പയ്യോളി ∙ മൂരാട് പുഴയിൽ അഴിമുഖത്ത് ‘കയറുമ്മക്കായ’ കൃഷിയിൽ നൂറുമേനി വിളയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം. ആധുനിക സാങ്കേതിക വിദ്യയിലൂടെയാണു കല്ലുമ്മക്കായ കൃഷിയിൽ (പച്ചക്കക്കക്കൃഷി) മുന്നേറ്റത്തിനു വഴിയൊരുക്കിയത്. മെച്ചപ്പെട്ട വളർച്ചയും വിളവും ലഭ്യമാകുന്നതിനു കയറിൽ കല്ലുമ്മക്കായ (കടുക്ക) വിത്തു പിടിപ്പിച്ചാണു ജലക്കൃഷിയിൽ വേറിട്ട രീതി പരീക്ഷിച്ചു വിജയിപ്പിച്ചത്.
നിക്ര പദ്ധതിയിൽ പട്ടികജാതി വിഭാഗത്തിന് ഉപപദ്ധതിയിൽ പെടുത്തി 6 അംഗങ്ങൾ വീതമുള്ള രണ്ടു ഗ്രൂപ്പാണു മൂരാട് അഴിമുഖത്ത് കയറുമ്മക്കായ കൃഷി ഇറക്കിയത്. കയറിൽ ചിപ്പി (കടുക്ക വിത്ത്) വിതയ്ക്കുന്നതിലും മുള റാക്കുകളുടെ നിർമാണത്തിലും ഗ്രൂപ്പുകൾക്കു നേരത്തേ പരിശീലനം നൽകിയിരുന്നു. ഓരോ റാക്കിലും 100 കടുക്ക കയർ ഉണ്ടായിരുന്നു. വിത്തുവിതച്ച് 5 മാസം പൂർത്തിയായപ്പോൾ വിളവെടുപ്പ് നടത്തി. ഓരോ കയറിലും 4 കിലോ വീതം കടുക്ക വീതം ഉണ്ടായിരുന്നു. കിലോയ്ക്ക് 250 രൂപയാണു വില.
വിളവെടുപ്പ് ചടങ്ങിൽ ഐസിഎആർ – സിഎംഎഫ്ആർഐ ജില്ലാ പിഎസ് ആൻഡ് സയന്റിസ്റ്റ് ഡോ.പി.കെ.അശോകൻ, പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ഡോ.കെ. വിനോദ്, ചീഫ് ടെക്നിക്കൽ ഓഫിസർ കുഞ്ഞിക്കോയ, വി.എ. ശ്രീമതി, പി.കെ. ആതിര എന്നിവർ നേതൃത്വം നൽകി.