ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് നിയന്ത്രണം കഴിഞ്ഞു സ്കൂളുകൾ പൂർണതോതിൽ തുറന്നെങ്കിലും സ്കൂളിലെത്താനും വീട്ടിലേക്കു മടങ്ങാനും ആവശ്യത്തിനു യാത്രാസൗകര്യമില്ലാതെ വിദ്യാർഥികൾ പെരുവഴിയിൽ. സ്വകാര്യ ബസുകളിൽ പലതും കോവിഡ് കാലത്ത് സർവീസ് നിർത്തിയതിനാൽ യാത്രാ പ്രശ്നം രൂക്ഷമാണ്. നികുതി അടയ്ക്കാൻ പറ്റാത്തതിനാലും കോവിഡ് കാലത്തു നിർത്തിയിട്ടു കേടായതിനാലുമാണു കുറേ ബസുകൾ സർവീസ് നിർത്തിയത്. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാർഥികളാണു ദുരിതത്തിലായത്. പല ബസുകാരും വിദ്യാർഥികളെ കയറ്റാൻ മടിക്കുന്നു. നിർത്തുന്ന ബസിൽ വിദ്യാർഥികൾ ഒന്നിച്ചു കയറുന്ന അവസ്ഥയാണ്. അതു കാരണം കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു തിങ്ങിനിറഞ്ഞു യാത്ര ചെയ്യേണ്ടി വരുന്നു.

സ്കൂൾ ബസുകൾ പലതും ഓടുന്നില്ല

വിദ്യാഭ്യാസ വർഷം അവസാനിക്കാൻ ഇനി ഒരു മാസം കൂടിയേ ഉള്ളൂ എന്നതിനാൽ പല സ്കൂൾ ബസുകളും ഇത്തവണ ഓടിക്കുന്നില്ല. ഇനി അടുത്ത വർഷം ബസ് മതി എന്ന നിലപാടിലാണു പല രക്ഷിതാക്കളും. കുട്ടികൾ കുറഞ്ഞതിനാൽ ബസ് ഓടിക്കേണ്ട എന്ന നിലപാടിൽ സ്കൂളുകാരും എത്തി. ചില സ്കൂൾ ബസുകൾ കോവിഡ് കാലത്തു നിർത്തിയിട്ടതു കൊണ്ടുണ്ടായ കേടുപാടുകൾ തീർക്കാൻ കഴിഞ്ഞിട്ടുമില്ല. ഓട്ടോറിക്ഷ, വാൻ തുടങ്ങിയ ചെറിയ വാഹനങ്ങളും ഇപ്പോൾ കുട്ടികളെ കൊണ്ടു പോകുന്ന സർവീസ് നിർത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് അവരിൽ പലരും വാഹനം വിറ്റു. ചിലർ മറ്റു സർവീസുകൾ സ്ഥിരമായി ഏറ്റെടുത്തു. ഇത്തരം വാഹനങ്ങളിൽ പോയിരുന്ന വിദ്യാർഥികളിൽ വലിയ ശതമാനം ഇപ്പോൾ സ്വകാര്യ ബസ് സർവീസിനെയാണ് ആശ്രയിക്കുന്നത്.

വിദ്യാർഥികളെ വരി നിർത്തുന്നു

ബസ് സ്റ്റാൻഡിൽ വിദ്യാർഥികളെ ഡോറിനു പുറത്തു വരി നിർത്തുന്ന രീതി ചില ബസ് ജീവനക്കാർ തുടരുന്നുണ്ട്. മറ്റു യാത്രക്കാർ കയറി ബസ് പുറപ്പെടാൻ നേരത്തു മാത്രമാണു വിദ്യാർഥികളെ കയറ്റുക. വരി നിൽക്കുന്ന മുഴുവൻ കുട്ടികളും കയറുന്നതിനു മുൻപേ ബസ് പുറപ്പെടുകയും ചെയ്യും. വിദ്യാർഥികൾ പിന്നീട് അടുത്ത ബസിന്റെ കവാടത്തിനടുത്തു വരി നിൽക്കണം. അങ്ങനെ പല ബസുകൾക്കു മുൻപിൽ കാത്തുനിൽക്കേണ്ടി വരുന്നു. വിദ്യാർഥികൾ കയറുന്നതിനിടെ ബസ് പുറപ്പെടുന്നത് അപകടസാധ്യതയുണ്ടാക്കുന്നുമുണ്ട്. പൊലീസാകട്ടെ കാര്യമായി ഇടപെടുന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com