ADVERTISEMENT

കോഴിക്കോട്∙ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ആർജവമില്ലെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിക്ക് ആർഎസ്എസിനോട് സോഫ്റ്റ് കോർണറാണ്. യൂത്ത് കോൺഗ്രസ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.

യൂത്ത് കോൺഗ്രസിന്റെ സമരത്തെ ഫാഷിസമെന്നു വിളിച്ച മുഖ്യമന്ത്രിക്ക് ഉത്തർപ്രദേശിൽ സമരം ചെയ്യുന്ന കർഷകരെ മന്ത്രിപുത്രൻ കാറിടിച്ചു കൊലപ്പെടുത്തിയതിനെതിരെ പ്രതികരിക്കാൻ ഭയമാണ്. മുഖ്യമന്ത്രിയുടെ ഈ മൗനം ആർഎസ്എസിനുള്ള ബോധപൂർവമായ പിന്തുണയാണ്. തളിപ്പറമ്പിൽ  വർഗീയതയ്ക്കെതിരെ പദയാത്ര നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസിന്, തലശ്ശേരിയിൽ കലാപാഹ്വാനം നടത്തിയ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുക്കാൻ സമൂഹ മാധ്യമ ക്യാംപെയ്ൻ വേണ്ടിവന്നു.

അട്ടപ്പാടിയിൽ കുഞ്ഞുങ്ങൾക്കു മരുന്നു വാങ്ങാൻ പണം ചെലവാക്കാത്ത സർക്കാർ പെരിയ കൊലക്കേസിലെ പ്രതികളെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ കോടികളാണ് ചെലവാക്കിയത്. കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള തൃണമൂൽ കോൺഗ്രസ് ശ്രമം ദൗർഭാഗ്യകരമാണ്. ഇതേ നിലപാടാണ് കേരളത്തിലെ സിപിഎമ്മും സ്വീകരിക്കുന്നത്. കോൺഗ്രസിന്റെ തകർച്ച ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് ഓർക്കണമെന്നും ഷാഫി പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.പി.ദുൽഖിഫിൽ, എം.ധനീഷ്‌ലാൽ, പി.കെ.രാഗേഷ്, രാഹുൽ മാങ്കൂട്ടത്തിൽ, സെക്രട്ടറിമാരായ പി.നിധീഷ്, ബവിത്ത് മാലോൽ, ജില്ലാ സെക്രട്ടറിമാരായ ബവീഷ് ചേളന്നൂർ, വൈശാഖ് കണ്ണോറ,സുഫിയാൻ ചെറുവാടി, കെ.ജസ്മിന, ശ്രീയേഷ് ചെലവൂർ, ജവഹർ പൂമംഗലം. ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യ യുണൈറ്റഡ് പദയാത്ര സമാപനം 17ന്

കോഴിക്കോട്∙ വർഗീയതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ സംസ്ഥാന തല സമാപനം 17ന് കോഴിക്കോട്ട് നടക്കും. മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന പദയാത്ര കടപ്പുറത്ത് സമാപിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് എന്നിവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com