ADVERTISEMENT

കോഴിക്കോട്∙ പച്ചക്കറി വിൽപന രംഗത്ത് സംസ്ഥാനത്ത് ആദ്യമായി ഹോർട്ടികോർപ് ഓൺലൈൻ രംഗത്തേക്ക് കടന്നതോടെ കച്ചവടത്തിൽ വൻ വർധന. ഹോർട്ടികോർപ് പ്രീമിയം ഔട്ട്‌ലെറ്റിൽ ഏപ്രിലിൽ 2,96,914 രൂപയുടെ വിൽപനയാണ് നടന്നത്. മേയിൽ ഇതു 4,89,616 രൂപയായി ഉയർന്നു. ഈ മാസം 7 വരെ 93,697 രൂപയുടെ വിൽപന നടന്നതായി ജില്ലാ മാനേജർ ഇ.വി.ശുഭ പറഞ്ഞു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് മേയ് 12 മുതലാണ് ഹോർട്ടികോർപ് നേരിട്ട് ഓൺലൈൻ വിൽപന തുടങ്ങിയത്. ദിവസം ശരാശരി 25 മുതൽ 45 വരെ ഓർഡറുകൾ പ്രകാരം സാധനങ്ങൾ വീടുകളിലെത്തിക്കുന്നു. കൂടുതൽ വരുമ്പോൾ അടുത്ത ദിവസം നൽകുന്ന തരത്തിൽ ക്രമീകരിക്കുകയാണ്.

ലോക്ഡൗൺ സമയത്ത് വിപണിയില്ലാതെ ബുദ്ധിമുട്ടിയ കർഷകരുടെ ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ കഴിയുന്നുണ്ട്. കർഷകരിൽ നിന്നു ശേഖരിച്ച ഉൽപന്നങ്ങൾ വിൽക്കുന്നതിനായി ഒരാഴ്ച ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോർട്ടികോർപ് ഔട്ട്‌ലെറ്റുകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. 

ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഓൺലൈൻ വിൽപനയിലും മികച്ച പ്രവർത്തനം നടത്താൻ കഴിയുന്നതെന്ന് ഹോർട്ടികോർപ് റീജനൽ മാനേജർ ടി.ആർ.ഷാജി പറഞ്ഞു. ജോലി സമയം കഴിഞ്ഞിട്ടും പലരും സേവനം ചെയ്യാൻ തയാറാകുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. 

വിപണി കൂടുതലായി

കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിപണിയില്ലാതെ ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കാനും അതേ സമയം ഉപഭോക്താക്കൾക്ക് സഹായം എന്ന നിലയ്ക്കുമാണ് ഓൺലൈൻ വിൽപനയിലേക്കുകൂടി വന്നത്.ഏജൻസി മുഖേന നടപ്പാക്കാനാണ് നിർദേശമെങ്കിലും ഇവിടെ ജീവനക്കാരുടെ പിന്തുണയോടെ ഹോർട്ടികോർപ് നേരിട്ടും വിൽപന തുടങ്ങി. ഡൗണിലെ ജീവനക്കാർ ഉച്ചയ്ക്ക് അവരുടെ ജോലി സമയം കഴിഞ്ഞ ശേഷമാണ് പച്ചക്കറികളുമായി പോകുന്നത്. 

മിനിമം 250 രൂപയ്ക്കെങ്കിലും വാങ്ങണമെന്നതാണ് നിബന്ധന. എന്നാൽ ചിലർ ആയിരവും അതിൽ കൂടുതലും തുകയ്ക്ക് പച്ചക്കറി വാങ്ങുന്നു. ചില സമയത്ത് രാത്രി 9 വരെ ഡെലിവറി നടത്താറുണ്ട്. സാധനങ്ങൾ എത്തിക്കുമ്പോഴും ആളുകളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നു ജീവനക്കാർ പറഞ്ഞു.കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച പച്ചക്കറികളും പഴങ്ങളുമാണ് പ്രീമീയം ഔട്ട്‌ലെറ്റ് മുഖേന നൽകുന്നത്. 9746297587

നാച്ച്ഡീൽ

എത്ര രൂപയുടെ പച്ചക്കറിയായാലും ഓർഡർ പ്രകാരം വീടുകളിൽ എത്തിച്ചു നൽകുന്ന തരത്തിലാണ് ഹോർട്ടികോർപ്പിന്റെ അംഗീകൃത ഏജൻസിയായ നാച്ച്ഡീലിന്റെ സേവനം. ഓർഡർ ലഭിച്ച് അടുത്ത ദിവസം സാധനങ്ങൾ നൽകുന്ന തരത്തിലാണ് ക്രമീകരണം. പച്ചക്കറികൾക്കു പുറമേ പല ചരക്കു സാധനങ്ങളും എത്തിക്കുന്നു. ദിവസം ശരാശരി 20 മുതൽ 30 വരെ ഓർഡർ ഇവരും നൽകുന്നു. കിലോമീറ്റർ അടിസ്ഥാനത്തിലാണ് സർവീസ് ചാർജ് ക്രമീകരിച്ചത്. യുവ സംരംഭം എന്ന നിലയ്ക്കാണ് പ്രവർത്തനം തുടങ്ങിയത്. 9746247247.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com