ADVERTISEMENT

ബാലുശ്ശേരി ∙ നിരന്തര പീഡനങ്ങളേറ്റ് ആന്തരികാവയവങ്ങൾ തകർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് താജുദ്ദീനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വീര്യമ്പ്രത്തുള്ള ഭർത്താവിന്റെ സുഹൃത്തിന്റെ വാടകവീട്ടിൽ എത്തിയ, കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ ഭാര്യ ഉമ്മു കുൽസു(31)വാണ് കഴിഞ്ഞ 8നു വൈകിട്ട് കൊല്ലപ്പെട്ടത്.കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി 5 ദിവസത്തേക്കാണ് താജുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വീര്യമ്പ്രത്തുള്ള സുഹൃത്തിന്റെ വീട്ടിലും ഇന്ധനം വാങ്ങിയ പെട്രോൾ പമ്പിലും താജുദ്ദീനെ എത്തിച്ച് പൊലീസ് തെളിവെടുത്തു.

വീര്യമ്പ്രത്തുള്ള വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കി തിരികെ പൊലീസ് വാഹനത്തിൽ കയറ്റാൻ കൊണ്ടുപോകുമ്പോൾ അതുവരെ കരയുന്ന ഭാവത്തിലായിരുന്ന പ്രതി താജുദ്ദീൻ മൊബൈൽ ഫോണിൽ ചിത്രം പകർത്തിയ നാട്ടുകാരോട് കയർത്തു സംസാരിച്ചു.ഉമ്മു കുൽസുവിന്റെ ശരീരത്തിൽ കണ്ടെത്തിയ കടിയേറ്റതിന്റെ പാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഫൊറൻസിക് വിഭാഗം താജുദ്ദീനെ ഇന്ന് കോഴിക്കോ‍ട് ഗവ. ഡെന്റൽ കോളജിൽ ഓഡന്റോളജി പരിശോധനയ്ക്ക് വിധേയനാക്കും. തുടർന്ന് മലപ്പുറം വെന്നിയൂരിലെ വാടകവീട്, കാർ കണ്ടെത്തിയ കൽപകഞ്ചേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും.

യുവതി കൊല്ലപ്പെട്ട സംഭവത്തിൽ താജുദ്ദീനെ സഹായിച്ച സുഹൃത്തുക്കളായ തിരൂർ ബിപി അങ്ങാടി പാറക്കൽ ജോയൽ ജോർജ് (19), തിരൂർ ഇരിങ്ങാവൂർ ആദിത്യൻ (19) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.എസ്എച്ച്ഒ എം.കെ.സുരേഷ് കുമാർ, പ്രിൻസിപ്പൽ എസ്ഐ പി.റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് കാവലിലാണ് പ്രതിയെ കൊണ്ടുവന്നത്. പോക്സോ, വധശ്രമം തുടങ്ങി  കേസുകളിൽ പ്രതിയാണ് താജുദ്ദീൻ. 

സാക്ഷികളുടെ മൊഴി 164–ാം വകുപ്പ് പ്രകാരം മജിസ്ട്രേട്ട് മുഖേന രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. സ്വന്തം വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ താജുദ്ദീൻ 8 മാസമായി ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പം വെന്നിയൂരിലെ വാടകവീട്ടിലായിരുന്നു. ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയിച്ചാണ് താജുദ്ദീൻ ക്രൂരമായി മർദിച്ചിരുന്നത്. തുടർച്ചയായുള്ള മർദനമേറ്റ് ഉമ്മു കുൽസുവിന്റെ പേശികളെല്ലാം തകർന്ന നിലയിലായിരുന്നു. കഴിഞ്ഞ 8ന് വെന്നിയൂരിൽ കൊണ്ടുപോയി മർദിച്ച് മൃതപ്രായയാക്കിയ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഒളിവിൽപോയ താജുദ്ദീനെ കഴിഞ്ഞ 12ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. കൊളത്തൂർ കടുങ്ങല്ലൂരിൽ കോട്ടയ്ക്കൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com