ADVERTISEMENT

കോഴിക്കോട്∙ റോഡിലേക്കിറക്കിയാൽ കുതിച്ചുപായുന്ന കിടിലനൊരു പോർഷ കരേര 911 കാർ. പക്ഷേ ഇപ്പോൾ ഉടമയുടെ ഓഫിസിന്റെ ചുമരിൽ കയറി ഇരിക്കുകയാണ്. കാറിന്റെ പുറംതോടുമാത്രമാണ് ചുമരിലുറപ്പിച്ചതെന്നു കരുതിയെങ്കിൽ തെറ്റി. എൻജിനും മറ്റു ഭാഗങ്ങളുമടക്കമാണ് കാറിനെ ഭിത്തിയിൽ കയറ്റിയത്. കോഴിക്കോട് രാമനാട്ടുകര ബൈപാസിൽ പാലാഴി ജംക്‌ഷനു സമീപം ‘ടീം തായ്’ ബിസിനസ് ഗ്രൂപ്പ് ഹെഡ് ഓഫിസിന്റെ ചുമരിലാണ് 2005 മോഡൽ പോർഷ കരേര കാർ ഇടംപിടിച്ചിരിക്കുന്നത്.

കാറുകളോടുള്ള പ്രണയത്തിനു പേരു കേട്ടയാളാണു ടീം തായ് ഉടമ ആഷിഖ് താഹിർ. 2010ലാണ് ആഷിഖ് ഈ കാർ സ്വന്തമാക്കിയത്. 12 വർഷത്തിനിടെ ഒരു ലക്ഷത്തിലേറെ കിലോമീറ്റർ ഓടി. പല തവണ രൂപഭാവങ്ങൾ മാറ്റിയിരുന്നു. കിടിലൻ മാർട്ടിനി റാപ് അടക്കമുള്ള മേക്കോവറുകൾ നടത്തി. അടുത്ത കാലത്തായി ആഷിഖ് പോർഷ ജിടിത്രീ കാറിലാണു യാത്ര. ഇതിനിടെ, ഇന്ത്യയിൽ 30 പീസുകൾ മാത്രം വിൽക്കാൻ ലക്ഷ്യമിട്ട് 911 ടർബോ എന്ന പുതിയ മോഡലും പോർഷ പുറത്തിറക്കിയിരുന്നു. അതിന്റെ ഭംഗി കണ്ടയുടനെ അതും ആഷിഖ് സ്വന്തമാക്കി.

എങ്കിലും തന്റെ ജീവിതത്തിന്റെ ഭാഗമായ കരേര 911 കാറിനെ പിരിയാൻ ആഷിഖിനു മനസ്സു വന്നില്ല. അങ്ങനെയാണ് എന്നും കണ്ടുകൊണ്ടിരിക്കാൻ ഓഫിസിന്റെ ചുമരിലുറപ്പിക്കാൻ തീരുമാനിച്ചത്. 2 ടൺ ഭാരമുള്ള കാറിനെ ഒരു കേടുംകൂടാതെ ചുമരിലുറപ്പിക്കുക എളുപ്പമായിരുന്നില്ല. എൻജിനീയർമാർ, ആർക്കിടെക്റ്റുകൾ തുടങ്ങി പലരുടെയും സേവനം തേടി.

പോർഷയുടെ കേരളത്തിലെ ഡീലറായ പോർഷ കൊച്ചിയും സഹായവുമായെത്തി. അഞ്ചു മാസത്തെ പ്രയത്നം കൊണ്ടാണ് കാർ ചുമരിലുറപ്പിച്ചത്. യാത്രാപ്രേമിയായ ആഷിഖ് ആമസോൺ പ്രൈം യുകെയ്ക്കു വേണ്ടി ദീപക് നരേന്ദ്രനുമായിച്ചേർന്ന് ‘കാർ ആൻഡ് കൺട്രി’ എന്ന കാർ ട്രാവൽ സീരീസ് നിർമിച്ചിട്ടുണ്ട്. 1986 മുതൽ രാജ്യത്തിനകത്തും പുറത്തും വ്യാപാര വാണിജ്യമേഖലകളിൽ ശ്രദ്ധേയരാണ് ‘ടീം തായ്’ ഗ്രൂപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com