക്തമായി കാണിക്കുന്നുണ്ട്. കേരളം കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന് ഈ സിനിമയാണ്. അങ്ങനെ കെഎസ്ആർടിസിയെന്ന പേര് മലയാളികളുടെ സ്വന്തമായി. ‘‘ഹമ്പടി ജിഞ്ചിന്നാക്കിടീ’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com