ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസിൽ മൃതദേഹ സാംപിളുകൾ വീണ്ടും  ഫൊറൻസിക് പരിശോധന നടത്തണമെന്ന  പ്രോസിക്യൂഷന്റെ അപേക്ഷയ്ക്കെതിരെ പ്രതിഭാഗം. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നു കാട്ടി പ്രതിഭാഗം എതിർസത്യവാങ്മൂലം സമർപ്പിച്ചു.

കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർതൃപിതാവ് ടോം തോമസ്, ഭർതൃമാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹ സാംപിളുകൾ ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കാനുള്ള അനുമതിക്കായി ഈ മാസം മൂന്നിന്  പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.  

കൊല്ലപ്പെട്ട ആറു പേരിൽ ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മറ്റ് 5 പേരുടെ  മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചെങ്കിലും സിലിയുടെ  മൃതദേഹ സാംപിളിൽ മാത്രമാണു  സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.  ഇതോടെയാണു ബാക്കി നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലേക്ക്  അയയ്ക്കാൻ കോടതിയിൽ അപേക്ഷ നൽകിയത്. 

കേസ് ഫെബ്രുവരി 23 ന് വീണ്ടും പരിഗണിക്കും. കൊലപാതക പരമ്പരയിലെ അഞ്ചു കേസുകളിൽ രണ്ടാം പ്രതിയായ എം.എസ്.മാത്യുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുഖ്യപ്രതിക്ക് സയനൈഡ് എത്തിച്ചു കൊടുത്തു എന്ന കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നുമായിരുന്നു  പ്രതിഭാഗത്തിന്റെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com