സ്ത്രീയുടെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന സംശയത്തിൽ കല്ലാച്ചി മാർക്കറ്റ് അടപ്പിച്ചു

വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നാണെന്ന സംശയത്തിൽ ഇവരുടെ വീട്ടിലേക്ക് ചെമ്മീൻ വാങ്ങിച്ച കല്ലാച്ചിയിലെ മത്സ്യ മാർക്കറ്റ് പൂട്ടുന്നതിന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ്ബാബു എന്നിവർ മത്സ്യ വിൽപനക്കാർക്ക് നിർദേശം നൽകുന്നു.
വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നാണെന്ന സംശയത്തിൽ ഇവരുടെ വീട്ടിലേക്ക് ചെമ്മീൻ വാങ്ങിച്ച കല്ലാച്ചിയിലെ മത്സ്യ മാർക്കറ്റ് പൂട്ടുന്നതിന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ്ബാബു എന്നിവർ മത്സ്യ വിൽപനക്കാർക്ക് നിർദേശം നൽകുന്നു.
SHARE

നാദാപുരം∙ കാലു കുത്താൻ കഴിയാത്ത വിധം മാലിന്യം നിറഞ്ഞ കല്ലാച്ചി മത്സ്യ മാർക്കറ്റിൽ നിന്നു ചെമ്മീൻ വാങ്ങി കറി വച്ചു കഴിച്ച വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നാണ് എന്ന സംശയത്തെ തുടർന്ന് മാർക്കറ്റിലെ എല്ലാ സ്റ്റാളുകളും പഞ്ചായത്ത് പൂട്ടിച്ചു. ചിയ്യൂരിലെ കരിമ്പാലങ്കണ്ടി മൊയ്തു ഹാജിയുടെ ഭാര്യ ചാലിൽ താഴെക്കുനി സുലൈഹ(44) ആണ്  മരിച്ചത്. വടകര സഹകരണ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തും മുൻപ്  മരിച്ചതിനാൽ പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് മൃതദേഹം വിട്ടു കൊടുത്തത്. കബറടക്കം നടത്തി. മരണ കാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകണമെങ്കിലും സംശയത്തെ തുടർന്നാണ് മാർക്കറ്റ് പൂട്ടിച്ചത്. 

അഴുക്കുചാൽ ശുചീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മാർക്കറ്റിലെ ശുചീകരണത്തെ ബാധിച്ചതിനാൽ മാർക്കറ്റിനകത്തും പുറത്തുമുള്ള സ്റ്റാളുകൾ പ്രവർത്തിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് ആരോഗ്യ വകുപ്പ് നോട്ടിസ് നൽകിയിരുന്നെങ്കിലും സ്റ്റാളുകളൊന്നും പൂട്ടിയിരുന്നില്ല. അറ്റകുറ്റപ്പണി നടക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു സ്റ്റാളുകൾ പൂട്ടാതിരുന്നത്. സുലൈഹയുടെ മരണത്തെ തുടർന്നു ചേർന്ന യോഗമാണ് സ്റ്റാളുകൾ പൂട്ടാൻ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാർക്കറ്റ് പൂട്ടുന്നത് ഒട്ടേറെപേരെ ബാധിക്കുമെന്ന ആശങ്ക തൊഴിലാളികൾ പ്രകടിപ്പിച്ചെങ്കിലും സ്ത്രീ മരിക്കാൻ ഇടയായ സംഭവം സംബന്ധിച്ച റിപ്പോർട്ട് പുറത്തു വരുംവരെ സഹകരിക്കണമെന്ന നിർദേശം എല്ലാവരും സ്വീകരിക്കുകയായിരുന്നു. 

ജനപ്രതിനിധികൾ, ആശാവർക്കർമാർ, ആരോഗ്യ വകുപ്പ് അധികൃതർ, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ബോധവൽക്കരണം നടത്തും.  സ്ത്രീ മരിച്ച ആറാം വാർഡിൽ റാലി നടത്തും. സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, എച്ച്ഐമാരായ സുരേന്ദ്രൻ കല്ലേരി, കെ.സതീഷ്ബാബു, സ്ഥിരം സമിതി അധ്യക്ഷരായ സി.കെ.നാസർ, എം.സി.സുബൈർ, ജനീദ ഫിർദൗസ് തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA