ADVERTISEMENT

കോഴിക്കോട്∙ കല്ലായിപ്പുഴയ്ക്കടിയിലൂടെ, എസ്.കെ.പൊറ്റെക്കാട്ടിന്റെ സ്വന്തം അതിരാണിപ്പാടത്തിനടിയിലൂടെ ഒരു തുരങ്കമുണ്ടാക്കണമെന്ന് സിൽവർലൈൻ പദ്ധതി രൂപരേഖ; ഈ നിർദേശം എത്രമാത്രം പ്രായോഗികമാണെന്ന ചോദ്യം ബാക്കി. കോഴിക്കോട്ട് കടലിൽനിന്നു ശരാശരി ഒരു കിലോമീറ്റർ മാത്രം ദൂരത്തിലാണ് തുരങ്കം വരിക. കല്ലായിപ്പുഴ അറബിക്കടലിൽ ചേരുന്ന കോതി അഴിമുഖത്തുനിന്ന് ഒരു കിലോമീറ്ററോളം അകലത്തിലാണ് തുരങ്കം കുഴിക്കേണ്ടത്. ഇത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം പുഴയിലേക്കു കയറിയിറങ്ങുന്ന മേഖലയുമാണിത്. നിലവിൽ ഡിപിആർ പരിശോധിച്ചാൽ സിൽവർലൈൻ പാതയിൽ ഏറ്റവുമധികം ചെലവു വരിക കോഴിക്കോട്ടെ തുരങ്ക നിർമാണത്തിനായിരിക്കുമെന്നു വ്യക്തം.

ജില്ലയിൽ 7.9 കിലോമീറ്റർ നീളത്തിൽ തുരങ്കം

ജില്ലയിൽ ആകെ 7.9 കിലോമീറ്റർ നീളത്തിൽ തുരങ്കമുണ്ടാക്കാനാണ് പദ്ധതി രൂപരേഖ നിർദേശിച്ചിരിക്കുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനും ഭൂമിക്കടിയിൽ നിർമിക്കാനാണ് നിർദേശം. പന്നിയങ്കര മുതൽ കോഴിക്കോട് വരെയുള്ള തുരങ്കപാതയിലാണ് കല്ലായിപ്പുഴയും ഉൾപ്പെടുന്നത്. പന്നിയങ്കരയിൽനിന്ന് കല്ലായി റെയിൽവേ സ്റ്റേഷനു സമീപത്ത് നിലവിലുള്ള ഗുഡ്സ് വാഗൺ ട്രാക്കിനു പടിഞ്ഞാറുവശത്തു കൂടിയാണ് സിൽവർലൈൻ പാത കല്ലായിപ്പുഴയ്ക്കടിയിലേക്ക് പ്രവേശിക്കുന്നത്.

ഇതു പുഴകടന്നു വീണ്ടും ഭൂമിക്കടിയിലൂടെ നേരെ നിലവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറു വശത്തേക്കാണ് എത്തുന്നത്. ഈ ഭാഗത്ത് പാതയിൽ ഒരു ചെറിയ ചെരിവുമുണ്ടാകും. 200 മുതൽ 250 കിലോമീറ്റർ വരെ വേഗത്തിൽ വരുന്ന ട്രെയിനിന്റെ നിയന്ത്രണം ഉറപ്പാക്കുന്ന വിധമാവണം തുരങ്കത്തിന്റെ ചെരിവും രൂപഘടനയും വേണ്ടതെന്നും ഡിപിആറിൽ പറയുന്നു. കല്ലായിപ്പുഴയുടെ അടിത്തട്ടിൽനിന്ന് 12 മീറ്റർ ആഴത്തിൽ ചെല്ലുമ്പോഴാണ് തുരങ്കത്തിന്റെ മുകൾത്തട്ടിലെത്തുകയെന്ന് പദ്ധതി രൂപരേഖയിൽ പറയുന്നു. പുഴയുടെ അടിത്തട്ടിൽനിന്ന് 18 മീറ്റർ ആഴത്തിലായിരിക്കും റെയിൽപാത നിർമിക്കുക.

പഠിക്കണം മണ്ണിന്റെ ഘടന

എൻഎടിഎം രീതിയാണ് തുരങ്കനിർമാണത്തിനു പ്രധാനമായി ഉപയോഗിക്കാൻ ഡിപിആറിൽ നിർദേശിച്ചിരിക്കുന്നത്. കോഴിക്കോട്ടും കല്ലായിപ്പുഴയിലും മണ്ണിന്റെ ഘടന വിശദമായി പഠിച്ചശേഷം ടിബിഎം രീതി വേണോയെന്നു തീരുമാനിക്കാമെന്നും രൂപരേഖയിൽ പറയുന്നു. അനേകം വലിയ കെട്ടിടങ്ങളുടെ അടിത്തറകളും പൈലിങ്ങുകളും ഭൂമിക്കടിയിലുള്ളതിനാൽ അർബൻ ടണൽ രീതിയും ഉപയോഗിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്. തുരങ്കം നിർമിക്കാൻ ഏതു രീതിയാണ് പിന്തുടരേണ്ടതെന്ന കാര്യത്തിൽ വിശദമായ പഠനം നടത്തണമെന്നും ഡിപിആറിൽ പറയുന്നുണ്ട്. മണ്ണിന്റെ ഉറപ്പും ഘടനയും, മണലിന്റെയും ചെളിയുടെയും സാന്നിധ്യം ജലത്തിന്റെ ഒഴുക്ക് തുടങ്ങിയ വിവിധ കാര്യങ്ങളിൽ വിശദമായ പഠനം നടത്തിയശേഷം മാത്രമേ ഏതു തരത്തിലുള്ള തുരങ്കമാണുണ്ടാക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.

തുരങ്കനിർമാണം ഏതുരീതിയിൽ?

‘കട്ട് ആൻഡ് കവർ’ രീതിയുപയോഗിച്ചാണ് തുരങ്കം നിർമിക്കുക. ഒരേ സമയം വലിയ യന്ത്രമുപയോഗിച്ച് തുരങ്കമുണ്ടാക്കുകയും അതേസമയം തന്നെ കോൺക്രീറ്റിങ് നടത്തുകയുമാണ് ചെയ്യുക. കല്ലായിപ്പുഴയ്ക്കടിയിലൂടെ തുരങ്കം നിർമിക്കുന്നതിന് ന്യൂ ഓസ്ട്രിയൻ ടണലിങ് രീതി (എൻഎടിഎം), ടണൽ ബോറിങ് മെഷീൻ രീതി (ടിബിഎം) എന്നിവയിലേതെങ്കിലും ഉപയോഗിക്കണമെന്നാണ് ഡിപിആറിലെ നിർദേശം. സാധാരണയായി ടിബിഎം രീതിയാണ് തുരങ്കനിർമാണത്തിന് ഉപയോഗിക്കാറുള്ളത്. അഹമ്മദാബാദിൽ എൻഎടിഎം രീതിയും ഡൽഹിയിൽ ടിബിഎം രീതിയുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇതിൽ യോജ്യമായ രീതിയാണ് കോഴിക്കോട്ട് ഉപയോഗിക്കേണ്ടതെന്നുമാണ് നിർദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com