ADVERTISEMENT

കോഴിക്കോട്∙ പോൾ ടി. സാമുവൽ. മുഴുവൻസമയ പാർട്ടി പ്രവർത്തകൻ. ജനകീയ സമരത്തിനായി നിയമകാര്യങ്ങളിലേക്കു തിരിഞ്ഞ പോൾ നിയമം പഠിക്കാൻ  ലോ കോളജിൽ ചേർന്നു. പഠനത്തിനു പണം കണ്ടെത്താൻ മറ്റൊരു കോളജിൽ രാത്രി സെക്യൂരിറ്റി ജോലിക്കും ചേർന്നു. 25 വർഷമായി എസ്‌യുസിഐ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായ പോൾ സംസ്ഥാന നേതാവുമാണ്.  ഇപ്പോൾ കോഴിക്കോട് ഗവ. ലോ കോളജിൽ ബിബിഎ–എൽഎൽബി ഒൻപതാം സെമസ്റ്റർ വിദ്യാർഥി.  രാത്രി മലബാർ ക്രിസ്ത്യൻ കോളജിൽ വാച്ച്മാൻ.

ആലപ്പുഴ  മാന്നാർ വള്ളക്കാലി തൊണ്ടുകരയിൽ ടി.പി.സാമുവലിന്റെയും ഏലിയാമ്മ സാമുവലിന്റെയും മകനായ പോൾ പരുമല പമ്പ ഡിബി കോളജിൽ 1993ൽ പ്രീഡിഗ്രി കഴിഞ്ഞ് മാവേലിക്കര ബിഷപ്‌ മൂർ കോളജിൽ ബിരുദത്തിനുചേർന്നു. അവിടെ എസ്‌യുസിഐയുടെ വിദ്യാർഥി വിഭാഗമായ എഐഡിഎസ്ഒയുടെ ശൈലിയിൽ ആകൃഷ്ടനായി. 12 പേർ മാത്രമുള്ള സംഘടന. ഇടതുപക്ഷ ആശയം.  പക്ഷേ, ഒരു പ്രതിഷേധപ്രകടനം നടത്തിയതിന് പ്രബല ഇടതുവിദ്യാർഥിസംഘടനക്കാർ  ഇവരെ തല്ലിച്ചതച്ചു. അതിനുശേഷമാണ് ഇടത് ആശയത്തെ ഗൗരവമായി കാണുന്നതും എസ്‌യുസിഐയുടെ പ്രവർത്തനം തുടങ്ങുന്നതും. ബിരുദം പൂർത്തിയാക്കാതെ 1996 മുതൽ എസ്‌യുസിഐയുടെ മുഴുവൻസമയ പ്രവർത്തകനായി. തിരുവനന്തപുരത്തും മറ്റുമായി പാർട്ടിപ്രവർത്തനം നടത്തിവന്ന പോളിനെ 2003ൽ കണ്ണൂരിലേക്ക് നിയമിച്ചു.

അക്കാലത്താണ് ദേശീയപാത 45 മീറ്ററാക്കുമ്പോൾ കുടിയിറക്കപ്പെടുന്നവർക്കുവേണ്ടി എസ്‌യുസിഐ സമരം തുടങ്ങിയത്. സ്ഥലം ഏറ്റെടുക്കലിന്റെയും മറ്റും നിയമവശങ്ങൾ പഠിച്ചെടുത്തു. എൽഎൽബിക്കു ചേർന്നാലോ എന്ന് ആലോചിക്കെ പാർട്ടി കോഴിക്കോട് ജില്ലയിലേക്കു നിയോഗിച്ചു. സംസ്ഥാനത്തെ ലോ കോളജുകളിലേക്കുള്ള പ്രവേശനപരീക്ഷയുടെ പരസ്യം കണ്ടപ്പോൾ ഒരു കൈ നോക്കാൻ തീരുമാനിച്ചു. 103–ാം റാങ്കു നേടി ഗവ. ലോ കോളജിൽ ചേർന്നു. 

പത്ത് സെമസ്റ്റർ കോഴ്സിന്റെ 9, 10 സെമസ്റ്ററുകളിൽ മൂട്ട് കോർട്ട് അടക്കമുള്ള കാര്യങ്ങൾക്ക് അധികപണം വേണം. സാമ്പത്തിക പ്രതിസന്ധിയുള്ള കോവിഡ് കാലമായതിനാൽ പാർട്ടിയെ ബുദ്ധിമുട്ടിക്കാനും കഴിയില്ല. അതുകൊണ്ട് വരുമാനത്തിനായി ജോലി തേടി.  ക്രിസ്ത്യൻ കോളജിൽ വാച്ച്മാനുമായി.  അവിവാഹിതനായ  പോളിന്റെ താമസം പാർട്ടി സെന്ററിലാണ്. വക്കീലായി പണമുണ്ടാക്കുകയെന്നത് ചിന്തയിലില്ല. കെ–റെയിൽ അടക്കമുള്ള ജനകീയപ്രശ്നങ്ങളിൽ പാർട്ടിക്കും പൊതുജനത്തിനും നിയമസേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com