കോഴിക്കോട്∙ രാവിലെ പെയ്ത പെരുമഴയിൽ നഗരം കടലായി. തുടർച്ചയായി മൂന്നാംദിവസവും മഴ കനത്തുപെയ്തതോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായത്.സ്റ്റേഡിയം ജംക്‌ഷൻ മുതൽ മാവൂർ റോഡ് ജംക്‌ഷൻ വരെ രാജാജി റോഡിന്റെ ഒരു വശം മുഴുവൻ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾ ദുരിതത്തിലായി. സ്റ്റേഡിയം ജംക്‌ഷൻ മുതൽ ചിന്താവളപ്പ് വരെയുള്ള റാംമോഹൻ റോഡിൽ പതിവുപോലെ മുട്ടറ്റം വെള്ളംകയറി.
ചീറിപ്പാഞ്ഞുവരുന്ന സ്കൂട്ടറുകളും ബൈക്കുകളും വെള്ളം കയറിതിനെത്തുടർന്ന് നിന്നുപോവാൻ തുടങ്ങി. ഈ വണ്ടികൾ തള്ളിനീക്കിയാണ് ഒരുവിധത്തിൽ കരയ്ക്കെത്തിച്ചത്. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനു മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനൽ മുതൽ പുതിയ സ്റ്റാൻഡിലെ സിഗ്നൽ വരെയുള്ള ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ കോട്ടൂളി പട്ടേരി ഭാഗത്ത് മാവൂർ റോഡിന്റെ ഒരു വശത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും കടകളിലേക്ക് വെള്ളം കയറുകയും ചെയ്തു. ജാഫർഖാൻ കോളനി റോഡിലും കലുങ്ക് പണി നടക്കുന്നതിനു സമീപത്ത് വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
വയനാട് റോഡിൽ മലബാർ ക്രിസ്ത്യൻ കോളജ് ജംക്‌ഷനിൽ ഓവുചാലുകൾ നിറഞ്ഞുകവിഞ്ഞ് റോഡിലൂടെ വെള്ളമൊഴുകി. ഇതോടെ തെർമോകോളുകളും ഹെൽമറ്റും ചെരുപ്പുകളുമടക്കമുള്ള മാലിന്യക്കൂമ്പാരം റോഡിലേക്ക് ഒഴുകിയെത്തി. ഇത് റോഡിനുകുറുകെ ഒഴുകിപ്പരക്കുകയും ചെയ്തു.മഴയിൽ മാനാഞ്ചിറ ട്രഷറിക്കു മുൻവശത്തേതടക്കമുള്ള ട്രാൻസ്ഫോമറുകൾ പൊട്ടുകയും ചീറ്റുകയും ചെയ്തതോടെ നഗരത്തിൽ പലയിടത്തും വൈദ്യുതിയും മുടങ്ങി.