ADVERTISEMENT

കാരാട് ∙ പ്രധാന നഗരങ്ങളും ജനവാസ മേഖലയും ഒഴിവാക്കി നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയിൽ പ്രതീക്ഷയർപ്പിച്ചു വാഴയൂർ. അവികസിത മേഖലയായ പഞ്ചായത്തിലെ ചണ്ണയിൽ പള്ളിയാളി, ചുങ്കപ്പള്ളി, ഇയ്യത്തിങ്ങൽ, പൂഞ്ചപ്പാടം പ്രദേശങ്ങളുടെ വികസനക്കുതിപ്പിനു പുതിയ പാത വഴി തുറക്കുമെന്നാണു വിലയിരുത്തൽ.

നിലവിലെ കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിലാണ് ബദൽ പാത നിർമിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇന്റർ കോറിഡോർ പാതയുടെ (ഐസിആർ–34) അലൈൻമെന്റിന് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ചു.

122 കിലോമീറ്റർ ദൂരം 45 മീറ്റർ വീതി

45 മീറ്റർ വീതിയിൽ 122 കിലോമീറ്റർ ദൂരമുള്ള പാത പാലക്കാട് ജില്ലയിൽ 62 കിലോമീറ്ററും മലപ്പുറം 53, കോഴിക്കോട് 7 കിലോമീറ്ററുമാണ് ദൈർഘ്യം. വെങ്ങളം – ഇടിമുഴിക്കൽ ദേശീയപാത ബൈപാസിലെ പന്തീരാങ്കാവിൽ നിന്നു തുടങ്ങുന്ന പാത കൊണ്ടോട്ടി താലൂക്കിലെ വാഴയൂർ, വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ, ഏറനാട് താലൂക്കിലെ അരീക്കോട്, കാവന്നൂർ, പെരകമണ്ണ, എടവണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, വെട്ടിക്കാട്ടിരി, ചെമ്പ്രശ്ശേരി, തുവ്വൂർ, കരുവാരക്കുണ്ട്, പെരിന്തൽമണ്ണ താലൂക്കിലെ എടപ്പറ്റ വില്ലേജ് വഴിയാണ് മണ്ണാർക്കാട് താലൂക്കിലേക്ക് കടക്കുന്നത്. പാലക്കാട് ബൈപാസിൽ മരുത റോഡിലാണ് ഗ്രീൻഫീൽഡ് പാത ചേരുന്നത്. ഭാവിയിൽ കോയമ്പത്തൂർ – തൃശൂർ ദേശീയപാതയുടെ കണക്ടിവിറ്റി റോഡാക്കി മാറ്റാനും ലക്ഷ്യമുണ്ട്.

കുറുമണ്ണിൽ ചാലിയാറിനു കുറുകെ പുതിയപാലം

നിലവിലെ അലൈൻമെന്റ് പ്രകാരം നിർദിഷ്ട റോഡിൽ വാഴയൂർ ചുങ്കപ്പള്ളിക്കു സമീപം കുറുമണ്ണിലാണ് ചാലിയാറിനു കുറുകെ പാലം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പുതിയപാലം വന്നാൽ വാഴയൂരിൽ നിന്നു കോഴിക്കോട്ടേക്കുള്ള യാത്ര എളുപ്പമാകും. വെങ്ങളം–രാമനാട്ടുകര ദേശീയപാത ബൈപാസിൽ ഗതാഗതക്കുരുക്കുണ്ടായാൽ വാഹനങ്ങൾ ഇതുവഴി തിരിച്ചു വിടാനാകും.

നഗരങ്ങളിലൂടെ കടന്നു പോകാത്തതിനാൽ പുതിയ പാതയിൽ കോയമ്പത്തൂരിൽ നിന്നു 3 മണിക്കൂർ കൊണ്ടു കോഴിക്കോട് എത്താനാകുമെന്നാണു പ്രതീക്ഷ. പദ്ധതിയുടെ ഒന്നാംഘട്ട വിജ്ഞാപനം പുറത്തിറങ്ങി. ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടറുടെ കീഴിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ദേശീയപാത ഡപ്യൂട്ടി കലക്ടർമാർക്കാണു ഭൂമി ഏറ്റെടുക്കുന്നതിന്റെ ചുമതല നൽകിയിട്ടുള്ളത്.

പാത കടന്നു പോകുന്നത് വാഴയൂർ പഞ്ചായത്തിലെ 2 വാർഡുകളിലൂടെ

വാഴയൂർ പഞ്ചായത്തിലെ പുഞ്ചപ്പാടം 6, മുണ്ടകാശ്ശേരി 7 വാർഡുകളിലൂടെയാണ് പുതിയ റോഡ് കടന്നുപോകുന്നത്. ഇതിൽ 6–ാം വാർഡിൽ ജനവാസ മേഖല കുറവാണ്. 7–ാം വാർഡിൽ കുറച്ചു വീടുകൾ ഒഴിപ്പിക്കേണ്ടി വരും. കൂടുതലും മലയും കുന്നും വയലുകളും നിറഞ്ഞ പ്രദേശങ്ങളിലൂടെയാണു പാത കടന്നു പോകുന്നത്.

ഇതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടി പെട്ടെന്നു പൂർത്തിയാക്കാനാകും. നിർദിഷ്ട ദേശീയപാത വരുന്നതോടെ വാഴയൂർ പഞ്ചായത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ പ്രാദേശികമായി വലിയ വികസന സാധ്യതയുണ്ട്. ചാലിയാറിൽ പുതിയ പാലം വരുന്നതു ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം ഗ്രാമീണ ടൂറിസം രംഗത്തും വാഴയൂരിനു പ്രതീക്ഷയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com