കൃഷിയിടങ്ങളിൽ എത്തിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്കു തുരത്തി

വിലങ്ങാട് വായാട് മേഖലയിൽ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ച നിലയിൽ.
SHARE

നാദാപുരം ∙ വളയം ആയോട് മലയിൽ ദിവസങ്ങളായി ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റാനുള്ള വനപാലകരുടെ ദൗത്യം വിജയിച്ചു. വാണിമേൽ പഞ്ചായത്തിനോടു ചേർന്നുള്ള ചിറ്റാരിക്കു സമീപത്തെ എടപ്പക്കാവ് ഭാഗത്ത് കണ്ടെത്തിയ കൊമ്പൻ അടക്കമുള്ള 4 ആനകളെ വൈകിട്ടോടെ റബർ ബുള്ളറ്റ് പ്രയോഗിച്ച് കാട്ടിലേക്കു കയറ്റി. താമരശ്ശേരിയിൽ നിന്നു വനം വകുപ്പിന്റെ ദ്രുതകർമ സേന രാവിലെയാണ് എത്തിയത്.

കനത്ത മഴയ്ക്കിടയിൽ തിരച്ചിൽ നടത്തിയെങ്കിലും വൈകിട്ടു വരെ ആനകളെ കണ്ടെത്താനായില്ല. പിന്നീട് ആനക്കൂട്ടത്തെ കണ്ടെത്തി വെടിയുതിർത്തു. വനഭൂമിയും കൃഷിഭൂമിയും തമ്മിൽ വേർതിരിവ് ഇല്ലാത്തതിനാൽ ഏതുസമയവും ആനക്കൂട്ടം തിരികെയെത്തുമെന്ന ആശങ്കയുണ്ട്. കണ്ണവം വനത്തിൽ നിന്നാണ് കുട്ടിയാനകൾ അടക്കം നാട്ടിലേക്ക് ഇറങ്ങുന്നത്. വിലങ്ങാട്ടെ വായാട് മേഖലയിൽ ഇരുപതോളം കർഷകരുടെ ഭൂമിയിൽ കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രിയിലും കൃഷിനാശം വരുത്തി.

ചക്കയും മാങ്ങയും ധാരാളമായി പഴുത്തു തുടങ്ങിയതോടെ ഇവ ഭക്ഷിക്കാനാണ് ആനക്കൂട്ടം എത്തുന്നതെങ്കിലും വിളകളും വ്യാപകമായി നശിപ്പിക്കുന്നു. കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുന്നതിനാൽ കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. മഴയ്ക്കിടയിൽ ആനകളെ തുരത്താൻ കാര്യമായൊന്നും ചെയ്യാൻ കഴിയാതെ നിസ്സഹായവസ്ഥയിലാണ് വനം അധികൃതർ. വിലങ്ങാട് ടൗണിന്റെ ഒരു കിലോമീറ്റർ അകലെ വരെ ആനയെത്തിയിരുന്നു. കണിരാഗത്ത് അപ്പച്ചൻ, തങ്കച്ചൻ, കാവിലുമ്പാറ അമ്മദ്, കൃഷ്ണൻ, വാളാംതോട് സൂപ്പി തുടങ്ങിയവർക്ക് വൻ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇരുപതിലേറെ കർഷകരുടെ കൃഷിസ്ഥലമാണ് തകർത്തത്. 

വനം വകുപ്പ് അധികൃതരാരും ഈ മേഖലയിൽ സന്ദർശിക്കുക പോലും ചെയ്തില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി. വളയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഡിഎഫ്ഒയുമായി സംസാരിച്ചതിനെ തുടർന്നാണ് താമരശ്ശേരിയിൽ നിന്ന് സെക്‌‌ഷൻ ഫോറസ്റ്റർ പി.രാജീവ്, വാച്ചർമാരായ പി.വി.ദിനേഷ്കുമാർ, കെ.കരീം തുടങ്ങിയവരുടെ നേതൃത്വത്തിൽ ദ്രുതകർമ സേന എത്തിയത്. വിലങ്ങാട് വനം ഓഫിസിൽ നിന്നുള്ള ഓഫിസർ കെ.സുരേഷ്, അർജുൻ രാജ്, സി.മനോജ് തുടങ്ങിയവരും സംഘത്തോടൊപ്പം ചേർന്നു. കുറ്റ്യാടി വനം ഓഫിസർ അബ്ദുല്ല കുഞ്ഞിപ്പറമ്പത്ത് അടക്കമുള്ളവരും എത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA