ADVERTISEMENT

കോഴിക്കോട് ∙ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് 8 വർഷം മുൻപ് നഗരത്തിൽ ആരംഭിച്ച ഷീ ടാക്സികൾ ലക്ഷ്യം കാണാതെ പൂർണമായും ഓട്ടം അവസാനിപ്പിച്ചു. താമസിക്കുന്ന വീടും പറമ്പും ഈടു നൽകി വായ്പയെടുത്തു കാറുകൾ വാങ്ങിയ ഷീ ടാക്സി ഡ്രൈവർമാർ ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം വിശ്വസിച്ചു സംസ്ഥാന വനിത വികസന കോർപറേഷൻ വഴിയാണ് കാറുകൾ വാങ്ങിയത്.

സ്ത്രീകൾക്കു സുരക്ഷിതമായി യാത്ര ചെയ്യാൻ സ്ത്രീകൾ ഓടിക്കുന്ന ടാക്സികൾ എന്ന അവകാശവാദവുമായി 2014ൽ ആണ് കോഴിക്കോട്ട് ഷീ ടാക്സികൾ സർവീസ് ആരംഭിച്ചത്. 4 ഷീ ടാക്സികളായിരുന്നു ഉണ്ടായിരുന്നത്. ഒരാൾ അകാലത്തിൽ മരിച്ചു. മറ്റൊരാൾ സാമ്പത്തിക പ്രയാസത്തിൽപെട്ട് വാഹനം വിറ്റു. മറ്റു രണ്ടു പേരാകട്ടെ ഷീ ടാക്സിയുടെ നിറമെല്ലാം മാറ്റി സാധാരണ ടാക്സിയാക്കി, വല്ലപ്പോഴും ലഭിക്കുന്ന ഓട്ടവുമായി കഴിയുന്നു.

9 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് സംസ്ഥാന വനിത വികസന കോർപറേഷൻ വായ്പയായി നൽകിയത്. കോഴിക്കോട്ടെ സർക്കാർ ഓഫിസുകളിലേക്ക് ടാക്സി വിളിക്കുമ്പോൾ ഷീ ടാക്സികൾക്കു പ്രത്യേക പരിഗണന നൽകുമെന്നും പൊതുമേഖല സ്ഥാപനങ്ങളിലേക്കു ടാക്സികൾ വിളിക്കുമ്പോഴും ഷീ ടാക്സികൾക്കായിരിക്കും മുന്തിയ പരിഗണനയെന്നുമായിരുന്നു സർക്കാർ വാഗ്ദാനം. തിരുവനന്തപുരം കേന്ദ്രമായുള്ള കോൾ സെന്ററിന്റെ കെടുകാര്യസ്ഥത കൂടിയായപ്പോൾ ഷീ ടാക്സി ആവശ്യമുള്ളവർക്കു പോലും ലഭിക്കാത്ത അവസ്ഥയായി.

മാസത്തിൽ ചുരുങ്ങിയത് ഒരു ഷീ ടാക്സിക്ക് 60,000 രൂപയെങ്കിലും വരുമാനം ലഭിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ മാസത്തിൽ 5000 രൂപ പോലും ലഭിക്കാതായതോടെ ഷീ ടാക്സി ഡ്രൈവർമാരുടെ വായ്പ തിരിച്ചടവ് മുടങ്ങുകയും അവർ ജോലി തന്നെ അവസാനിപ്പിക്കുന്ന അവസ്ഥയുമായി. 

വായ്പയിൽ 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ തിരിച്ചടച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ പലിശയും പിഴ പലിശയും ചേർത്ത് ഏതാണ്ട് എടുത്ത തുകയുടെ അത്രതന്നെ ബാക്കിയുണ്ട്. 

ഡ്രൈവർമാരിൽ മരിച്ച സ്ത്രീയുടെ കാർ നികുതിയും ഇൻഷുറൻസും ഒന്നും അടയ്ക്കാതെ ഉപയോഗശൂന്യമായി കിടക്കുകയാണ്. മറ്റുള്ളവർക്ക് വനിത വികസന കോർപറേഷനിൽ നിന്നു നിരന്തരം ജപ്തി നോട്ടിസ് വന്നുകൊണ്ടിരിക്കുന്നു. പലിശ ഒഴിവാക്കിത്തരണമെന്ന അപേക്ഷകളൊന്നും സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഇവരെ ഷീ ടാക്സിയിലേക്കു നയിച്ചവർ കേൾക്കുന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com