വടകര∙ പ്രമുഖ ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ ‘തിരഞ്ഞെടുക്കപ്പെട്ട കസ്റ്റമർക്ക്’ സ്ക്രാച്ച് ആൻഡ് വിൻ കാർഡ് അയച്ച് അതിൽ ലക്ഷങ്ങൾ സമ്മാനം ലഭിച്ചതായി കാണിച്ചു തട്ടിപ്പ്. സ്വന്തം വിലാസത്തിൽ വരുന്ന കവറിലെ കാർഡ് ചുരണ്ടി നോക്കുമ്പോഴാണ് സമ്മാനം ലഭിച്ചതായി അറിയുക. സമ്മാനത്തുക ലഭിക്കുന്നതിന് ആർബിഐ നിർദേശപ്രകാരമുള്ള ടിഡിഎസ് നൽകണമെന്നും ആ തുക അവർ പറയുന്ന അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നുമാണ് ആവശ്യം. സമ്മാനത്തുകയുമായി തട്ടിച്ചു നോക്കുമ്പോൾ അയയ്ക്കാൻ ആവശ്യപ്പെട്ടത് ചെറിയ തുകയല്ലേ എന്നു കരുതുന്നവരാണ് തട്ടിപ്പിൽ വീണുപോകുന്നത്.
വടകര നാരായണ നഗറിലെ അമ്പാടി അപ്പാർട്മെന്റിൽ താമസിക്കുന്ന ശശിധരൻ മുല്ലേരിക്ക് 12,80,000 രൂപ സമ്മാനം ലഭിച്ച സ്ക്രാച്ച് ആൻഡ് വിൻ കാർഡ് ആണ് ലഭിച്ചത്. ഓൺലൈൻ മാർക്കറ്റിങ് കമ്പനി മുഖേന സ്ഥിരമായി സാധനങ്ങൾ ഓർഡർ ചെയ്യുന്നതിനാൽ തുടക്കത്തിൽ സംശയിച്ചില്ല. ഈ തുകയുടെ 4% ടിഡിഎസ് നൽകിയാൽ മാത്രമേ സമ്മാനത്തുക ലഭിക്കുകയുള്ളൂവെന്നാണ് അനുജ് കുമാർ നൊയ്ഡ എന്ന വിലാസത്തിൽ അയച്ച കത്തിലെ ആവശ്യം. തുകയിൽ 3% കമ്പനി നൽകുമെന്നും ബാക്കി വരുന്ന 12,800 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നുമാണ് ആവശ്യം. ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു സമ്മാന പദ്ധതി അവർക്ക് ഇല്ലെന്നാണ് അറിയിച്ചത്.
കമ്പനിയുടെ കൊൽക്കത്തയിലെ ഫിനാൻസ് ഓഫിസിൽനിന്ന് വിജയകുമാർ എന്ന് പരിചയപ്പെടുത്തിയ ആളാണ് കാര്യങ്ങൾ വിശദീകരിച്ചത്. മലയാളത്തിലാണ് സംസാരം. ഓൺലൈൻ കമ്പനിയുടെ 13–ാം വാർഷികം പ്രമാണിച്ചാണ് സമ്മാനം ഏർപ്പെടുത്തിയതെന്നും മികച്ച കസ്റ്റമർ ആയതിനാലാണ് താങ്കൾക്ക് സ്ക്രാച്ച് ആൻഡ് വിൻ കാർഡ് അയച്ചതെന്നുമാണ് വിശദീകരണം. തട്ടിപ്പു മനസ്സിലായ ശേഷം കൂടുതൽ വിവരങ്ങൾക്കായി പിന്നീടു വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് ഫോൺ. എളുപ്പം വിശ്വസിച്ചേക്കാവുന്ന ഇത്തരം തട്ടിപ്പിന് ഇരയാവാതിരിക്കാൻ സൈബർ സെല്ലിൽ പരാതി നൽകാനാണ് ശശിധരൻ മുല്ലേരിയുടെ തീരുമാനം.